സ്ത്രീധന പീഡനം തടയൽ നിയമം: ദുരുപയോഗത്തിന് എതിരെ ഹർജി
ന്യൂഡൽഹി: സ്ത്രീധന പീഡനം തടയൽ നിയമത്തിന്റെ ദുരുപയോഗം തടയണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ വിശാൽ തിവാരി സുപ്രീംകോടതിയിൽ പൊതുതാത്പര്യ ഹർജി സമർപ്പിച്ചു. സ്ത്രീധന-ഗാർഹിക പീഡനങ്ങൾ നേരിടാനുള്ള നിയമവ്യവസ്ഥകൾ പുന:പരിശോധിക്കണമെന്നും, ദുരുപയോഗം തടയാൻ മാർഗരേഖ പുറത്തിറക്കണമെന്നുമാണ് ആവശ്യം. ഇതിനായി സുപ്രീംകോടതി മുൻ ജഡ്‌ജിമാരും, അഭിഭാഷകരും, നിയമവിദഗ്ദ്ധരും അടങ്ങിയ ഉന്നതസമിതി രൂപീകരിക്കണം. വിവാഹിതയായ സ്ത്രീയെ സംരക്ഷിക്കാനാണ് നിയമവ്യവസ്ഥകൾ കൊണ്ടുവന്നത്. എന്നാലതിപ്പോൾ ഭർത്താവിനെയും ഭർതൃവീട്ടുകാരെയും പീഡിപ്പിക്കാനുള്ള ആയുധമായി മാറിയിരിക്കുകയാണെന്നും ഹർജിയിൽ ആരോപിച്ചു.
ഭാര്യ വ്യാജ സ്ത്രീധനപീഡനക്കേസ് നൽകിയെന്നും, മൂന്നുകോടി രൂപ ആവശ്യപ്പെടുന്നുവെന്നും ആരോപിച്ച് സാമൂഹ മാദ്ധ്യമങ്ങളിൽ വീഡിയോ പോസ്റ്ര് ചെയ്‌ത ശേഷം ബംഗളൂരുവിൽ ഐ.ടി. ജീവനക്കാരനായ അതുൽ സുഭാഷ് ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ടാണ് ഹർജി നൽകിയത്. ഭർത്താവിനും ഭർതൃവീട്ടുകാർക്കുമെതിരെ വ്യക്തിപരമായ പക വീട്ടാനുള്ള ഉപകരണമായി ഇന്ത്യൻ ശിക്ഷാനിയമത്തിലെ 498എ വകുപ്പിനെ മാറ്റുന്നുവെന്ന് സുപ്രീംകോടതി അടുത്തിടെ ഒരുകേസിൽ നിരീക്ഷിച്ചിരുന്നു.
Source link