പാലക്കാട്: റോഡുവക്കിൽ നിർത്തിയിട്ടിരുന്ന കാർ കുട്ടികൾ സ്റ്റാർട്ട് ചെയ്തതിനെ തുടർന്ന് അപകടം. കാറിലുണ്ടായിരുന്ന കുട്ടികളുമായി അതിവേഗത്തിൽ മുന്നോട്ട് നീങ്ങിയ കാർ എതിർദിശയിലേക്ക് കടന്ന് മതിലിലേക്ക് ഇടിച്ചുകയറിയെങ്കിലും ആർക്കും പരിക്കേറ്റില്ല. ഈസ്റ്റ് ഒറ്റപ്പാലത്ത് തിരക്കേറിയ റോഡിലാണ് അപകടം നടന്നതെങ്കിലും ആ സമയം വാഹനങ്ങളോ കാൽനടക്കാരോ ഇല്ലാത്തത് വൻ ദുരന്തമാെഴിവാക്കി. പുതുപുത്തൻ കാറാണ് അപകടത്തിൽപെട്ടത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. .
ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം. സാധനങ്ങൾ വാങ്ങാനായി കുടുംബാംഗങ്ങളാണ് കാറിൽ എത്തിയത്. കുട്ടികളെ വാഹനത്തിനുള്ളിലിരുത്തിയശേഷം കാറിലുണ്ടായിരുന്ന സ്ത്രീകൾ സാധനങ്ങൾ വാങ്ങാനായി പോയി. ഈ സമയം കാറിൽ നിന്ന് പുറത്തിറങ്ങിയ ഡ്രൈവർ മറ്റൊരാളുമായി സംസാരിച്ച് നിൽക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
സാധനങ്ങൾ വാങ്ങിയശേഷം സ്ത്രീകൾ കാറിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഇവർ കുട്ടികളമായി സംസാരിച്ചുനിൽക്കുന്നതിനിടെ പൊടുന്നനെ കാർ അതിവേഗത്തിൽ എതിർദിശയിലേക്ക് കുതിക്കുകയായിരുന്നു.ഡ്രൈവർ ഡോർ തുറന്ന് കാർ നിറുത്താനായി ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ശ്രമത്തിനിടെ ഇയാൾ റോഡിൽ ശക്തിയോടെ മറിഞ്ഞുവീഴുകയും ചെയ്തു. മുന്നോട്ടുപാഞ്ഞ കാർ എതിർദിശയിലെ മതിലിൽ ഇടിച്ചാണ് നിന്നത്. കാർ മുന്നോട്ട് നീങ്ങുന്നതിന് നിമിഷങ്ങൾക്കുമുമ്പ് ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ കടന്നുപോയിരുന്നു. എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കുമെന്നും നിയമലംഘനം നടന്നിട്ടുണ്ടെങ്കിൽ നടപടിയുണ്ടാകുമെന്നുമാണ് അധികൃതർ അറിയിക്കുന്നത്. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
Source link