KERALAM

17പൈസ ഇന്ധന സെസ് ആവശ്യം തള്ളി കമ്മിഷൻ, അധിക ഇരുട്ടടി അനുവദിച്ചില്ല

തിരുവനന്തപുരം: വൈദ്യുതി നിരക്ക് യൂണിറ്റിന് 16 പൈസ വർദ്ധിപ്പിച്ച് നടപ്പിലാക്കിയതിനു പിന്നാലെ ഇന്ധനസെസ് ഇനത്തിൽ യൂണിറ്റിന് 17 പൈസ കൂടി വർദ്ധിപ്പിക്കണമെന്ന കെ.എസ്.ഇ.ബിയുടെ ആവശ്യം സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ തള്ളി. ഇതുസംബന്ധിച്ച് ഇന്നലെ നടന്ന പൊതുതെളിവെടുപ്പിലാണ് കെ.എസ്.ഇ.ബിയുടെ അപേക്ഷ കമ്മിഷൻ ചെയർമാൻ ടി.കെ.ജോസ് നിരാകരിച്ചത്. ഡിസംബർ 5നാണ് സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടിയത്.

നിലവിൽ ഇന്ധന സെസായി 20 പൈസ വാങ്ങുന്നുണ്ട്. ഇതുൾപ്പെടെ ഈ മാസം മുതൽ 36പൈസയാണ് യൂണിറ്റ് വൈദ്യുതിയിൽ ജനങ്ങൾ കൂടുതൽ നൽകേണ്ടിവരിക. അതിനു പുറമെയാണ് 17പൈസ കൂടി മൂന്നു മാസത്തേക്ക് ഈടാക്കാൻ അനുവദിക്കണമെന്ന അപേക്ഷ എത്തിയത്.

വൈദ്യുതി വാങ്ങൽ കരാറിനു പുറമെ പെട്ടെന്നുണ്ടാകുന്ന ഉപഭോഗ വർദ്ധനവേളയിൽ വൈദ്യുതികമ്മി നികത്താനാണ് അമിതവിലയ്ക്ക് ഓപ്പൺ മാർക്കറ്റിൽ നിന്ന് വൈദ്യുതി വാങ്ങേണ്ടിവരുന്നത്. പലപ്പോഴും വൈകിട്ട് ആറുമുതൽ രാത്രി പത്തുവരെയുള്ള സമയങ്ങളിലാണിത്. യൂണിറ്റ് വൈദ്യുതിക്ക് ശരാശരി വില 5മുതൽ എട്ടുരൂപവരെയാണ്.എന്നാൽ പീക്ക് അവേഴ്സിൽ ഇത് 12മുതൽ 15രൂപ വരെയാകും.

കേന്ദ്രവൈദ്യുതി നിയമം അനുസരിച്ച് കെ.എസ്.ഇ.ബിക്ക് ഈ നഷ്ടം തൊട്ടടുത്ത മാസത്തിൽ തന്നെ ഇന്ധനസെസായി ബില്ലിൽ ഉൾപ്പെടുത്തി ജനങ്ങളിൽ നിന്ന് ഈടാക്കാം. എന്നാൽ,​ കേരളത്തിൽ ഇങ്ങനെ വാങ്ങാവുന്ന സെസ് 10പൈസയായി നിജപ്പെടുത്തിയിട്ടുണ്ട്. അതിൽ കൂടുതൽ വാങ്ങണമെങ്കിൽ റെഗുലേറ്ററി കമ്മിഷൻ നിശ്ചയിക്കണം. നിലവിൽ കെ.എസ്.ഇ.ബിയുടെ പത്തുപൈസയും റെഗുലേറ്ററി കമ്മിഷന്റെ പത്തുപൈസയും അടക്കം 20 പൈസയാണ് സെസായി വാങ്ങുന്നത്.

കെ.എസ്.ഇ.ബി നിലപാടിലെ പിശക്?​

ഈ വർഷം ഏപ്രിൽ മുതൽ ആഗസ്റ്റ് വരെ പുറമെനിന്ന് വൈദ്യുതി വാങ്ങാൻ 111.15കോടിയാണ് കെ.എസ്.ഇ.ബിക്ക് അധികം ചെലവായത്. യൂണിറ്റിന് 10പൈസ നിരക്കിൽ ഇതുവരെ ഇതിൽ 62.09കോടി രൂപ കെ.എസ്.ഇ.ബി ഈടാക്കി. ശേഷിക്കുന്ന 49.06 കോടി ഈടാക്കാൻ യൂണിറ്റിന് 17 പൈസ വീതം വാങ്ങണമെന്നായിരുന്നു ആവശ്യം. ഇതാണ് കമ്മിഷൻ തള്ളിയത്.

കമ്മിഷൻ അംഗീകരിച്ച റെഗുലേഷൻ പ്രകാരം ഇന്ധന സെസ് കണക്കാക്കേണ്ടത് 3 മാസത്തിലൊരിക്കലാണ്. ഏപ്രിൽ മുതൽ ആഗസ്റ്റ് വരെ 5 മാസത്തെ അധികനഷ്ടം ഒറ്റയടിക്ക് ഈടാക്കുന്നത് ജനങ്ങളിൽ അമിതഭാരമുണ്ടാക്കും. അത് കണക്കിലെടുത്ത് മൂന്നു മാസത്തെ അധിക നഷ്ടം കണക്കാക്കി പുതിയ അപേക്ഷ നൽകാൻ ആവശ്യപ്പെട്ടു. ഇതുപ്രകാരം കണക്കാക്കിയാൽ ഇന്ധന സെസ് 10പൈസയിൽ താഴെമാത്രമേ ഈടാക്കേണ്ടതുള്ളൂവെന്നും കമ്മിഷൻ വ്യക്തമാക്കി.


Source link

Related Articles

Back to top button