‘എനിക്ക് ആരേയും പേടിയില്ല, പറഞ്ഞത് ബോദ്ധ്യമുള്ള കാര്യം’; ആവർത്തിച്ച് ആർ ശ്രീലേഖ
തിരുവനന്തപുരം: പറഞ്ഞത് ബോദ്ധ്യമുള്ള കാര്യങ്ങളാണെന്ന് വീണ്ടും ആവർത്തിച്ച് മുൻ ഡിജിപി ആർ ശ്രീലേഖ. ദിലീപിനെതിരെ കോടതിയിൽ തെളിവില്ലെന്ന ശ്രീലേഖയുടെ പ്രസ്താവനയ്‌ക്കെതിരെ അതിജീവിത നിയമനടപടി സ്വീകരിച്ചതിന് പിന്നാലെ മാദ്ധ്യമത്തോട് പ്രതികരിക്കുകയായിരുന്നു അവർ.
‘എനിക്ക് ആരേയും പേടിയില്ല. പറയുന്നവർ പറയട്ടെ. ഞാൻ പറഞ്ഞ കാര്യങ്ങളിൽ എനിക്ക് നല്ല ബോദ്ധ്യമുണ്ട്’,- ശ്രീലേഖ പറഞ്ഞു. നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ തെളിവുകളില്ലെന്ന് ഒരു ഓൺലെെൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ശ്രീലേഖ പറഞ്ഞത്. ഇത് കോടതിലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അതിജീവിത ഇപ്പോൾ കോടതിയെ സമീപിച്ചിരിക്കുന്നത്.
ശ്രീലേഖ അന്ന് പറഞ്ഞ വാക്കുകൾ
‘സത്യത്തിൽ ദിലീപ് ഇതിൽ ഉൾപ്പെട്ടിട്ടില്ലെന്ന് ബോദ്ധ്യം എനിക്ക് ആസമയത്ത് തന്നെ വന്നിരുന്നു. ഈ കേസിൽ ദിലീപ് നിരപരാധിയാണെന്ന ഉത്തമ ബോദ്ധ്യമുണ്ടെനിക്ക്. ഞാൻ നേരിട്ട് അന്വേഷിച്ചതും ചോദിച്ച് മനസിലാക്കിയതും കണ്ടെത്തിയ വസ്തുതകളും അതാണ്. അതൊക്കെ ഏതെങ്കിലും അവസരത്തിൽ പറയണമല്ലോ. അതാണ് പറഞ്ഞത്. നടി ആക്രമിക്കപ്പെട്ട കേസിന്റെ അന്വേഷണം കഴിഞ്ഞതിനുശേഷം പറയാമെന്നാണ് കരുതിയത്. പക്ഷെ അതൊന്നും ഒരിക്കലും അവസാനിക്കില്ലെന്ന് മനസിലായി. കാരണം തീർന്നാൽ ചീട്ടുകൊട്ടാരം പോലെ ഈ കേസ് പൊളിയും. അതുകൊണ്ട് ഉൾവിളി വന്നപ്പോൾ ആണ് ഞാൻ തുറന്ന് പറഞ്ഞത്.
ദിലീപിനെ പിന്തുണച്ച് കൊണ്ടല്ല പറഞ്ഞത്. കേസിന്റെ ശാസ്ത്രീയ തെളിവുകളാണ് അവതരിപ്പിച്ചത്. ഒരു പെൺകുട്ടിയെ പീഡിപ്പിച്ച കേസ് വരുമ്പോൾ ഞാൻ അവരോടൊപ്പമാണ് നിൽക്കേണ്ടത്. ജയിലിൽ വച്ച് അവശനിലയിലുളള ദിലീപിനെ കാണുന്നതുവരെ ഞാൻ അങ്ങനെയായിരുന്നു. അതിനെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് കൂടുതൽ കാര്യങ്ങൾ മനസിലായത്.
ചില കേസുകൾ കഷ്ടപ്പെട്ട് അന്വേഷിച്ച് അത് കോടതിയിലെത്തിക്കുമ്പോൾ വേണ്ടത്ര പ്രതികരണം കിട്ടാതെ വരുമ്പോൾ വലിയ നിരാശ ഉണ്ടാകാറുണ്ട്. ദീലീപിന്റെ കാര്യത്തിലും മുഖ്യമന്ത്രി ഉൾപ്പടെയുളളവരോട് ഞാൻ വിശദീകരിച്ചു. പക്ഷെ അവർക്കൊക്കെ ഞാൻ പറയുന്നത് അറിയാം. അത് അവർ അംഗീകരിച്ചിട്ടില്ല. കേസ് നടക്കുകയാണല്ലോയെന്നായിരുന്നു പ്രതികരണം’.
Source link