കൃഷി വളരാൻ ‘കതിർ ‘ആപ്പ്, കർഷകർക്കുള്ള സേവനങ്ങളെല്ലാം ഒരു കുടക്കീഴിൽ എത്തിക്കുക ലക്ഷ്യം

തിരുവനന്തപുരം: കൃഷിയും കൃഷിരീതികളും സ്മാർട്ടാക്കാനായി വിവര സാങ്കേതിക വിദ്യയുടെ സാദ്ധ്യത ഉപയോഗിക്കുകയാണ് സംസ്ഥാന കൃഷിവകുപ്പ്. പുതുതായി തയ്യാറാക്കിയ ‘കതിർ’ ആപ്പിലൂടെ കർഷകർക്കുള്ള സേവനങ്ങളെല്ലാം ഒരു കുടക്കീഴിൽ എത്തിക്കുകയാണ് ലക്ഷ്യം. കാലാവസ്ഥാ വ്യതിയാനത്തിന്റെ അപകട സാദ്ധ്യത ബോദ്ധ്യപ്പെടുത്തി നിർദ്ദേശങ്ങൾ നൽകുക, വിത്ത്, വളം അടക്കമുള്ള അനുകൂല്യങ്ങളുടെ വിതരണം തുടങ്ങിയവ ആപ്പിലൂടെ ഫലപ്രദമാക്കും. ചിങ്ങം ഒന്നിന് തുടക്കമിട്ട ആപ്പിൽ ഇതിനകം 25,143 കർഷകർ രജിസ്റ്റർ ചെയ്തു. പുറമെ എയിംസ് പോർട്ടൽ വഴി രജിസ്റ്റർ ചെയ്ത 18 ലക്ഷം കർഷകർക്ക് അക്കൗണ്ട് തയ്യാറാക്കിയിട്ടുണ്ട്. ഇവർക്ക് ഇനി കതിർ ആപ്പിൽ ലോഗിൻ ചെയ്താൽ മതിയാകും. ഫെബ്രുവരിയോടെ ആപ്പ് പൂർണ്ണ പ്രവർത്തന സജ്ജമാകും.
ആപ്പിലൂടെ ലഭിക്കുന്ന സേവനങ്ങൾ
കാലാവസ്ഥാവിവരങ്ങൾ
ഓരോ കർഷകന്റെയും വിള അടിസ്ഥാനപ്പെടുത്തി പ്രാദേശികമായ കാലാവസ്ഥാ നിർദ്ദേശങ്ങളും രോഗ, കീട നിയന്ത്രണ നിർദ്ദേശങ്ങളും ലഭ്യമാക്കും. തത്സമയ കാലാവസ്ഥാ വിവരങ്ങളും അറിയാനാകും.
മണ്ണ് പരിശോധന
കർഷകന് സ്വയം മണ്ണ് സാമ്പിൾ ശേഖരിക്കാനും സാമ്പിൾ വിവരങ്ങൾ പോർട്ടലിലേക്ക് നൽകാനും സാധിക്കും. പരിശോധനാഫലം പൊതുവായ ഓൺലൈൻ ഭൂപടത്തിലേക്കും മാറ്റും.
പ്ലാന്റ് ഡോക്ടർ
കീടങ്ങളും രോഗങ്ങളും സംബന്ധിച്ച കർഷകരുടെ സംശയങ്ങൾക്ക് മറുപടി ലഭിക്കും. കീടബാധയുടെ ചിത്രങ്ങളെടുത്ത് കൃഷി ഓഫീസർക്ക് അയയ്ക്കാം.
കാർഷിക പദ്ധതി വിവരങ്ങൾ
സർക്കാരിന്റെ കാർഷിക പദ്ധതികളിലെ ആനുകൂല്യങ്ങൾ നേടുന്നതിനുള്ള ഒറ്റ ക്ലിക്ക് അപേക്ഷാ സംവിധാനവും ഉണ്ടാകും. വിത്ത്, വളം,കാർഷിക യന്ത്രങ്ങൾ, കർഷക തൊഴിലാളികൾ എന്നിവയുടെ ലഭ്യത, വിപണിവിതരണ ശൃംഖലയുമായുള്ള സംയോജനം തുടങ്ങിയവയും വിള ഇൻഷ്വറൻസ്, വിളനാശത്തിനുള്ള നഷ്ടപരിഹാരം കർഷക ഉത്പന്നങ്ങളുടെ വിപണന സംവിധാനങ്ങളും ആപ്പിൽ ഉൾപ്പെടുത്തും.
കൃഷിഭൂമി സംബന്ധമായ വിവരങ്ങൾ
റവന്യു വകുപ്പിന്റെ ഭൂമി സംബന്ധിച്ച രേഖകളും സർവേ വകുപ്പിന്റെ ഭൂരേഖാ വിവരങ്ങളും യോജിപ്പിച്ച് കേന്ദ്രീകൃത വിവരശേഖരമായി പോർട്ടലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതിനാൽ കൃഷിഭൂമിയുടെ വിശദാംശങ്ങൾ കർഷകർക്ക് പോർട്ടലിൽ ലഭിക്കും. അപേക്ഷ നൽകുമ്പോൾ ഭൂമി സംബന്ധിച്ച രേഖകൾ സമർപ്പിക്കേണ്ടതില്ല.
(ലേഖകന്റെ ഫോൺ: 9495625705 )
Source link