മണവാട്ടിയാവാൻ ഇനി ഒരിക്കലും ആയിഷ വരില്ല, ഹൃദയം തകർന്ന് അദ്ധ്യാപകരും സഹപാഠികളും
പാലക്കാട്: ഇനി മണവാട്ടിയാവാൻ ഒരിക്കലും ആയിഷ വരില്ലെന്ന സത്യം ഉൾക്കൊള്ളാൻ കൂട്ടുകാർക്കും അദ്ധ്യാപകർക്കും ആവുന്നില്ല. രണ്ടാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെ സ്കൂൾ കലോത്സവത്തിലെ സ്ഥിരം മണവാട്ടിയായിരുന്നു പനയമ്പാടം അപകടത്തിൽ മരിച്ച ആയിഷ. ഏറ്റവും ഒടുവിൽ ശ്രീകൃഷ്ണപുരത്തുവച്ചുനടന്ന പാലക്കാട് ജില്ലാ യുവജനോത്സവത്തിലും ആയിഷ പങ്കെടുത്തിരുന്നു. കലയ്‌ക്കൊപ്പം പഠനത്തിലും മിടുക്കിയായിരുന്നു. ദുരന്തവാർത്തയറിഞ്ഞ് ഓടിയെത്തിയ അദ്ധ്യാപകർക്ക് ചേതനയറ്റുകിടക്കുന്ന ആയിഷയുടെയും കൂട്ടുകാരികളുടെയും മൃതദേഹങ്ങൾ കാണാൻ മനക്കരുത്തുണ്ടായിരുന്നില്ല. അദ്ധ്യാപികമാർ ഉൾപ്പെടെയുള്ളവർ ആർത്തലച്ച് നിലവിളിക്കുകയായിരുന്നു. അവരെ സമാധാനിപ്പിക്കാൻ ചുറ്റുമുണ്ടായിരുന്നു ആർക്കും കഴിഞ്ഞില്ല.
വിദ്യാർത്ഥിനികളുടെ മൃതദേഹം പൊതുദർശനത്തിന് വച്ചിരിക്കുന്ന തുപ്പനാട് കരിമ്പനയ്‌ക്കൽ ഹാളിൽ ആയിരങ്ങളാണ് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിക്കൊണ്ടിരിക്കുന്നത്. ജില്ലാ കളക്ടറും, ജനപ്രതിനിധികളും അടക്കമുള്ളവർ സ്ഥലത്തുണ്ട്. പത്തരയോടെ തുപ്പനാട് ജുമാ മസ്‌ജിദിൽ ഖബറടക്കം നടക്കും.
ചെറുള്ളി സ്വദേശികളായ അബ്ദുൾ സലാമിന്റെ മകൾ പി.എ.ഇർഫാന ഷെറിൻ, അബ്ദുൾ റഫീഖിന്റെ മകൾ റിദ ഫാത്തിമ, അബ്ദുൾ സലീമിന്റെ മകൾ കെ.എം.നിദ ഫാത്തിമ, ഷറഫുദ്ദീന്റെ മകൾ എ.എസ്.ആയിഷ എന്നിവരാണ് അപകടത്തിൽ മരിച്ചത്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ആറരയോടെയാണ് മൃതദേഹങ്ങൾ വീടുകളിലെത്തിച്ചത്.
രണ്ട് മണിക്കൂർ വീടുകളിൽ പൊതുദർശനത്തിനുവച്ച ശേഷമാണ് തുപ്പനാട് കരിമ്പനയ്‌ക്കൽ ഹാളിൽ എത്തിച്ചത്. വിദ്യാർത്ഥിനികൾ പഠിക്കുന്ന കരിമ്പ ഹയർ സെക്കൻഡറി സ്‌കൂളിൽ പൊതുദർശനമുണ്ടാകില്ല.
സിമന്റ് ലോഡുമായി വന്ന ലോറി പാഞ്ഞുകയറിയാണ് വിദ്യാർത്ഥിനികൾ മരിച്ചത്. കരിമ്പ ഹയർ സെക്കൻഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനികളാണിവർ. കൂടെയുണ്ടായിരുന്ന സഹപാഠി അജ്ന ഷെറിൻ തലനാരിഴയ്‌ക്കാണ് രക്ഷപ്പെട്ടത്. ഇന്നലെ വൈകിട്ട് 3.50ഓടെ കോഴിക്കോട് – പാലക്കാട് ദേശീയ പാതയിൽ കരിമ്പ, പനയമ്പാടത്തായിരുന്നു അപകടമുണ്ടായത്. സംഭവത്തിൽ സിമന്റ് കയറ്റിയ ലോറിയുടെ ഡ്രൈവറെയും ക്ലീനറെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കാസർകോട് സ്വദേശികളായ ലോറി ഡ്രൈവർ മഹേന്ദ്രപ്രസാദ്, ക്ലീനർ വർഗീസ് എന്നിവരെയാണ് കസ്റ്റഡിയിൽ എടുത്തത്.
Source link