ഒരു പഴത്തിന് വേണ്ടി തമ്മിൽതല്ലി കുരങ്ങന്മാർ, പിന്നാലെ റെയിൽ ഗതാഗതം സ്‌തംഭിച്ചു

പാട്‌ന: ഒരു പഴത്തിന് വേണ്ടി കുരങ്ങന്മാ‌ർ തമ്മിൽ തല്ലിയതിനെ തുടർന്ന് റെയിൽ ഗതാഗതം തടസപ്പെട്ടു. ബിഹാറിലെ സമസ്‌തിപൂർ സ്റ്റേഷനിലാണ് കഴിഞ്ഞ‌ദിവസം സംഭവം അരങ്ങേറിയത്. തിരക്കേറിയ സമയത്തുണ്ടായ തർക്കവും ബഹളവും കണ്ട് യാത്രക്കാർ അമ്പരന്നു. സ്റ്റേഷനിലെ കിഴക്കുഭാഗത്ത് ഓവർബ്രിഡ്‌ജിന് സമീപത്താണ് സംഭവം.

കുരങ്ങന്മാരുടെ തമ്മിലടിയെ തുടർന്ന് ഒരു കുരങ്ങിന്റെ കൈയിലിരുന്ന വസ്‌തു പിടിവിട്ട് റെയിൽവെ ലൈനിലേക്ക് വീഴാനിടയായി. ഇതോടെ വയറുകൾ തമ്മിൽ മുട്ടി ഷോർട്ട്‌സർക്യൂട്ടായി. സ്ഥലത്ത് തീപ്പൊരി ചിതറി.

സംഭവം അറിഞ്ഞുടൻ റെയിൽവെ സുരക്ഷാസേന കൺട്രോൾ റൂമിൽ വിവരമറിയിച്ചു. കൂടുതൽ അപകടം ഉണ്ടാകാതിരിക്കാൻ വൈദ്യുതിബന്ധം വിച്ഛേദിച്ചു. ഇത് ട്രെയിൻ ഗതാഗതം വൈകാൻ കാരണമായി. ഉടൻ തന്നെ അധികൃതർ സ്ഥലത്തെത്തി വൈദ്യുതിവയറുകളിലെ പ്രശ്‌നങ്ങൾ പരിഹരിച്ചു. അൽപം വൈകി 9.30യോടെ ട്രെയിൻ സർവീസ് പുനരാരംഭിച്ചു. അരമണിക്കൂറോളമാണ് ഒരു പഴം കാരണം വൈദ്യുതി നിലച്ചത്.

കുരങ്ങ് കാരണമാണ് പ്രശ്‌നമുണ്ടായതെന്നും സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കി എന്നും ആർപിഎഫ് ഇൻസ്‌പെക്‌ടർ വേദ് പ്രകാശ് വ‌ർമ്മ വ്യക്തമാക്കി. ഉടനെ ട്രെയിൻ ഗതാഗതം പുനരാരംഭിക്കാൻ സാധിച്ചെന്നും അദ്ദേഹം അറിയിച്ചു.


Source link
Exit mobile version