പട്ടികവിഭാഗ സംവരണത്തിൽ ക്രീമിലെയർ: കേന്ദ്രം നിയമ നിർമ്മാണം നടത്തണം: പുന്നല ശ്രീകുമാർ
തിരുവനന്തപുരം: പട്ടികജാതി/ പട്ടികവർഗ സംവരണത്തിന് മേൽത്തട്ട് പരിധി ഏർപ്പെടുത്തണമെന്നും സംസ്ഥാനങ്ങൾ ഉപവർഗീകരണം നടത്തണമെന്നുമുള്ള സുപ്രീം കോടതി ഉത്തരവ് മറികടക്കാൻ കേന്ദ്ര സർക്കാർ നിയമം നിർമ്മിക്കണമെന്ന് കെ.പി.എം.എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ സാഗരം രാജ്ഭവന് മുമ്പിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സെക്രട്ടേറിയറ്റ് മുതൽ രാജ്ഭവൻ വരെ നടത്തിയ പ്രതിഷേധ സാഗരത്തിൽ വിവിധ ജില്ലകളിൽ നിന്ന് പതിനായിരക്കണക്കിന് ആളുകളാണ് പങ്കെടുത്തത്. സ്ത്രീകളും കുട്ടികളും വൃദ്ധരും അടക്കമുള്ള ജനങ്ങൾ സ്റ്റാച്യു മുതൽ വെള്ളയമ്പലം വരെയുള്ള റോഡിൽ നിരന്നതോടെ തലസ്ഥാനം പ്രതിഷേധക്കടലായി. ഇതോടെ നഗരത്തിലെ മിക്ക റോഡുകളിലും ഗതാഗതം പൂർണമായി സ്തംഭിച്ചു.
സംവരണത്തിന് മേൽത്തട്ട് പരിധി ഏർപ്പെടുത്തണമെന്ന സുപ്രീം കോടതി ഉത്തരവ് ഭരണഘടനാ വിരുദ്ധവും സമുദായങ്ങളെ തമ്മിൽ ഭിന്നിപ്പിക്കുന്നതുമാണെന്ന് പുന്നല ശ്രീകുമാർ പറഞ്ഞു. ഭരണഘടനാ അനുഛേദം 341, 342 എന്നിവ അനുസരിച്ച് പട്ടികജാതി, പട്ടിക വർഗ പട്ടികയിൽ മാറ്റങ്ങൾക്കുള്ള അധികാരം പാർലമെന്റിനാണ്. വിധി നടപ്പിലാക്കേണ്ടതില്ലെന്ന കേന്ദ മന്ത്രിസഭയുടെ തീരുമാനം നിലവിലുള്ള നടപടിയെ മറികടക്കാന്‍ പര്യാപ്തമല്ല.ജനസംഖ്യ കണക്കെടുപ്പും ജാതി സെൻസസും നടത്താതെ ഉപവർഗീകരണം നടത്താൻ ശ്രമിക്കുന്നത് സംഘർഷങ്ങൾക്കിടയാക്കും. അത്തരമൊരു നടപടിയിലേക്ക് സംസ്ഥാന സർക്കാർ നീങ്ങരുത്.ആവശ്യങ്ങൾ നേടിയെടുക്കാൻ വേണ്ടി
വന്നാൽ ട്രെയിനുകളിലെ ബോഗി നിറച്ച് രാജ്യ തലസ്ഥാനത്ത് പോയി പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും പുന്നല കൂട്ടിച്ചേർത്തു.
ദളിത് ആദിവാസി സംയുക്ത സമിതി ചെയർമാൻ കെ.കെ.സുരേഷ് അദ്ധ്യക്ഷത വഹിച്ചു. സംഘടനാ നേതാക്കളായ എം.ടി.സനേഷ്, ഡോ.കല്ലറ പ്രശാന്ത്, എൻ.കെ.അനിൽകുമാർ, അഡ്വ. കുഞ്ഞുമോൻ കെ.കണിയാടത്ത്, രതീഷ് പട്ടണക്കാട്, സുരേഷ്‌കുമാർ മണ്ണന്തല, പി.എ.അജയഘോഷ്, അഡ്വ.എ.സനീഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.
Source link