‘അറവുശാലയായ’ തടവറ; രക്ഷപെടുന്ന കുട്ടി, പൊട്ടിക്കരയുന്ന സ്ത്രീകള്‍; അസദ് ഭരണത്തിലെ ക്രൂരദൃശ്യം
ഡമാസ്‌കസ്: ബാഷര്‍ അസദ് സര്‍ക്കാരിനെ അട്ടിമറിച്ച് വിമതര്‍ ഭരണംപിടിച്ച സിറിയയില്‍നിന്നുള്ള നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവരുന്നു. അസദ് ഭരണകാലത്ത് സിറിയന്‍ തടവറയില്‍ കഴിയേണ്ടിവന്ന പിഞ്ചുബാലനെ വിമതര്‍ മോചിപ്പിച്ചതിന്റെ ദൃശ്യമടക്കമാണ് പുറത്തുവന്നിട്ടുള്ളത്. ‘മനുഷ്യരുടെ കശാപ്പുശാല’ എന്നറിയപ്പെടുന്ന സെദ്നായ ജയിലില്‍ നിന്നാണ് വിമതര്‍ ബാലനേയും ഒട്ടേറെ സ്ത്രീകളേയും മോചിപ്പിച്ചതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. ജയിലിലേക്ക് ഇരച്ചുകയറിയ വിമതര്‍ കുട്ടിയെ സെല്ലില്‍ നിന്ന് മോചിപ്പിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.നിരവധി സ്ത്രീകളെ വിമതര്‍ ജയിലില്‍ നിന്ന് തുറന്നുവിടുന്നതും ദൃശ്യങ്ങളില്‍ കാണാം. മോചിപ്പിക്കപ്പെട്ട കുട്ടിയുടെ വധശിക്ഷ ഞായറാഴ്ച നടപ്പാക്കേണ്ടതായിരുന്നുവെന്ന് ഒരാള്‍ അല്‍ ജസീറയോട് പറഞ്ഞു. ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല. തടവുകാര്‍ക്കെതിരെ നടക്കുന്ന ക്രൂര പീഡനങ്ങളുടെ പേരില്‍ കുപ്രസിദ്ധമാണ് സിറിയന്‍ തലസ്ഥാനമായ ദമാസ്‌കസിനടുത്തുള്ള സെദ്നായ ജയില്‍. 2011-ല്‍ സിറിയയില്‍ ആഭ്യന്തരയുദ്ധം ആരംഭിച്ച ശേഷം ഇതുവരെ 5000-ത്തിനും 13000-ത്തിനും ഇടയില്‍ തടവുകാരെ ഇവിടെ തൂക്കിലേറ്റിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്.
Source link