കേരളത്തിലെ ബസ് കാത്തിരിപ്പുകേന്ദ്രങ്ങളിൽ ഇരിക്കാൻ ഇനി ഉരുണ്ട സ്റ്റീൽ പൈപ്പ് ഉണ്ടാകില്ല, പകരമെത്തുന്നത്

കൊടുങ്ങല്ലൂർ : കേരളത്തിൽ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിലെ ഉരുണ്ട സ്റ്റീൽ പൈപ്പ് മാറ്റി സൗകര്യപ്രദമായ ഇരിപ്പിടങ്ങളിലേക്ക് മാറുമ്പോൾ പിന്നിൽ പ്രവർത്തിച്ചത് കൊടുങ്ങല്ലൂരിലെ ഒരു സംഘടനയും പ്രൊതുപ്രവർത്തകൻ സി.എസ്.തിലകനും. അപ്ലിക്കന്റ്‌സ് ആൻഡ് കൺസ്യൂമേഴ്‌സ് ഫോറത്തിന്റെ നിവേദനം പരിഗണിച്ചാണ് സൗകര്യപ്രദമായ ഇരിപ്പിടം സ്ഥാപിക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് പ്രിൻസിപ്പൽ സെക്രട്ടറി നിർദേശം നൽകിയത്.
പ്രായമായവർക്കും അസുഖബാധിതർക്കും കുട്ടികളുമായി വരുന്ന സ്ത്രീകൾക്കും ഉരുണ്ട പൈപ്പിൽ കാത്തിരിക്കുകയെന്നത് പ്രയാസമാണെന്ന് തദ്ദേശ വകുപ്പ് മന്ത്രിക്ക് നൽകിയ നിവേദനത്തിൽ സി.എസ്.തിലകൻ വ്യക്തമാക്കിയിരുന്നു. രണ്ട് വർഷം മുമ്പാണ് നിവേദനം നൽകിയത്. ഒരു മാസം മുമ്പാണ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവുണ്ടായത്.
കൊടുങ്ങല്ലൂർ നഗരത്തിൽ നാലിടത്താണ് ഇത്തരത്തിൽ ഇരിപ്പിടം നിർമ്മിച്ചത്. എന്നാൽ, പി.ഡബ്ല്യു.ഡി എൻജിനീയർക്കും എം.എൽ.എയ്ക്കും ഫോറം സെക്രട്ടറിയായ തിലകൻ നിവേദനം നൽകിയതോടെ വടക്കേ നടയിൽ എം.എൽ.എ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ സൗകര്യപ്രദമായ ഇരിപ്പിടം നിർമ്മിക്കുകയായിരുന്നു. കൊടുങ്ങല്ലൂർ ടൗൺ സഹകരണ ബാങ്കിൽ നിന്നും അസിസ്റ്റന്റ് സെക്രട്ടറിയായി വിരമിച്ചയാളാണ് തിലകൻ. കൊടുങ്ങല്ലൂരിലെ ഉപഭോക്തൃ സംരക്ഷണവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഇടപെടുന്നു. മാരകരോഗം ബാധിച്ച് ഗുരുതരാവസ്ഥയിൽ കഴിയുന്നവരെയും പ്രായാധിക്യത്താൽ കിടപ്പിലായവരെയും വീട്ടിലെത്തി സൗജന്യമായി പരിചരണം നൽകുന്ന അൽഫാ പാലിയേറ്റീവ് കെയർ കൊടുങ്ങല്ലൂർ ലിങ്ക് സെന്ററിന്റെ ആരംഭകാല ട്രഷററാണ്. ഭാസ്‌കരൻ ഫൗണ്ടേഷന്റെ പ്രവർത്തകനുമാണ്.
മറ്റ് ഇടപെടലുകൾ ഇങ്ങനെ
കൊടുങ്ങല്ലൂരിൽ ടെലഫോൺ എക്‌സ്‌ചേഞ്ചിനായി യത്‌നിച്ചു
മേഖലയിൽ പുതിയ പാചകവാതക ഏജൻസികൾക്കായി പ്രവർത്തിച്ചു
ബോയ്‌സ് സ്‌കൂളിൽ പെൺകുട്ടികൾക്ക് കൂടി പ്രവേശനം ലഭിക്കാനായി പ്രയത്‌നം
ഇടപ്പള്ളി – തിരൂർ തീരദേശ റെയിൽവേക്കായി കൊടുങ്ങല്ലൂർ പൗരസമിതിയുടെ നേതൃത്വത്തിൽ നിവേദനം നൽകി
Source link