ശിവഗിരി തീർത്ഥാടന കാലത്തിന് നാളെ തുടക്കം

ശിവഗിരി: ഗുരുദേവ ദർശന മഹത്വം വത്തിക്കാനിലും സമാദരിക്കപ്പെട്ടതിന് പിന്നാലെ, 92-ാമത് ശിവഗിരി തീർത്ഥാടനത്തിന് മുന്നോടിയായുള്ള തീർത്ഥാടന കാലത്തിന് നാളെ തുടക്കം. മഹാസമാധിയും ശാരദാമഠവും വലംവച്ചു വണങ്ങി ആത്മസായുജ്യം നേടാൻ ലോകമെമ്പാടുമുള്ള ഗുരുഭക്തർ ഇനി ശിവഗിരിയിലേക്ക് ഒഴുകും.
ഡിസംബർ 29 വരെയാണ് തീർത്ഥാടനകാലം. ഡിസംബർ 30, 31, ജനുവരി ഒന്ന് തീയതികളിൽ ശിവഗിരി തീർത്ഥാടന മഹാമഹവും. തീർത്ഥാടന സമ്മേളനത്തിലേക്ക് ഉപരാഷ്ട്രപതി ജഗ്‌ദീപ്ധൻകറെ ശിവഗിരി മഠം ക്ഷണിച്ചിട്ടുണ്ട്.
നാളെ രാവിലെ 10ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ തീർത്ഥാടനകാലം ഉദ്ഘാടനം ചെയ്യും. ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിക്കും. ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, ബോർഡ് അംഗം സ്വാമി സൂക്ഷ്മാനന്ദ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തും. വത്തിക്കാൻ ലോക മതപാർലമെന്റിൽ പങ്കെടുത്ത പ്രതിനിധികളെ ഗുരുധർമ്മ പ്രചാരണസഭ ജോയിന്റ് സെക്രട്ടറി സ്വാമി വീരേശ്വരാനന്ദ ആദരിക്കും.
തീർത്ഥാടന കാലം ഗുരുധർമ്മ പ്രചാരണത്തിന് പ്രാധാന്യം നൽകുന്നതാണെന്ന് സ്വാമി സച്ചിദാനന്ദ പറഞ്ഞു. പാപം പോക്കി പുണ്യം നേടുക എന്ന പരമ്പരാഗത വിശ്വാസത്തിന് അപ്പുറം ഗുരുദേവൻ തീർത്ഥാടനത്തെ ഒരു വിജ്ഞാനശേഖരണ ഉപാധിയായാണ് കണ്ടത്. പുണ്യം നേടുന്നതിനൊപ്പം ജീവിത സന്ധാരണത്തിന് ആവശ്യമായ അറിവും വേണം. ഭൗതികവും ആദ്ധ്യാത്മികവുമായ അറിവ് നേടുക എന്നതായിരുന്നു ഗുരു നിർദ്ദേശിച്ച തീർത്ഥാടനത്തിന്റെ സത്ത.
കേന്ദ്രമന്ത്രിമാർ, മുഖ്യമന്ത്രി ഉൾപ്പെടെ സംസ്ഥാന മന്ത്രിമാർ തുടങ്ങിയവർ സമ്മേളനത്തിലേക്ക് എത്തുമെന്ന് സ്വാമി ശുഭാംഗാനന്ദ പറഞ്ഞു. സ്വാമി ഋതംഭരാനനന്ദയാണ് തീർത്ഥാടന കമ്മിറ്റി സെക്രട്ടറി. സ്വാമി ശാരദാനന്ദ ട്രഷററും. തീർത്ഥാടന കമ്മിറ്റി ജോയിന്റ് സെക്രട്ടറി സ്വാമി വിരജാനന്ദഗിരി, ഗുരുധർമ്മ പ്രചാരണസഭ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി എന്നിവരും പരിപാടികൾക്ക് നേതൃത്വം നൽകും.
31ന് പ്രാദേശിക അവധി
തിരുവനന്തപുരം: 92ാമത് ശിവഗിരി തീർത്ഥാടനത്തിന്റെ പ്രധാന ദിവസമായ ഡിസംബർ 31ന് ചിറയിൻകീഴ്, വർക്കല താലൂക്കുകളിൽ ജില്ലാ കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. താലൂക്ക് പരിധിയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. മുൻ നിശ്ചയിച്ച പൊതുപരീക്ഷകൾക്ക് അവധി ബാധകമല്ല.
Source link