ശബരിമലയിൽ ദിലീപിന് വിഐപി പരിഗണന നൽകിയത് ഗൗരവതരം; നടന് സൗകര്യമൊരുക്കാൻ ഭക്തരെ തടഞ്ഞെന്നും ഹൈക്കോടതി

കൊച്ചി: ശബരിമലയിൽ നടൻ ദിലീപിന് വി ഐ പി പരിഗണന നൽകിയത് ഗൗരവതരമെന്ന് ഹൈക്കോടതി. എന്ത് പ്രത്യേക പരിഗണനയിലാണ് ഇത്തരം ആളുകളുള്ളതെന്നും കോടതി ചോദിച്ചു. ദിലീപിന് ദർശനം നടത്താനുള്ള സൗകര്യം ഒരുക്കാൻ വേണ്ടി മറ്റ് ഭക്തരെ തടഞ്ഞെന്ന് കോടതി നിരീക്ഷിച്ചു.

ദൃശ്യങ്ങൾ പരിശോധിച്ചു. ഇതിൽ നിന്ന് മറ്റ് ഭക്തർക്ക് തടസം നേരിട്ടെന്ന് വ്യക്തമാണ്. ഇത്തരത്തിലുള്ള കാര്യങ്ങൾ അനുവദിക്കാൻ ഒരു ഉദ്യോഗസ്ഥനും അധികാരമില്ലെന്നും കോടതി നിരീക്ഷിച്ചു.


വരിനിന്ന ഭക്തർക്ക് തടസമുണ്ടാക്കി നടൻ ദിലീപിനും സംഘത്തിനും പൊലീസ് അകമ്പടിയിൽ ശബരിമല ദർശനത്തിന് ആരാണ് അനുമതി നൽകിയതെന്ന് ഹൈക്കോടതി നേരത്തെ ചോദിച്ചിരുന്നു. നടന് എന്താണ് പ്രിവിലേജെന്നും, ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരേ കോടതിയലക്ഷ്യ നടപടിയെടുക്കേണ്ടിവരുമെന്നും ജസ്റ്റിസുമാരായ അനിൽ കെ. നരേന്ദ്രൻ, എസ്. മുരളീകൃഷ്ണ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ച് മുന്നറിയിപ്പു നൽകിയിരുന്നു.

വ്യാഴാഴ്ച രാത്രിയാണ് ദിലീപും സംഘവും ശബരിമലയിലെത്തിയത്. ഹരിവരാസന സമയത്ത് ദിലീപ് ദർശനം നടത്തിയിരുന്നെന്ന് എക്സിക്യുട്ടീവ് ഓഫീസ‌റുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്. ദിലീപും സംഘവും ആലപ്പുഴ ജില്ലാ ജഡ്ജി കെ.കെ. രാധകൃഷ്ണനും ഒപ്പമുള്ളവരും നോർക്ക ചുമതല വഹിക്കുന്ന കെ.പി. അനിൽകുമാറും കൂടെയുള്ളവരും പൊലീസ് അകമ്പടിയോടെ സോപാനത്തേക്ക് വന്നു.

ദിലീപ്, ജില്ലാജഡ്ജി കെ.കെ. രാധകൃഷ്ണൻ, കെ.പി. അനിൽകുമാർ എന്നിവരെ ദർശനത്തിനായി കയറ്റിനിറുത്തി. കൂടെയുള്ളവരെ ജനറൽ ക്യൂവിലേക്ക് വിട്ടു. ശബരിമല ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ, അസിസ്റ്റന്റ് എക്സിക്യുട്ടിവ് ഓഫീസർ, സോപാനം സ്‌പെഷ്യൽ ഓഫീസർ എന്നിവർ ഈസമയം അവിടെ ഉണ്ടായിരുന്നു.

പിൻനിരയിലൂടെ വന്ന ഭക്തരെ തടഞ്ഞു. കുട്ടികളും വൃദ്ധരും ഭിന്നശേഷിക്കാരുമടക്കം മണിക്കൂറുകൾ വരി നിന്നെത്തിയവർക്ക് ക‌ൃത്യമായ ദർശനം സാദ്ധ്യമായില്ലെന്ന് മുമ്പ് കോടതി വിലയിരുത്തിയിരുന്നു.

പ്രത്യേക ദർശനത്തിന് പരിഗണന നൽകേണ്ട ഭരണഘടനാ പദവിയിലുള്ളവരെ സുപ്രീംകോടതി നിർവചിച്ചിട്ടുണ്ട്. സിനിമാതാരത്തിന് അത്തരം പരിഗണനയില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.


Source link
Exit mobile version