‘ജെസിബി വന്നാലും ആളുകൂടും’; ‘പുഷ്പ’ വിവാദ പരാമർശത്തിൽ മലക്കംമറിഞ്ഞ് സിദ്ധാർഥ് | Siddharth Pushpa 2
‘ജെസിബി വന്നാലും ആളുകൂടും’; ‘പുഷ്പ’ വിവാദ പരാമർശത്തിൽ മലക്കംമറിഞ്ഞ് സിദ്ധാർഥ്
മനോരമ ലേഖകൻ
Published: December 12 , 2024 04:10 PM IST
2 minute Read
സിദ്ധാർഥ്, അല്ലു അർജുൻ
‘പുഷ്പ 2’വിന്റെ പ്രമോഷന് ആള് കൂടുന്നതിനെ വിമർശിച്ചതിൽ വിശദീകരണവുമായി തമിഴ് നടൻ സിദ്ധാർഥ്. ഇന്ത്യയില്‍ ആള്‍ക്കൂട്ടമുണ്ടാക്കാന്‍ വലിയ ബുദ്ധിമുട്ടൊന്നുമില്ലെന്നും നിര്‍മാണപ്രവൃത്തികള്‍ക്കായി ജെസിബി കൊണ്ടുവന്നാല്‍പ്പോലും ആളുകൂടുമെന്നുമായിരുന്നു പുഷ്പ രണ്ടാം ഭാഗത്തിന്റെ ബീഹാർ പ്രചാരണത്തിന് വൻ ജനക്കൂട്ടം ഉണ്ടായതിനെപ്പറ്റി സിദ്ധാർഥ് പ്രതികരിച്ചത്. സിദ്ധാർഥിന്റെ പ്രതികരണം അല്ലു അർജുന്റെ ആരാധകരെ ചൊടിപ്പിച്ചിരുന്നു. സമൂഹമാധ്യമങ്ങളിലടക്കം സിദ്ധാർഥിനെതിരെ നടന്റെ ആരാധകർ രംഗത്തെത്തി. മാത്രവുമല്ല ഏറ്റവും വേഗത്തിൽ ആയിരം കോടി നേടുന്ന ആദ്യ ഇന്ത്യന്‍ ചിത്രവുമായി പുഷ്പ 2 മാറി. ഇതോടെയാണ് പ്രതികരണത്തിൽ മലക്കം മറിഞ്ഞ് സിദ്ധാർഥ് എത്തിയത്.
ഒരു ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗം തിയറ്ററിൽ വരുമ്പോൾ അത് കാണാൻ ജനങ്ങള്‍ തിയറ്ററില്‍ എത്തുമെന്നും പുഷ്പ 2-വിന്റെ വിജയത്തിന് അഭിനന്ദനങ്ങൾ എന്നുമാണ് സിദ്ധാർഥ് ഇപ്പോൾ വിശദീകരണം നൽകിയിരിക്കുന്നത്. അല്ലു അർജുനോട് വ്യക്തിപരമായി എന്തെങ്കിലും പ്രശ്നം ഉണ്ടോ എന്ന ചോദ്യത്തിന് ഉത്തരമായാണ് സിദ്ധാർഥ് ഇക്കാര്യം പറഞ്ഞത്. ‘മിസ് യു’ എന്ന തമിഴ് സിനിമയുടെ പ്രചാരണ പരിപാടിക്കിടെ സംസാരിക്കുകയായിരുന്നു താരം.
‘‘നിങ്ങൾ ചോദിച്ചതിൽ അല്ലു അർജുനും ഞാനും തമ്മിൽ പ്രശ്‌നമുണ്ടോയെന്ന ചോദ്യത്തിനാണ് പ്രശ്നം.പുഷ്പ 2 വൻ വിജയമായ സിനിമയാണ്. ചിത്രത്തിന്റെ വിജയത്തിന് എന്റെ അഭിനന്ദനങ്ങൾ. പുഷ്പയുടെ ആദ്യഭാഗം തന്നെ വലിയ വിജയമായിരുന്നു. അതുകൊണ്ട് ഉറപ്പായും രണ്ടാം ഭാഗം വരുമ്പോൾ അത് കാണാൻ തീയറ്ററിൽ ആള് കൂടും. അത് വളരെ പോസിറ്റീവ് ആയ കാര്യമാണ്. സിനിമ കാണാന്‍ കൂടുതല്‍ ആളുകള്‍ തിയറ്ററില്‍ എത്തണം. അപ്പോൾ സിനിമാ മേഖലയും ആരോഗ്യകരമായി മുന്നോട്ട് പോകും. ഞങ്ങളിൽ ആർക്കും തമ്മിൽ തമ്മിൽ ഒരു പ്രശ്നവും ഇല്ല. ഞങ്ങള്‍ എല്ലാവരും ഒരേ വള്ളത്തിലെ യാത്രക്കാരാണ്.
