KERALAM

തോട്ടട  ഐടിഐ  സംഘർഷം; എസ്എഫ്ഐ  –  കെഎസ്‌യു  പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു

കണ്ണൂർ: തോട്ടട ഐടിഐ സംഘർഷവുമായി ബന്ധപ്പെട്ട് എസ്എഫ്ഐ – കെഎസ്‌യു പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. സംഘർഷത്തിൽ പരിക്കേറ്റ കെഎസ്‌യു പ്രവർത്തകൻ മുഹമ്മദ് റിബിന്റെ പരാതിയിൽ 11 എസ്എഫ്ഐ പ്രവർത്തകർക്കെതിരെയും പരിക്കേറ്റ എസ്എഫ്ഐ പ്രവർത്തകർ ആഷികിന്റെ പരാതിയിൽ ആറ് കെഎസ്‌യു പ്രവർത്തകർ‌ക്കെതിരെയുമാണ് കേസെടുത്തിരിക്കുന്നത്. പൊലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിൽ 17 എസ‌്എഫ്ഐ – കെഎസ്‌യു പ്രവർത്തകരുടെ പേരിലും കേസുണ്ട്. സംഭവത്തിൽ മുഴുവൻ രാഷ്ട്രീയ സംഘടനകളെയും ഉൾപ്പെടുത്തി നാളെ പൊലീസ് സ‌ർവകക്ഷിയോഗം ചേരും.

സംഘർഷത്തെ തുടർന്ന് കെഎസ്‌യു ഇന്ന് ജില്ലയിൽ പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്തു. പ്രൊഫഷണൽ കോളേജ് ഉൾപ്പെടെ ജില്ലയിലെ മുഴുവൻ ക്യാമ്പസുകളിലും പഠിപ്പ് മുടക്കും. സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാനാണ് തീരുമാനം. കെഎസ്‌യു പ്രവ‌ർത്തകർക്ക് സംഘർഷത്തിൽ പരിക്കേറ്റത്തിന്റെ പശ്ചാത്തലത്തിലാണ് പഠിപ്പ് മുടക്ക്. കഴുത്തിനും നട്ടെല്ലിനും പരിക്കേറ്റ കെഎസ്‌യു യൂണിറ്റ് പ്രസിഡന്റ് റിബിൻ കണ്ണൂർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. കഴിഞ്ഞ ദിവസമാണ് ക്യാമ്പസിൽ കെഎസ്‌യു കൊടികെട്ടിയത്. ഇതിന് പിന്നാലെയാണ് എസ്എഫ്ഐ – കെഎസ്‌യു പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയത്. പൊലീസ് ലാത്തി വീശീയാണ് സംഘർഷം നിയന്ത്രിച്ചത്. സംഘർഷത്തെ തുടർന്ന് ഐടിഐ അനിശ്ചിത കാലത്തേക്ക് അടച്ചിട്ടിരിക്കുകയാണ്. കണ്ണൂർ സർവകലാശാല യൂണിയൻ ഇന്ന് മുതൽ സംഘടിപ്പിക്കുന്ന ലിറ്റ്റേച്ചർ ഫെസ്റ്റിവെൽ ബഹിഷ്കരിക്കാനും കെഎസ്‌യു തീരുമാനിച്ചിട്ടുണ്ട്.


Source link

Related Articles

Back to top button