ചക്രവാതച്ചുഴിയും ന്യൂനമർദ്ദവും; കേരളത്തിൽ അടുത്ത അ‌ഞ്ച് ദിവസം മഴ ശക്തമാകും, തമിഴ്‌നാട്ടിനും മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് തലസ്ഥാനം അടക്കം മൂന്ന് ജില്ലകൾക്ക് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകൾക്കാണ് യെല്ലോ അലർട്ട് നൽകിയിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

ലക്ഷദ്വീപിന് മുകളിലായി ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നു. അടുത്ത 24 മണിക്കൂറിനുള്ളിൽ പടിഞ്ഞാറ് ദിശയിൽ നീങ്ങി ദുർബലമാകാൻ സാദ്ധ്യതയുണ്ട്. ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദത്തിന് സാദ്ധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് നിരീക്ഷിക്കുന്നു. തെക്കൻ ആൻഡമാൻ കടലിന് മുകളിൽ ചക്രവാതച്ചുഴി രൂപപ്പെട്ടു. നാളെയോടെ ന്യൂനമർദ്ദമായി മാറും. തുടർന്ന് ശക്തി പ്രാപിച്ച് 48 മണിക്കൂറിൽ തമിഴ്നാട് തീരത്തേക്ക് നീങ്ങാൻ സാദ്ധ്യതയുണ്ട്. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. കേരള – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

കേരളത്തിനൊപ്പം തമിഴ്‌നാടും വരുംദിവസങ്ങളിൽ ശക്തമായ മഴ പ്രതീക്ഷിക്കുന്നുണ്ട്. ഡിസംബർ 15ഓടെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) പ്രവചിച്ചതോടെ തമിഴ്‌നാട്ടിലും വരും ദിവസങ്ങളിൽ മഴ കടുക്കുമെന്നാണ് വിലയിരുത്തൽ. ന്യൂനമർദ്ദം പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് തമിഴ്‌നാട് തീരം ലക്ഷ്യമാക്കി നീങ്ങുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ അടുത്ത ആഴ്ച്ച പകുതിയോടെ മഴ ശക്തമാകുമെന്നാണ് കണക്കുകൂട്ടൽ. ഡിസംബർ 17ന് തമിഴ്‌നാട്ടിലെ 10 തീരദേശ ജില്ലകളിൽ മഞ്ഞ അലർട്ട് നൽകിയിട്ടുണ്ട്.


Source link
Exit mobile version