KERALAM

പനയമ്പാടം അപകടം ഇന്ന് റോഡ് പരിശോധന

പാലക്കാട്: പനമ്പാടത്ത് നാല് വിദ്യാർത്ഥിനികളുടെ മരണത്തിനിടയാക്കിയ അപകടസ്ഥലത്ത് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ ഇന്ന് പരിശോധന നടത്തും. പ്രദേശവാസികളുടെ അഭിപ്രായം കൂടി ഉൾക്കൊണ്ട് ആക്ഷൻ പ്ലാൻ തയ്യാറാക്കി സമയബന്ധിതമായി നടപ്പാക്കുമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു.

മന്ത്രിയുടെ അദ്ധ്യക്ഷതയിൽ ഇന്നലെ ഉച്ചയ്ക്ക് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന അടിയന്തര യോഗത്തിന്റേതാണ് തീരുമാനം. ജില്ലാ പൊലീസ് മേധാവി, ആർ.ടി.ഒ, പൊതുമരാമത്ത്, ദേശീയ പാതാവിഭാഗം ഉദ്യോഗസ്ഥരുടെ സംഘമാണ് സംയുക്ത ആക്ഷൻ പ്ലാൻ തയ്യാറാക്കുക. തുടർന്ന് ജില്ലാകളക്ടറുടെ നേതൃത്വത്തിൽ യോഗം ചേർന്ന് സർക്കാർ തലത്തിലുള്ള തീരുമാനങ്ങൾ കൂടി ഉൾപ്പെടുത്തി നടപ്പാക്കും.

പരിശോധനയിലെ കണ്ടെത്തലുകൾ പരിഗണിച്ച് പൊലീസ് അടിയന്തരനടപടി സ്വീകരിക്കുമെന്ന് എസ്.പി ആർ.വിശ്വനാഥ് അറിയിച്ചു. ഡിവൈ.എസ്.പി തലത്തിൽ അന്വേഷണം നടന്നുവരികയാണ്. അപകടമേഖലകളിൽ തത്കാലം സ്പീഡ് ബ്രേക്കർ വയ്ക്കുന്നത് ആലോചിക്കും. സ്‌കൂൾ സമയങ്ങളിൽ സുരക്ഷയ്ക്ക് കൂടുതൽ പൊലീസിനെ ചുമതലപ്പെടുത്തും.

ഇവിടത്തെ കയറ്റം ഒഴിവാക്കുകയും വളവ് നിവർത്തുകയും ചെയ്താലേ അപകടങ്ങൾക്ക് പരിഹാരമാകൂവെന്ന് പ്രദേശവാസികളും ജനപ്രതിനിധികളും പറഞ്ഞു. കുട്ടികളുടെ കുടുംബങ്ങൾക്ക് സർക്കാർ ധനസഹായം ഉടൻ അനുവദിക്കണം.

കെ.ശാന്തകുമാരി എം.എൽ.എ, ജില്ലാ കളക്ടർ ഡോ. എസ്. ചിത്ര, പാലക്കാട് ജില്ലാ പൊലീസ് മേധാവി ആർ. വിശ്വനാഥ്, അഡിഷണൽ ജില്ലാ മജിസ്‌ട്രേട്ട് പി. സുരേഷ്, കരിമ്പ പഞ്ചായത്ത് പ്രസിഡന്റ് പി.എസ്.രാമചന്ദ്രൻ തുടങ്ങിയവർ സംബന്ധിച്ചു.

നടപ്പാത വേണം
 ദുബായ് കുന്ന് മുതൽ സോമിൽ വരെ ഡിവൈഡർ സ്ഥാപിച്ച് വൺവേയാക്കണമെന്ന് നാട്ടുകാർ

 റോഡ് ഉപരിതലത്തിന്റെ മിനുസം കുറയ്ക്കണം. റോഡിന് പാർശ്വഭിത്തിയും നടപ്പാതയും വേണം

 മഴ വെള്ളം റോഡിൽ പരന്നൊഴുകുന്നത് ഒഴിവാക്കാൻ ഡ്രെയിനേജ് സംവിധാനം വേണം

 കരിമ്പ ഹയർസെക്കൻഡറി സ്‌കൂൾ ബസ് സ്റ്റോപ്പിന് സമീപം പൊലീസിനെ നിയോഗിക്കണം


Source link

Related Articles

Back to top button