ഹേമ കമ്മിറ്റി റിപ്പോർട്ട്; മൊഴിയിൽ കൃത്രിമത്വം നടന്നു,​ അന്വേഷണത്തിന് എതിരെ ഒരു നടി കൂടി രംഗത്ത്

ന്യൂഡൽഹി : സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിലെ മൊഴിയെ അടിസ്ഥാനമാക്കിയുള്ള അന്വേഷണം ചോദ്യം ചെയ്ത് ഒരു നടികൂടി രംഗത്ത്. ഇത് സംബന്ധിച്ച് സുപ്രീംകോടതിയിലുള്ള ഹർജിയിൽ കക്ഷിചേരാൻ നടി അപേക്ഷ നൽകി. മൊഴിയിൽ കൃത്രിമത്വം നടന്നതായി സംശയിക്കുന്നുവെന്നും എസ്.ഐ,​ടി ഇതുവരെയും തന്നെ സമീപിച്ചിട്ടില്ലെന്നും നടി ഹർജിയിൽ പറയുന്നു. നേരത്തെ നടി മാലാ പാർവതിയും ഹേമ കമ്മിറ്റി അന്വേഷണത്തിനെതിരെ സുപ്രിീംകോടതിയെ സമീപിച്ചിരുന്നു. മൊഴി നൽകിയപ്പോൾ എല്ലാ കാര്യങ്ങളും രഹസ്യമായിരിക്കുമെന്ന് ഉറപ്പു നൽകിയിരുന്നുവെന്ന് മാല പാർവതി വ്യക്തമാക്കിയിരുന്നു. നിലവിലെ സാഹചര്യത്തിൽ തന്റെ സ്വകാര്യതയെ കുറിച്ച് ആശങ്കയുണ്ടെന്നും മാലാ പാർവതി ഹർജിയിൽ ചൂണ്ടിക്കാട്ടി.

അതിനിടെ മാല പാർവതിയുടെ ഹർജിയിൽ നോട്ടീസ് അയക്കുന്നതിനെ എതിർത്ത് ഡബ്ല്യു,​സി.സി രംഗത്തെത്തിയിരുന്നു. സുപ്രീംകോടതിയിൽ നൽകിയ ഹർജി അപ്രസക്തമാണെന്നും ഡബ്ല്യു.സി.സി ചൂണ്ടിക്കാട്ടി. ഹർജിയിൽ കക്ഷി ചേരാൻ സംഘടന അപേക്ഷ നൽകിയിട്ടുണ്ട്. അതേസമയം സംസ്ഥാന വനിതാ കമ്മിഷൻ നൽകിയ സത്യവാങ്‌മൂലത്തിൽ ഹേമ കമ്മിറ്റിക്ക് ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിൽ കേസ് എടുക്കാൻ പ്രാഥമിക അന്വേഷണം ആവശ്യമില്ലെന്ന് വ്യക്തമാക്കുന്നുണ്ട്. എസ്.ഐ.ടി അന്വേഷണം റദ്ദാക്കിയാൽ പല ഇരകളുടെയും മൗലിക അവകാശം ലംഘിക്കപ്പെടുമെന്നും കമ്മിഷൻ കോടതിയെ ബോധിപ്പിച്ചിരുന്നു.


Source link
Exit mobile version