KERALAM

ആലപ്പുഴ ഷാൻ വധം: അഞ്ച് പ്രതികളുടെ ജാമ്യം റദ്ദാക്കി

കൊച്ചി: എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന ആലപ്പുഴ സ്വദേശി അഡ്വ. കെ.എസ്. ഷാനെ വധിച്ച കേസിൽ ആർ.എസ്.എസ് – ബി.ജെ.പി പ്രവർത്തകരായ 5 പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി. രണ്ടു മുതൽ ആറു വരെ പ്രതികളായ വിഷ്ണു, അഭിമന്യു, സനന്ത്, അതുൽ, ധനേഷ് എന്നിവരുടെ ജാമ്യമാണ് റദ്ദാക്കിയത്. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത പ്രതികളാണിവർ. പ്രതികൾക്ക് ജാമ്യം നൽകിയ സെഷൻസ് കോടതി ഉത്തരവിനെതിരായ സർക്കാരിന്റെ ഹർജിയിലാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ഉത്തരവ്.

ഹീനമായ കുറ്റകൃത്യത്തിൽ നേരിട്ടു പങ്കെടുത്തവർക്ക് ജാമ്യം അനുവദിച്ചത് അനുചിതമായെന്ന് ഹൈക്കോടതി വിലയിരുത്തി. ജാമ്യം റദ്ദാക്കാനുള്ള പ്രോസിക്യൂഷന്റെ അപേക്ഷ ഒരു വർഷം വൈകിയ സാഹചര്യത്തിൽ പ്രതികൾക്ക് പുതിയ ജാമ്യഹർജിയുമായി വിചാരണക്കോടതിയെ സമീപിക്കാമെന്നും വ്യക്തമാക്കി.

അതേസമയം, കേസിലെ മറ്റ് അഞ്ച് പ്രതികൾക്ക് ജാമ്യം നൽകിയ സെഷൻസ് കോടതി ഉത്തരവിൽ ഹൈക്കോടതി ഇടപെട്ടില്ല.
2021 ഡിസംബർ 18ന് വീട്ടിലേക്ക് സ്‌കൂട്ടറിൽ പോയ ഷാനെ മണ്ണഞ്ചേരി – പൊന്നാട് റോഡിൽ വച്ച് കാർ ഇടിച്ചുവീഴ്‌ത്തിയശേഷം അഞ്ചംഗസംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കേസിൽ 11 പ്രതികളാണുള്ളത്. 11ാം പ്രതിക്ക് ജാമ്യം നൽകിയത് ഹൈക്കോടതിയായതിനാൽ അത് ചോദ്യം ചെയ്യപ്പെട്ടില്ല.


Source link

Related Articles

Back to top button