മഹാരാഷ്ട്ര മന്ത്രിസഭാ രൂപീകരണം: വകുപ്പുകൾ വീതം വയ്ക്കാനായില്ല; വിയർത്ത് മഹായുതി | മനോരമ ഓൺലൈൻ ന്യൂസ്- Maharashtra Cabinet Expansion | Maharashtra Politics | Manorama Online News
20 ദിവസം, മന്ത്രിമാരെ നിശ്ചയിക്കാനും വകുപ്പുകൾ വീതം വയ്ക്കാനുമായില്ല; വിയർത്ത് മഹായുതി
മനോരമ ലേഖകൻ
Published: December 13 , 2024 10:23 AM IST
1 minute Read
സർക്കാരുണ്ടാക്കാൻ അവകാശവാദമുന്നയിച്ച് മുംബൈയിൽ ഗവർണറുടെ വസതിയിലെത്തിയ അജിത് പവാർ, ദേവേന്ദ്ര ഫഡ്നാവിസ്, ഏക്നാഥ് ഷിൻഡേ എന്നിവർ. ചിത്രം:പിടിഐ
മുംബൈ ∙ തിരഞ്ഞെടുപ്പു ഫലം വന്ന് 20 ദിവസങ്ങൾ പിന്നിട്ടിട്ടും മന്ത്രിമാരെ നിശ്ചയിക്കാനോ വകുപ്പുകൾ വീതം വയ്ക്കാനോ മഹായുതിക്കു കഴിയാത്തതു സർക്കാരിനു നാണക്കേടാകുന്നു. മന്ത്രിസഭാ വികസനം നാളെ ഉണ്ടായേക്കുമെന്നാണു സൂചന. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഡൽഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള മുതിർന്ന ബിജെപി നേതാക്കളെ സന്ദർശിച്ചു.
മന്ത്രിസഭയിൽ ആഗ്രഹിച്ച വകുപ്പുകൾ കിട്ടില്ലെന്ന് ഏതാണ്ട് ഉറപ്പായതോടെ സഖ്യകക്ഷികളായ ശിവസേനയിലും (ഷിൻഡെ) എൻസിപിയിലും (അജിത്) അതൃപ്തി പടരുകയാണ്. ഫഡ്നാവിസും അജിത് പവാറും ഡൽഹിയിൽ മുതിർന്ന ബിജെപി നേതാക്കളെ സന്ദർശിച്ചപ്പോൾ ഷിൻഡെ വിട്ടുനിന്നു. പ്രധാനമന്ത്രിയെ കാണാനോ ബിജെപി ദേശീയ നേതാക്കളുമായി ചർച്ച നടത്താനോ ഷിൻഡെ വിഭാഗം തയാറാകുന്നുമില്ല. ആഭ്യന്തരം ലഭിച്ചില്ലെങ്കിൽ, ബിജെപി വർഷങ്ങളായി കൈകാര്യം ചെയ്യുന്ന റവന്യു വകുപ്പ് വിട്ടുകിട്ടണമെന്നാണു ഷിൻഡെ ആവശ്യപ്പെടുന്നത്.
മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രിമാരായി ഏക്നാഥ് ഷിൻഡെയും അജിത് പവാറും സത്യപ്രതിജ്ഞ ചെയ്ത് ഒരാഴ്ച പിന്നിട്ടിട്ടും മന്ത്രിപദവികൾ സംബന്ധിച്ചു തീരുമാനത്തിലെത്താൻ കഴിയാത്തതും മഹായുതിക്കു ക്ഷീണമായി. ധനകാര്യം ലഭിക്കുമെന്ന പ്രതീക്ഷയിൽ അജിത് പവാർ ബിജെപിയോടും ഫഡ്നാവിസിനോടും ചേർന്നു നിൽക്കുന്നുണ്ടെങ്കിലും ധനവകുപ്പും ബിജെപി പിടിച്ചെടുക്കുമോയെന്ന ആശങ്ക അജിത് വിഭാഗത്തിലെ ചിലർക്കെങ്കിലുമുണ്ട്.
മന്ത്രിമാരെ ബിജെപി നിശ്ചയിച്ചു കഴിഞ്ഞെങ്കിലും ഷിൻഡെ, അജിത് വിഭാഗങ്ങളിൽ ഇതുവരെ തീരുമാനമായിട്ടില്ല. ഇന്ന് അതുസംബന്ധിച്ച നടപടികൾ പൂർത്തിയാക്കാനും ഷിൻഡെ വിഭാഗത്തിൽനിന്ന് കഴിഞ്ഞതവണ മന്ത്രിമാരായ ചിലരെ ഒഴിവാക്കാനും ബിജെപി നിർദേശിച്ചിട്ടുണ്ട്. ബിജെപി 20–22, ഷിൻഡെ വിഭാഗത്തിന് 10–12, അജിത് വിഭാഗത്തിന് 8–10 എന്നിങ്ങനെ മന്ത്രിമാരെ ലഭിച്ചേക്കുമെന്നാണ് സൂചന.
സംസ്ഥാനത്തിന്റെ വികസനത്തെ അടുത്തതലത്തിലേക്ക് ഉയർത്താനായി പ്രധാനമന്ത്രിയുടെ നിർദേശം അനുസരിച്ചു പ്രവർത്തിക്കുമെന്നു മോദിയെ സന്ദർശിച്ച ശേഷം ഫഡ്നാവിസ് വ്യക്തമാക്കി. ‘അദ്ദേഹം കഴിഞ്ഞ 10 വർഷമായി നൽകുന്ന പിന്തുണ വലുതാണ്. ഞങ്ങളെ പോലുള്ള ബിജെപി പ്രവർത്തകർക്കു കൂടുതൽ കഠിനാധ്വാനം ചെയ്യാനുള്ള പ്രചോദനമാണു പ്രധാനമന്ത്രി’– കൂടിക്കാഴ്ചയ്ക്കു ശേഷം ഫഡ്നാവിസ് സമൂഹമാധ്യമത്തിൽ കുറിച്ചു. ബുധനാഴ്ച രാത്രി ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയുമായും കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിങ് എന്നിവരുമായും ഫഡ്നാവിസും അജിത് പവാറും കൂടിക്കാഴ്ച നടത്തിയിരുന്നു.
English Summary:
Maharashtra Cabinet Expansion: Cabinet expansion remains in limbo even after 20 days, as the BJP, Shinde-led Shiv Sena, and the Ajit Pawar faction struggle to finalize ministerial portfolios
5us8tqa2nb7vtrak5adp6dt14p-list mo-politics-parties-bjp 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-politics-leaders-devendrafadnavis mo-legislature-cabinet mo-politics-parties-ncp 23ga1dq1nesb50bdeut0ou8phh mo-politics-leaders-narendramodi mo-politics-elections-maharashtraassemblyelection2024
Source link