ഫണ്ട് മുടങ്ങി: സ്പെഷ്യൽ സ്കൂളുകൾ പ്രതിസന്ധിയിൽ കുട്ടികളുടെ പരിശീലനത്തെ ബാധിക്കും
മലപ്പുറം: സർക്കാർ ഫണ്ട് മുടങ്ങിയതോടെ കാൽലക്ഷത്തോളം കുട്ടികൾ പഠിക്കുന്ന 314 സ്പെഷ്യൽ സ്കൂളുകളുടെ പ്രവർത്തനം പ്രതിസന്ധിയിൽ. 60 കോടിയാണ് നൽകാനുള്ളത്. 5,200ഓളം അദ്ധ്യാപകർക്കും ആയമാർക്കുമടക്കം മാസങ്ങളായി ശമ്പളം നൽകാനാകുന്നില്ല. സ്കൂളുകളുടെ മറ്റു പ്രവർത്തനങ്ങളും മുടങ്ങുന്ന സ്ഥിതിയിലെത്തി. കുട്ടികളുടെ പരിശീലനത്തെയടക്കം ഇത് ബാധിക്കും. മിക്ക സ്കൂളുകളും കുട്ടികളിൽ നിന്ന് ഫീസ് വാങ്ങുന്നില്ല.
എൻ.ജി.ഒകളും സംഘടനകളും നടത്തുന്ന സ്കൂളുകൾക്ക് ഫണ്ട് അനുവദിക്കുന്നത് പൊതുവിദ്യാഭ്യാസ വകുപ്പാണ്. സ്കൂളുകൾക്കുള്ള ഗ്രാന്റ്, അദ്ധ്യാപകർക്കുള്ള ഓണറേറിയം എന്നിവയ്ക്കുള്ള അപേക്ഷ ജൂണിൽ ക്ഷണിച്ച് ആദ്യ ഗഡു സെപ്തംബറിലും രണ്ടാംഗഡു മാർച്ചിലുമാണ് നൽകുന്നത്. ഇത്തവണ ഇതുവരെ അപേക്ഷ ക്ഷണിച്ചിട്ടില്ല.
എസ്.എസ് പോർട്ടൽ വഴി സ്കൂൾ, ജീവനക്കാർ, കുട്ടികളുടെ വിശദ വിവരങ്ങളടക്കം സമർപ്പിച്ചശേഷം വിദ്യാഭ്യാസ വകുപ്പ് പരിശോധന നടത്തിയാണ് ഫണ്ട് അനുവദിക്കുക. ഇനി അപേക്ഷ ക്ഷണിച്ചാലും ഫണ്ട് അനുവദിക്കുന്നത് വൈകാനാണ് സാദ്ധ്യത.
അദ്ധ്യാപകർക്ക്
അധികജോലി
ടോയ്ലെറ്റ് ട്രെയിനിംഗ്, ടൂത്ത് ബ്രഷിംഗ്, കുളിക്കൽ, ഡ്രസിംഗ് ഉൾപ്പെടെ ദൈനംദിന കാര്യങ്ങളെല്ലാം അദ്ധ്യാപകർ കുട്ടികളെ പഠിപ്പിക്കണം. പഠനത്തിന് പ്രത്യേക സിലബസുണ്ട്. എട്ട് പേർക്ക് ഒരു അദ്ധ്യാപകൻ എന്നാണ് കണക്ക്. ഒരു കുട്ടി കുറഞ്ഞാൽപോലും തസ്തിക നഷ്ടപ്പെടും. അങ്ങനെവന്നാൽ മറ്റ് അദ്ധ്യാപകർ അധിക ചുമതല ഏറ്റെടുക്കണം. ഓരോ കുട്ടിയും വ്യത്യസ്ത മാനസിക, ശാരീരികാവസ്ഥയിൽ ഉള്ളവരായതിനാൽ വളരെ ശ്രദ്ധയോടെവേണം ഇവരെ പരിചരിക്കാൻ. ഒരു അദ്ധ്യാപകന്റെ കീഴിൽ കുട്ടികളുടെ എണ്ണം കൂടിയാൽ കാര്യമായ ശ്രദ്ധ നൽകാനാവില്ല.
28,000- 32,000 രൂപ
അദ്ധ്യാപകരുടെ ശമ്പളം
18,790 രൂപ
ആയമാരുടെ ശമ്പളം
”നിർദ്ധന കുടുംബങ്ങളിൽ നിന്നുള്ള കുട്ടികളാണ് നല്ലൊരു പങ്കും. ബഡ്സ് സ്കൂളുകൾക്ക് പഞ്ചായത്തുവഴി ഫണ്ട് അനുവദിക്കുന്ന രീതി സ്പെഷ്യൽ സ്കൂളുകൾക്കും നടപ്പാക്കണം.
-സിസ്റ്റർ അൽഫോൺസ,
പ്രിൻസിപ്പൽ,
ചുങ്കത്തറ മദർ വെറോണിക്ക സ്കൂൾ
10 സേവനങ്ങൾ ഓൺലൈനാക്കി
കേരള സർവകലാശാല
തിരുവനന്തപുരം: വിദ്യാർത്ഥികൾക്കുള്ള പത്ത് സേവനങ്ങൾ ഓൺലൈനാക്കി കേരള സർവകലാശാല. വിവിധ സർട്ടിഫിക്കറ്റുകൾ ഓൺലൈനിൽ അപേക്ഷിച്ചാൽ ഡിജിറ്റൽ ഒപ്പ് സഹിതം ഇ-മെയിലിൽ അയച്ചു നൽകും. ഇവ ഡൗൺലോഡ് ചെയ്ത് പ്രിന്റെടുത്ത് ഉപയോഗിക്കാം. മീഡിയം ഒഫ് ഇൻസ്ട്രക്ഷൻ, മൈഗ്രേഷൻ സർട്ടിഫിക്കറ്റ്, പ്രോഗ്രാം ക്യാൻസലേഷൻ, ടി.സി, കോളേജ് ട്രാൻസ്ഫർ, എലിജിബിലിറ്റി സർട്ടിഫിക്കറ്റ്, അഫിലിയേഷൻ സർട്ടിഫിക്കറ്റ്- വിദ്യാർത്ഥികൾക്കുള്ളത്, ട്രാൻസ്ക്രിപ്റ്റ് ഒഫ് മാർക്സ്, പ്രോഗ്രാം ഡ്യൂറേഷൻ സർട്ടിഫിക്കറ്റുകളാണ് ഓൺലൈനായി ലഭിക്കുക. www.myapplications, keralauniversity.ac.in പോർട്ടലുകളിൽ അപേക്ഷിക്കണം. നേരിട്ടും ഓൺലൈനിലും അപേക്ഷ സ്വീകരിക്കും. 30നു ശേഷം ഓൺലൈൻ അപേക്ഷ മാത്രമേ ഉണ്ടാവൂ.
Source link