തിരുവനന്തപുരം : ഗതാഗതം മുടക്കി സി.പി.എം പാളയം ഏരിയ സമ്മേളനത്തിന്റെ പൊതുസമ്മേളനത്തിനുള്ള സ്റ്റേജ് നടുറോഡിൽ കെട്ടിയ സംഭവത്തിൽ കേസെടുത്ത് പൊലീസ്. സംഭവം വിവാദമായതിന് പിന്നാലെയാണ് വഞ്ചിയൂർ പൊലീസ് കേസെടുത്തത്. പൊതുജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം ഇല്ലാതാക്കിയതിനാണ് കേസെടുത്തത്. പൊതുസമ്മേളനത്തിന് ശേഷം നാടകവും വേദിയിൽ അരങ്ങേറി. ഇതോടെ രാത്രി വരെ ഗതാഗതം തടസപ്പെട്ടു
. വഞ്ചിയൂർ ജംഗ്ഷനിൽ ജില്ലാ കോടതിയുടെയും പൊലീസ് സ്റ്റേഷന്റെയും മുന്നിലായിരുന്നു സമ്മേളന വേദി. ഉപ്പിടാമ്മൂട് പാലത്തിൽ നിന്ന് വഞ്ചിയൂരിലേക്കുള്ള റോഡിലായിരുന്നു സ്റ്റേജ്. വാഹനങ്ങൾ പൊലീസ് വഴിതിരിച്ചു വിട്ടാണ് ഗതാഗത കുരുക്ക് അഴിച്ചത്. സ്റ്റേജിന്റെ നിർമ്മാണം ആരംഭിച്ച ബുധനാഴ്ച മുതൽ ഗതാഗതത്തിന് തടസം നേരിട്ടിരുന്നു. ഇന്ന് വൈകിട്ട് ആറോടെയായിരുന്നു പൊതുസമ്മേളനം. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. കെ.പി.എ.സിയുടെ നിങ്ങൾ എന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന നാടകവും അരങ്ങേറി. അനുമതികൾ വാങ്ങിയാണ് സ്റ്റേജ് പണിതതെന്ന് ഏരിയ സെക്രട്ടറി വഞ്ചിയൂർ ബാബു വ്യക്തമാക്കി. റോഡിന്റെ മറുവശത്തൂടെ വാഹനങ്ങൾക്ക് കടന്നുപോകാനാകുമെന്നും ഉറപ്പാക്കിയിരുന്നു.
എന്നാൽ ജനറൽ ആശുപത്രിയിൽ നിന്ന് താഴേക്കുള്ള റോഡ് അടച്ചത് സ്മാർട് സിറ്റിയുടെ ഭാഗമായ വാട്ടർ അതോറിട്ടിയുടെ പണിയ്ക്ക് വേണ്ടിയാണ്. അതും സമ്മേളനവുമായി ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു. റോഡിൽ സ്റ്റേജ് കെട്ടിയെന്ന വാർത്ത നൽകിയ ദൃശ്യമാദ്ധ്യമങ്ങളെ ഉദ്ഘാടന പ്രസംഗത്തിൽ എം.വി.ഗോവിന്ദൻ വിമർശിച്ചു. സ്റ്റേജ് കെട്ടുന്നതല്ല, കമ്മ്യൂണിസ്റ്റ് വിരുദ്ധത പ്രചരിപ്പിക്കുന്നതിലാണ് മാദ്ധ്യമങ്ങൾക്ക് താത്പര്യം. ഈ വാർത്തയിലൂടെ സമ്മേളനത്തിന് ആവശ്യമായ പ്രചാരണം കിട്ടി കഴിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമ്മേളനത്തിന്റെ ഭാഗമായി എ.കെ.ജി സെന്ററിന് മുന്നിൽ നിന്ന് സമ്മേളന വേദിയിലേക്ക് റെഡ് വോളന്റിയർ മാർച്ചും നടന്നു.
Source link