‘സാധാരണക്കാരൻ റോഡുവക്കിൽ ചായക്കട തുടങ്ങിയാൽ എടുത്തുമാറ്റില്ലേ?’ റോഡ് അടച്ചുള്ള സിപിഎം പൊതുയോഗത്തിൽ കോടതിയുടെ രൂക്ഷ വിമർശനം
കൊച്ചി: തിരുവനന്തപുരത്ത് സിപിഎം പാളയം ഏരിയാ സമ്മേളനത്തിന്റെ പൊതുയോഗത്തിനായി റോഡ് കെട്ടിയടച്ച സംഭവത്തിൽ സർക്കാരിനും പൊലീസിനുമെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി ഹൈക്കോടതി. സംഭവത്തിൽ ആർക്കെതിരെ കേസെടുത്തെന്നും സ്റ്റേജിൽ ഇരുന്നവർക്കെതിരെ കേസെടുത്തില്ലേയെന്നും കോടതി ചോദിക്കുകയും ചെയ്തു. സംഭവത്തിൽ പൊലീസും കോർപ്പറേഷനുമാെന്നും ചെറുവിരൽ പോലും അനക്കിയില്ലെന്നുപറഞ്ഞ കോടതി ഒരു സാധാരണക്കാരൻ റോഡുവക്കിൽ ചായക്കട തുടങ്ങിയാൽ അത് എടുത്തുമാറ്റില്ലേ എന്നും ചോദിച്ചു.
കഴിഞ്ഞദിവസം കേസ് പരിഗണിക്കുമ്പോഴും സർക്കാരിനെതിരെയും പൊലീസിനെതിരെയും രൂക്ഷവിമർശനമാണ് കോടതി നടത്തിയത്. നടപടി മുൻ ഉത്തരവുകൾക്ക് വിരുദ്ധമാണെന്നും കോടതിയലക്ഷ്യ നടപടി സ്വീകരിക്കണ്ടേതാണെന്നും പരാമർശിച്ച കോടതി വിഷയത്തിൽ എന്ത് നടപടിയാണ് സർക്കാർ എടുത്തതെന്ന് അറിയിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
ആരാണ് ഇത്തരത്തിൽ അനുമതി നൽകിയത്. യാതൊരു കാരണവശാലും റോഡുകൾ കെട്ടിയടക്കരുതെന്ന് കോടതി മുൻ ഉത്തരവുകളിൽ പറഞ്ഞിട്ടുള്ളതാണ്. യോഗത്തിൽ പങ്കെടുത്തത് ആരൊക്കെയാണ്? കാൽനടയാത്രക്കാർക്ക് റോഡിലൂടെ നടക്കാൻ പോലും പറ്റാത്ത അവസ്ഥയാണ്. എവിടെ നിന്നാണ് ഇത്തരം യോഗങ്ങൾ നടത്താൻ അധികാരം കിട്ടുന്നത്. സർക്കാർ എന്തുകൊണ്ട് വിഷയത്തിൽ നടപടി സ്വീകരിക്കുന്നില്ല. എറണാകുളത്തടക്കം സിപിഎം സമ്മേളനങ്ങളുടെ പേരിൽ വഴിയോരങ്ങളിൽ അടക്കം രാത്രി ദീപാലങ്കാരമാണ്. ഇതിനൊക്കെ വൈദ്യുതി ലഭിക്കുന്നത് എവിടെ നിന്നാണെന്നും കോടതി ചോദിച്ചിരുന്നു.
കഴിഞ്ഞ വ്യാഴാഴ്ച വഞ്ചിയൂരിൽ സിപിഎം പാളയം ഏരിയാ സമ്മേളനത്തോടനുബന്ധിച്ച് റോഡ് കെട്ടിയടച്ച് ദിവസം മുഴുവൻ യാത്രക്കാരെ വലച്ച സംഭവം വലിയ ചർച്ചയായിരുന്നു. ജില്ലാ കോടതിയും നിരവധി കീഴ് കോടതികളും വഞ്ചിയൂർ പൊലീസ് സ്റ്റേഷനും അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലും ഉൾപ്പെടെയുള്ള, അനവധി പേർ സദാ വന്നുപോകുന്ന റോഡിലാണ് ദിവസം മുഴുവൻ നീണ്ടുനിന്ന ഈ നിയമലംഘനം നടന്നത്.
അപ്രതീക്ഷിതമായി റോഡ് അടച്ചതുമൂലം വഴിയിൽ കുടുങ്ങേണ്ടി വന്നവരിൽ സ്‌കൂൾ കുട്ടികളും രോഗികളും കോടതികളിൽ എത്തിപ്പെടേണ്ടവരും ഉണ്ടായിരുന്നു. വഞ്ചിയൂർ പൊലീസ് സ്റ്റേഷനു തൊട്ടു മുമ്പിലായിരുന്നു സ്റ്റേജ് കെട്ടി പ്രസംഗവേദി തയ്യാറാക്കിയിരുന്നത്. സമ്മേളനത്തിനു പുറമെ നാടകവും അവിടെ നടന്നു.
Source link