ഹുസൈൻ സഖാഫി ചുള്ളിക്കോട് ഹജ്ജ് കമ്മിറ്റി ചെയർമാൻ

മലപ്പുറം: സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാനായി അഡ്വ. ഹുസൈൻ മുഹമ്മദ് സഖാഫി ചുള്ളിക്കോടിനെ തിരഞ്ഞെടുത്തു. മലപ്പുറം ജില്ലാ കളക്ടർ വി.ആർ.വിനോദിന്റെ അദ്ധ്യക്ഷതയിൽ തിരുവനന്തപുരത്ത് ചേർന്ന യോഗത്തിൽ കമ്മിറ്റിയംഗം ഉമർ ഫൈസി മുക്കമാണ് നാമനിർദ്ദേശം ചെയ്തത്. അഡ്വ. മൊയ്തീൻകുട്ടി പിന്താങ്ങി. റിട്ടേണിംഗ് ഓഫീസർ വി.ആർ. ബിന്ദു തിരഞ്ഞെടുപ്പ് നടപടികൾക്ക് നേതൃത്വമേകി. തുടർന്ന് മന്ത്രി വി. അബ്ദുറഹ്മാന്റെ അദ്ധ്യക്ഷതയിൽ പുതിയ ഹജ്ജ് കമ്മിറ്റിയുടെ പ്രഥമ മീറ്റിംഗിൽ 2025 വർഷത്തെ ഹജ്ജ് ഒരുക്കങ്ങൾ വിലയിരുത്തി. 2024-27 വരെയാണ് പുതിയ ഹജ്ജ് കമ്മിറ്റിയുടെ കാലാവധി.

മലപ്പുറം കുഴിമണ്ണ തവനൂർ സ്വദേശിയായ ഹുസൈൻ സഖാഫി കാന്തപുരം വിഭാഗം സമസ്ത മുശാവറ അംഗവും മർകസ് എക്സിക്യൂട്ടീവ് അംഗവും കോഴിക്കോട് ജാമിഅ മർകസ് പ്രോ-ചാൻസിലറുമാണ്. മഞ്ചേരി ജില്ലാ കോടതിയിൽ അഭിഭാഷകനാണ്. അന്താരാഷ്ട്ര പണ്ഡിത സമ്മേളനങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. ആരാധനാലയങ്ങളുടെ സെൻസസിനായി സർക്കാർ നിയോഗിച്ച കമ്മിറ്റിയിൽ അംഗമായിരുന്നു.

മർകസ് ശരീഅ കോളേജിൽ നിന്ന് മതപഠനത്തിൽ ബിരുദവും കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് അറബി ഭാഷയിലും നിയമപഠനത്തിലും ബിരുദവും അറബിയിൽ ബിരുദാനന്തര ബിരുദവും നേടി. ആന്ധ്രയിലെ ശ്രീ വെങ്കിടേശ്വര യൂണിവേഴ്സിറ്റിയിൽ നിന്ന് നിയമത്തിൽ ബിരുദാനന്തര ബിരുദവും 2004ൽ കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് പിഎച്ച്.ഡിയും കരസ്ഥമാക്കി.


Source link
Exit mobile version