വാരിയെല്ലുകൾ പൊട്ടി, മരണകാരണം തലയ്ക്ക് പിന്നിലേറ്റ ക്ഷതം; ആൽവിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

കോഴിക്കോട്: കാർ ചേസിംഗ് റീൽസ് ചിത്രീകരിക്കുന്നതിനിടെ മരിച്ച ടി കെ ആൽവിന്റെ (20) പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. മരണകാരണം ആന്തരിക ക്ഷതമേറ്റതാണെന്നാണ് റിപ്പോർട്ടിലുള്ളത്. വരിയെല്ലുകൾ പൊട്ടിയിട്ടുണ്ട്. കൂടാതെ ആന്തരിക രക്തസ്രാവമുണ്ടായിട്ടുണ്ട്. തലയ്ക്ക് പിന്നിലേറ്റ് ക്ഷതമാണ് മരണകാരണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

പോസ്റ്റ്‌‌മോർട്ടം നടപടികൾ പൂർത്തിയായി. വടകര കടമേരിയിലെ വീട്ടുവളപ്പിൽ വെെകിട്ടോടെ സംസ്കരിക്കും. കാറോടിച്ച സാബിദിനെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്. വീഡിയോഗ്രാഫറായ കടമേരി വേളത്ത് താഴെ കുനി നെടുഞ്ചാലിൽ സുരേഷിന്റെയും ബിന്ദുവിന്റെയും ഏക മകനാണ് മരിച്ച ടി കെ ആൽവിൻ.

കോഴിക്കോട് ബീച്ച് റോഡിൽ പൊലീസ് സ്റ്റേഷന് സമീപം ഇന്നലെ രാവിലെ ഏഴരയോടെയായിരുന്നു അപകടമുണ്ടായത്. കോഴിക്കോട്ടെ ഒരു സ്വകാര്യ കമ്പനിക്കായി ഡിഫൻഡർ, ബെൻസ് കാറുകളുടെ ചേസിംഗ് വീഡിയോ റോഡിന് നടുവിൽ നിന്ന് ചിത്രീകരിക്കുകയായിരുന്നു ആൽവിൽ. അതിവേഗത്തിലെത്തിയ കാർ നിയന്ത്രണം വിട്ട് ആൽവിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവർ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും 11.30ഓടെ മരിച്ചു.

അപകടത്തെത്തുടർന്ന് കാറുകൾ ഓടിച്ചിരുന്ന മഞ്ചേരി സ്വദേശി സാബിദ് റഹ്മാൻ, ഇടശേരി സ്വദേശി മുഹമ്മദ് റബീസ് എന്നിവരെ ഇന്നലെ തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മുമ്പ് ജോലി ചെയ്തിരുന്ന കമ്പനിക്കായി സൗഹൃദത്തിന്റെ പേരിലാണ് ആൽവിൻ വീഡിയോ ചിത്രീകരിച്ചത്. സിനിമാറ്റോഗ്രാഫർ കൂടിയായ ആൽവിൻ മുമ്പും വാഹനങ്ങളുടെ ചേസിംഗ് റീൽസുകൾ ഷൂട്ട് ചെയ്തിട്ടുണ്ട്. ജോലിയുമായി ബന്ധപ്പെട്ട് ഗൾഫിലായിരുന്ന ആൽവിൻ ഒരാഴ്ച മുമ്പാണ് നാട്ടിലെത്തിയത്. രണ്ടു വർഷം മുമ്പ് ആൽവിന് കിഡ്നി ഓപ്പറേഷൻ കഴിഞ്ഞിരുന്നു. ആറുമാസം കൂടുമ്പോൾ മെഡിക്കൽ ചെക്കപ്പ് നടത്തുന്നതിന്റെ ഭാഗമായാണ് നാട്ടിലെത്തിയത്.


Source link
Exit mobile version