KERALAM

പൊതുനിരത്തിൽ റീൽസ്, മത്സരയോട്ടം; കർശന നടപടി സ്വീകരിക്കണമെന്ന് പൊലീസ് മേധാവിക്ക് നിർദേശം

കോഴിക്കോട്: ബീച്ച് റോഡിൽ റീൽസ് ചിത്രീകരിക്കുന്നതിനിടെ വീഡിയോഗ്രാഫർ കാറിടിച്ച് മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഗതാഗത നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് നിർദേശം. ഇതുസംബന്ധിച്ച് മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് സംസ്ഥാന പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകി. വിഷയത്തിൽ സംസ്ഥാന പൊലീസ് മേധാവി സ്വീകരിച്ച നടപടികളെക്കുറിച്ച് നാല് ആഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മിഷൻ നിർദ്ദേശം നൽകി.

കോഴിക്കോട് ബീച്ചിൽ യുവാവ് മരിക്കാനിടയായ സംഭവത്തിന്റെ വിശദാംശങ്ങൾ പരിശോധിച്ച് വിശദമായ അന്വേഷണം നടത്തി കോഴിക്കോട് പൊലീസ് കമ്മീഷണർ നാല് ആഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു. ജനുവരി 30ന് രാവിലെ 10.30 ന് കോഴിക്കോട് സർക്കാർ ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. ഇത്തരം സംഭവങ്ങൾ മത്സരഓട്ടത്തിൽ ഏർപ്പെടുന്നവർക്ക് പുറമേ മറ്റ് വാഹനങ്ങൾ ഓടിക്കുന്നവർക്കും കാൽനടയാത്രക്കാർക്കും ഭീഷണിയാണെന്ന് ഉത്തരവിൽ പറയുന്നു.

സമൂഹമാദ്ധ്യമത്തിൽ ജനപ്രീതിയുണ്ടാക്കാൻ അപകടകരമായ നിലയിൽ റീലുകൾ ചിത്രീകരിക്കുന്ന പ്രവണത വർദ്ധിച്ചുവരികയാണെന്ന് കമ്മിഷൻ ചൂണ്ടിക്കാട്ടി. ഇത്തരം ചിത്രീകരണങ്ങൾക്കായി ഗതാഗത നിയമങ്ങൾ കാറ്റിൽ പറത്തി അപകടരമായി വാഹനം ഓടിക്കുന്നത് പതിവ് സംഭവമായി മാറിയിരിക്കുന്നു. മത്സര ഓട്ടങ്ങൾക്കായുള്ള മൈതാനമായി പൊതുനിരത്തുകളെ മാറ്റുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കെ.ബൈജുനാഥ് സംസ്ഥാന പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകി. പത്രവാർത്തകളുടെ അടിസ്ഥാനത്തിൽ അഡ്വ.വി.ദേവദാസ് സമർപ്പിച്ച പരാതിയിലാണ് കമ്മിഷന്റെ ഇടപെടൽ.

വീഡിയോഗ്രാഫറായ കടമേരി വേളത്ത് താഴെ കുനി നെടുഞ്ചാലിൽ സുരേഷിന്റെയും ബിന്ദുവിന്റെയും ഏക മകൻ ടി.കെ.ആൽവിൻ (20) ആണ് മരിച്ചത്. കോഴിക്കോട് ബീച്ച് റോഡിൽ പൊലീസ് സ്റ്റേഷന് സമീപം ഇന്നലെ രാവിലെ ഏഴരയോടെയായിരുന്നു അപകടമുണ്ടായത്. കോഴിക്കോട്ടെ ഒരു സ്വകാര്യ കമ്പനിക്കായി ഡിഫൻഡർ, ബെൻസ് കാറുകളുടെ ചേസിംഗ് വീഡിയോ റോഡിന് നടുവിൽ നിന്ന് ചിത്രീകരിക്കുകയായിരുന്നു ആൽവിൽ. ഇതിനിടെ അതിവേഗത്തിലെത്തിയ കാർ നിയന്ത്രണം വിട്ട് ആൽവിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവർ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും 11.30ഓടെ മരിച്ചു.


Source link

Related Articles

Back to top button