ശബരിമലയിൽ ദിലീപിന് വിഐപി സൗകര്യമൊരുക്കിയത് തങ്ങളല്ലെന്ന് പൊലീസ്, ദേവസ്വം ഗാർഡുകളെന്ന് റിപ്പോർട്ട്
കൊച്ചി: ശബരിമല സന്നിധാനത്ത് നടൻ ദിലീപിന് പൊലീസ് ഒരു സഹായവും ചെയ്തിട്ടില്ലെന്ന് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി ശബരിമല സ്‌പെഷ്യൽ പൊലീസ് ഓഫീസർ. ദിലീപിന് പ്രത്യേക പരിഗണന നൽകി ദർശന സൗകര്യം ഒരുക്കിയിട്ടില്ലെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ദേവസ്വം ഗാർഡുകളാണ് ദിലീപിന് മുൻനിരയിൽ സൗകര്യം ഒരുക്കിയത്. സംഭവത്തിൽ വിജിലൻസ് അന്വേഷണം നടത്തുന്നുണ്ട്. ഇനി ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. ദിലീപ് വി.ഐ.പി പരിഗണനയിൽ ദർശനം നടത്തിയ സംഭവത്തിൽ കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കുകയാണ്. സോപാനത്തിന് മുന്നിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ചീഫ് കോർഡിനേറ്റർ ഹൈക്കോടതിയിൽ ഹാജരാക്കി.
കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് ദിലീപ് ശബരിമലയിൽ എത്തിയത്. രാത്രി നട അടയ്‌ക്കുന്നതിന് തൊട്ടുമുമ്പായിരുന്നു ദർശനം നടത്തിയത്. ഹരിവരാസനം പൂർത്തിയായി നടയടച്ച ശേഷമായിരുന്നു നടൻ മടങ്ങിയത്. ദിലീപിന്റെ ശബരിമല ദർശനത്തിൽ ദേവസ്വം ബോർഡിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.
പിന്നാലെ നാല് ദേവസ്വം ഉദ്യോഗസ്ഥർക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് നോട്ടീസ് നൽകിയിരുന്നു. സംഭവത്തിൽ ഉദ്യോഗസ്ഥർക്ക് വീഴ്‌ചയുണ്ടായതായി കണ്ടെത്തിയെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു. അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസർ, എക്‌സിക്യൂട്ടീവ് ഓഫീസർ, രണ്ട് ഗാർഡുമാർ എന്നിവർക്കാണ് നോട്ടീസ് നൽകിയത്. ദിലീപിന് വിഐപി പരിഗണന നൽകിയതിനാൽ കുറച്ച് നേരത്തേയ്ക്ക് ദർശനം തടസപ്പെട്ടെന്ന് വിജിലൻസ് കണ്ടെത്തിയിരുന്നു. ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ മുൻകരുതലുകൾ കെെക്കൊള്ളുമെന്നും വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥരുടെ പേരിൽ മുഖം നോക്കാതെ നടപടി എടുക്കുമെന്നും ബോർഡ് നേരത്തെ വ്യക്തമാക്കിയിരുന്നു.
Source link