ഡമാസ്കസ്: മരണത്തിന്റെ വിളിയുമായെത്തേണ്ട ദിനത്തിനു തലേന്ന് ജീവിതത്തിന്റെ വാതിൽ തുറന്നുകിട്ടിയതിന്റെ അതിശയം മാറിയിട്ടില്ല ബാഷര്‍ ബര്‍ഹൂമിന്. സിറിയൻ എഴുത്തുകാരനാണ് ബർഹൂം ( 63). ഏഴുമാസമായി സൂര്യപ്രകാശം കാണാതെ ഡമാസ്കസിനടുത്തുള്ള സെയ്ദ്നയ തടവറയിൽ കഴിയുകയായിരുന്നു. വിമത നീക്കത്തില്‍ സര്‍ക്കാര്‍ വീണതോടെ ജീവിതം തിരിച്ചുകിട്ടിയത് അദ്ദേഹത്തിന് ആദ്യം വിശ്വസിക്കാനായില്ല.വധശിക്ഷ നടപ്പാക്കാൻ ഒരുദിനം മാത്രമുള്ളപ്പോൾ വിമതർ സിറിയയുടെ അധികാരികളായി. ‘മനുഷ്യരുടെ കശാപ്പുശാല’യെന്നു പേരുവീണ സെയ്ദ്നയയുടെ പൂട്ടുകൾ അവർ തുറന്നു. ആയിരക്കണക്കിനു തടവുകാർ പുറത്തേക്കൊഴുകി. അവരിലൊരാളായി ബർഹൂമും. ഞായറാഴ്ചയായിരുന്നു ബർഹൂമിന്റെ വധശിക്ഷ നടക്കേണ്ടിയിരുന്നത്. ഡമാസ്കസിലെ തടവറയിൽ രാവിലെ കണ്ണുതുറക്കുമ്പോൾ സെല്ലിനടുത്ത് ചിലയാളുകൾ നിൽക്കുന്നത് ബർഹൂം കണ്ടിരുന്നു. അല്പസമയത്തിനുശേഷം മാത്രമാണ് അത് താനടക്കമുള്ള തടവുപുള്ളികളെ തുറന്നുവിടാൻ വന്ന വിമതസംഘമാണെന്നും ബഷർ അൽ അസദിന്റെ സുരക്ഷാ ഉദ്യോഗസ്ഥരല്ലെന്നും അദ്ദേഹത്തിന് മനസിലായത്.
Source link