ദെറാ: ബഷര്‍ അല്‍-അസദിന്റെ അടിച്ചമര്‍ത്തലില്‍നിന്ന് വിമതര്‍ നല്‍കിയ സ്വാതന്ത്ര്യത്തിന്റെ ഭാവി ആശങ്കയിലാണെങ്കിലും ജനങ്ങള്‍ ആഹ്ലാദത്തിലാണ്. അനധികൃതമായി തടവിലാക്കപ്പെടുകയും കൊന്നൊടുക്കപ്പെടുകയും ചെയ്തിരുന്ന ഒരു ജനതയ്ക്ക്, വെടിയുണ്ടകളെ പേടിക്കാതെ തെരുവിലിറങ്ങി നടക്കാന്‍ കഴിയുന്നതിന്റെ ആശ്വാസം പറഞ്ഞറിയിക്കാവുന്നതിലും വലുതാണെന്ന് സിറിയയില്‍നിന്നു പുറത്തുവരുന്ന ദൃശ്യങ്ങളില്‍നിന്നു വ്യക്തമാണ്. എന്നാല്‍, എവിടെ നിന്നായിരുന്നു ഇതിന്റെയൊക്കെ തുടക്കം? വര്‍ഷങ്ങളായി അനുഭവിക്കേണ്ടിവന്ന അടിമത്തത്തില്‍നിന്ന് സ്വാതന്ത്ര്യം നേടാന്‍ ഉറച്ച് പോരാടിയിരുന്നവരുടെ ഉള്ളിലെ തീ ആളിക്കത്തിച്ചത് ഒരു 13 വയസുകാരന്റെ മരണമായിരുന്നു.ജോര്‍ദാന്‍ അതിര്‍ത്തിക്കടുത്തുള്ള ദെറാ എന്ന ചെറിയ നഗരത്തില്‍, സര്‍ക്കാരിന്റെ ജനവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ സമരം ചെയ്തവരുടെ കൂട്ടത്തില്‍ അവനും ഉണ്ടായിരുന്നു, ഹംസ അല്‍-ഖാതിബ് എന്ന പതിമൂന്നുകാരന്‍. പ്രതിഷേധക്കാര്‍ക്കൊപ്പം അറസ്റ്റുചെയ്യപ്പെട്ടവരില്‍ ഹംസയും സഹോദരങ്ങളും ഉണ്ടായിരുന്നു. ആഴ്ചകള്‍ക്കുശേഷം, 2011 മെയ് 21 -ന്, മകനെ കാത്തിരുന്ന ആ അമ്മയ്ക്ക് ലഭിച്ചത് മൃഗീയമായി കൊലചെയ്യപ്പെട്ട, വികൃതമാക്കപ്പെട്ട, അംഗഭംഗം ചെയ്യപ്പെട്ട അവന്റെ ശവശരീരമായിരുന്നു. സര്‍ക്കാരിനെതിരായി ചുവരെഴുത്ത് നടത്തിയ യുവാക്കളെ പരസ്യമായി പീഡിപ്പിക്കുന്നതിനെതിരെ ജനരോഷം പുകഞ്ഞുകൊണ്ടിരിക്കവെയാണ് ഹംസയുടെ മരണവും സംഭവിച്ചത്.
Source link