ഇന്നത്തെ കാലത്ത് സിനിമകൾ ഹിറ്റ് ആകാൻ വലിയ പ്രയാസമാണ്. 100 സിനിമ ഇറങ്ങുമ്പോള്‍ അതില്‍ ഒരെണ്ണം മാത്രം ആയിരിക്കും ഹിറ്റാവുക. എല്ലാ അഭിനേതാക്കളും ഒന്ന് രണ്ടു വർഷം കഷ്ടപ്പെട്ടു ചെലവഴിച്ചാണ് പടം പൂർത്തിയാക്കുന്നത്. എല്ലാ നിര്‍മാതാക്കള്‍ക്കും പണം ലഭിക്കുകയും കലാകാരന്‍മാര്‍ക്ക് അവരുടെ അധ്വാനത്തിന്റെ പ്രതിഫലം ലഭിക്കുകയും വേണം. നമ്മുടെ കടമ നല്ല പടങ്ങൾ എടുക്കുക എന്നുള്ളതാണ്. എല്ലാം പോസിറ്റീവ് ആയിരുന്നാൽ മാത്രമേ വിജയം ഉണ്ടാവുകയുള്ളൂ’’.–സിദ്ധാർഥ് പറഞ്ഞു.
സിനിമയുടെ പ്രമോഷനും വിജയവും തമ്മിൽ ബന്ധമില്ലെന്നായിരുന്നു സിദ്ധാർഥ് ഈ അടുത്ത് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയത്. നവംബറിൽ ബീഹാറിലെ പട്‌നയിൽ നടന്ന പുഷ്പ 2 ട്രെയിലർ ലോഞ്ചിൽ വൻ ജനാവലി എത്തിയിരുന്നു. ഇത് ചൂണ്ടിക്കട്ടി തമിഴ് യൂട്യൂബർ മദന്‍ ഗൗരിയുമായി സംസാരിക്കുമ്പോഴാണ് സിനിമയ്ക്കെതിരെ താരം വിവാദ പരാമർശം നടത്തിയത്.
‘‘അത് മാര്‍ക്കറ്റിങ്ങാണ്. ഇന്ത്യയില്‍ ആള്‍ക്കൂട്ടമുണ്ടാക്കാന്‍ വലിയ ബുദ്ധിമുട്ടൊന്നുമില്ല. നിര്‍മാണ ജോലിക്കായി ഒരു ജെസിബി കൊണ്ടുവന്നാല്‍പ്പോലും ആളുകൂടും. അതുകൊണ്ട് ബിഹാറില്‍ ആള്‍ക്കൂട്ടമുണ്ടാവുന്നത് വലിയ കാര്യമൊന്നുമല്ല. ഇന്ത്യയില്‍ ക്വാളിറ്റിയും ആള്‍ക്കൂട്ടവും തമ്മില്‍ യാതൊരു ബന്ധവുമില്ല. മറിച്ചായിരിന്നെങ്കില്‍, ഇന്ത്യയില്‍ എല്ലാ പാര്‍ട്ടികളും തിരഞ്ഞെടുപ്പില്‍ വിജയിക്കുമായിരുന്നു. ഞങ്ങളുടെ കാലത്ത് ബിരിയാണിക്കും ക്വാര്‍ട്ടര്‍ പാക്കറ്റ് മദ്യത്തിനും വേണ്ടിയായിരുന്നു ആള്‍ക്കൂട്ടമുണ്ടായിരുന്നത്.’’–സിദ്ധാർഥ് അഭിമുഖത്തിൽ പറഞ്ഞു.
അതേസമയം, അല്ലു അര്‍ജുന്‍ നായകനായ പുഷ്പയുടെ രണ്ടാം ഭാഗമായ പുഷ്പ 2 തിയറ്ററുകളിൽ വലിയ തരംഗം സൃഷ്ടിച്ച് പ്രദര്‍ശനം തുടരുകയാണ്. ആഗോള തലത്തില്‍ ഏറ്റവും വേഗത്തില്‍ 1000 കോടി കലക്‌ഷന്‍ നേടുന്ന ചിത്രമെന്ന റെക്കോഡും ഈ ചിത്രം സ്വന്തമാക്കിക്കഴിഞ്ഞു.
English Summary:
Siddharth Breaks Silence Over JCB Dig At Allu Arjun Starrer Pushpa 2
7rmhshc601rd4u1rlqhkve1umi-list mo-entertainment-common-tollywoodnews mo-movie-pushpa-2 mo-entertainment-movie-alluarjun 3gnf5ugf0v1qlcdpfvjklb8gi8 f3uk329jlig71d4nk9o6qq7b4-list mo-entertainment-movie-siddharth
Source link