തിരുവനന്തപുരം: വിവിധ വകുപ്പുകളിലെ ടൈപ്പിസ്റ്റ് പോലുള്ള സമാന തസ്തികകളിൽ ഒറ്റപ്പരീക്ഷ നടത്തി കുറച്ചുപേരെ മാത്രം ഉൾപ്പെടുത്തി ഓരോ വകുപ്പിനും പ്രത്യേകം റാങ്ക് ലിസ്റ്ര് പി.എസ്.സി തയ്യാറാക്കുന്നതുമൂലം നിയമനം കുറയുന്നത് ഉദ്യോഗാർത്ഥികൾക്ക് തിരിച്ചടിയാകുന്നു. ഉയർന്ന റാങ്ക് വാങ്ങുന്നവർ എല്ലാ റാങ്ക് ലിസ്റ്റിലും ഉൾപ്പെടുന്നതുകാരണം അല്പം മാർക്ക് കുറഞ്ഞവർക്ക് ലിസ്റ്റിൽ ഇടംപിടിക്കാതെ അവസരം നഷ്ടമാകും. വിവിധ വകുപ്പുകളിലെ ടൈപ്പിസ്റ്റ്, സ്‌റ്റെനോഗ്രാഫർ, കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് തസ്തികകളിലാണ് ഈ രീതി.
ഉയർന്ന റാങ്കു നേടുന്നവർ ഒരു തസ്തികയിലേക്ക് നിയമനം നേടിയാലും മറ്റു ലിസ്റ്റുകളിൽ തുടരും. ഇവയിൽ നിയമന ശുപാർശ അയയ്ക്കുമ്പോൾ ഇവർ ജോലിക്ക് ഹാജരാകില്ല. ഇങ്ങനെയുണ്ടാകുന്ന എൻ.ജെ.ഡി ഒഴിവിൽ യഥാസമയം നിയമനം നടക്കാറില്ല.
15പേർ മാത്രമുള്ള ടൈപ്പിസ്റ്റ് ലിസ്റ്റ് വരെയുണ്ട്. ഇതിൽ ഉൾപ്പെട്ടവർ മറ്റുജോലിക്ക് പ്രവേശിക്കുന്നതോടെ ഈ ലിസ്റ്റ് റദ്ദാക്കുന്ന അവസ്ഥയാണ്. ആഗസ്റ്റ് 13ന് ഒറ്റപരീക്ഷയിലൂടെ പി.എസ്.സി നടത്തിയത് 19 ടൈപ്പിസ്റ്റ്/ സ്‌റ്റെനോഗ്രാഫർ തസ്തികയിലേക്കുള്ള തിരഞ്ഞെടുപ്പാണ്. 2023 ആഗസ്റ്റ് 12ന് നടത്തിയ ടൈപ്പിസ്റ്റ് / സ്‌റ്റെനോഗ്രാഫർ പരീക്ഷയിൽ ഉൾപ്പെടുത്തിയത് 5 തസ്തികകളാണ്.
സ്വയം ഒഴിവാകൽ
നടപടിയിൽ മാറ്റം
മെച്ചപ്പെട്ട ജോലി ലഭിച്ചാൽ മറ്റു ലിസ്റ്റുകളിൽ നിന്ന് സ്വയം ഒഴിവാകാനുള്ള (റിലിങ്ക്യുഷ്മെന്റ് ) നടപടി പി.എസ്.സി കടുപ്പിച്ചതോടെ അതിന് പലരും തയ്യാറാകുന്നില്ല. ഇതുമൂലം എൻ.ജെ.ഡി ഒഴിവുകൾ റിപ്പോർട്ട് ചെയ്യാനും കാലതാമസം എടുക്കുന്നു. നേരത്തെ ഗസറ്റഡ് ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തി അപേക്ഷ നൽകിയാൽ മതിയായിരുന്നു. നോട്ടറി അറ്റസ്റ്റേഷൻ നിർബന്ധമാക്കിയതോടെ സ്വയം ഒഴിവാകാൻ 2,000 രൂപവരെ ചെലവുവരും. ഓരോ ഉദ്യോഗാർത്ഥിക്കും സുരക്ഷിതമായ പ്രൊഫൈൽ ഉണ്ടെന്നിരിക്കെ അതിലൂടെ സ്വയം ഒഴിവാകാൻ അവസരം നൽകണമെന്നാണ് ഉദ്യോഗാർത്ഥികളുടെ ആവശ്യം.
Source link