‘ബോയ്ഫ്രണ്ടി’ൽ അഭിനയിക്കുന്നത് പത്താം ക്ലാസ് കഴിഞ്ഞു നിൽക്കുമ്പോൾ: സിനിമയിൽ വന്ന കഥ പറഞ്ഞ് ഹണി റോസ്

‘ബോയ്ഫ്രണ്ടി’ൽ അഭിനയിക്കുന്നത് പത്താം ക്ലാസ് കഴിഞ്ഞു നിൽക്കുമ്പോൾ: സിനിമയിൽ വന്ന കഥ പറഞ്ഞ് ഹണി റോസ് | Honey Rose Boy Friend

‘ബോയ്ഫ്രണ്ടി’ൽ അഭിനയിക്കുന്നത് പത്താം ക്ലാസ് കഴിഞ്ഞു നിൽക്കുമ്പോൾ: സിനിമയിൽ വന്ന കഥ പറഞ്ഞ് ഹണി റോസ്

മനോരമ ലേഖകൻ

Published: December 10 , 2024 09:36 AM IST

2 minute Read

ഹണി റോസ്

ആദ്യമായി സിനിമയിൽ അഭിനയിച്ച കഥ പറഞ്ഞ് നടി ഹണി റോസ്. വിനയൻ സംവിധാനം ചെയ്ത ‘മീരയുടെ ദുഃഖം, മുത്തിവിന്റെ സ്വപ്നം’ എന്ന സിനിമയുടെ ഷൂട്ടിങ് കാണാൻ പോയതാണ് തന്റെ ജീവിതത്തിൽ വഴിത്തിരിവായതെന്ന് ഹണി റോസ് പറയുന്നു. പത്താം ക്ലാസ് കഴിഞ്ഞപ്പോൾ വിനയന്റെ തന്നെ ‘ബോയ്ഫ്രണ്ട്’ എന്ന സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചെന്നും അത് ജീവിതത്തിൽ പുതിയ തുടക്കത്തിന് വഴിതെളിച്ചെന്നും ഹണി റോസ് പറയുന്നു. താര സംഘടനയായ ‘അമ്മ’യുടെ യുട്യൂബ് ചാനലിൽ നടൻ ബാബുരാജിന് നൽകിയ അഭിമുഖത്തിലാണ് ആദ്യ സിനിമാനുഭവത്തെപ്പറ്റി ഹണി റോസ് വെളിപ്പെടുത്തിയത്.
‘‘വിനയൻ സാറിന്റെ ‘മീരയുടെ ദുഃഖം മുത്തുവിന്റെ സ്വപ്നം’ എന്ന സിനിമയുടെ ഷൂട്ട് തൊടുപുഴ മൂലമറ്റം ഏരിയയിൽ നടക്കുന്ന സമയത്ത് ഞങ്ങളൊക്കെ ഷൂട്ടിങ് കാണാൻ പോയി.  ഞങ്ങളുടെ ഒരു കമ്പനി ബിസിനസ് ഉണ്ട്. അവിടെ വർക്ക് ചെയ്യുന്ന സ്റ്റാഫ് ചേച്ചിമാരുടെ വീട്ടിലാണ് ഷൂട്ട് നടന്നുകൊണ്ടിരുന്നത്. അപ്പോള്‍ ആ സിനിമയുടെ ഏതോ കൺട്രോളറോ മറ്റോ ഒരു ചേട്ടൻ എന്നോട് ചോദിച്ചു, ‘‘കാണാൻ കുഴപ്പമൊന്നും ഇല്ലല്ലോ സിനിമയിലൊക്കെ അഭിനയിക്കാൻ താൽപര്യം ഉണ്ടോ മോൾക്ക് എന്ന്’’.  ഇതൊരു  നാട്ടിൻപുറം അല്ലേ,  അവിടെ കൂടി നിൽക്കുന്ന ആളുകളെല്ലാം ഇതു കേട്ടു പിന്നെ ന്യൂസ് അങ്ങ് പടർന്നു.  

അങ്ങനെ ഒക്കെ ആയപ്പോൾ എനിക്കും ഒരു ആഗ്രഹം, ഒന്ന് അഭിനയിച്ചു നോക്കിയാലോ. ഞങ്ങൾ അതിനു ശേഷം വിനയൻ സാറിനെ പോയി കണ്ടു. അപ്പോൾ സർ പറഞ്ഞു ഒരു പ്ലസ് ടു ഒക്കെ ആവട്ടെ ഇപ്പൊ കൊച്ചല്ലേ. അന്ന് ഞാൻ ഏഴാം ക്ലാസ്സിൽ പഠിക്കുകയായിരുന്നു. പിന്നെ ഈ ന്യൂസ് ഒക്കെ തേഞ്ഞുമാഞ്ഞു പോയി. ആളുകൾക്ക് വിശ്വാസമൊന്നുമില്ലായിരുന്നു, സത്യത്തിൽ എനിക്ക് പോലും ഇല്ലായിരുന്നു. പക്ഷേ അതൊരു നിമിത്തമായി. അതിനു ശേഷം പത്താം ക്ലാസ് കഴിഞ്ഞു നിൽക്കുമ്പോഴാണ് ബോയ്ഫ്രണ്ടിൽ അഭിനയിക്കുന്നത്. മണിക്കുട്ടൻ ആയിരുന്നു അതിൽ നായകൻ. 

ആദ്യത്തെ സിനിമയിൽ അഭിനയിച്ചപ്പോ ഭയങ്കര എക്സ്സൈറ്റ്മെന്റ് ആയിരുന്നു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിൽ വച്ചായിരുന്നു ഷൂട്ടിങ്. അതിന്റെ കോറിഡോറിൽ കൂടി ഇങ്ങനെ ഓടി വരുന്നതും ഞാൻ ആരെയൊക്കെയോ തട്ടി നിലത്തുരുണ്ട് വീഴുമ്പോൾ എല്ലാവരും ചിരിക്കുന്നതും ഒക്കെ ഇപ്പോഴും ഓർമയുണ്ട്.  ആദ്യത്തെ ഡയലോഗ് വലിയ കുഴപ്പമില്ലാതെ ശരിയായി. പക്ഷേ കരഞ്ഞുകൊണ്ട് ഭയങ്കര ഇമോഷനൽ ആയി പറയുന്ന ഒരു ഡയലോഗ് ഉണ്ടായിരുന്നു. അത് പറയാൻ കുറച്ച് ബുദ്ധിമുട്ടുണ്ടായിരുന്നു. വിനയൻ സർ നമ്മളെ മാത്രം ഫോക്കസ് ചെയ്യുന്ന ക്ലോസ് ഷോട്ട് ഒക്കെ വയ്ക്കുന്ന സമയത്തൊന്നും വഴക്കൊന്നും പറയില്ല.  പക്ഷേ ഒരു വലിയ ഗ്രൂപ്പ് ഒക്കെ ആയി, എല്ലാ ഓഡിയൻസും ജൂനിയർ ആർട്ടിസ്റ്റുകളും പിള്ളേരും ഒക്കെ ഉള്ള ഒരു വൈഡ് ഷോട്ട് എടുക്കുന്ന സമയത്ത് സർ ഇങ്ങനെ അവിടുന്ന് ദൂരെ നിന്ന് കുറെ ആളുകളെ ചീത്ത വിളിച്ച്, ചീത്ത വിളിച്ച് വന്നപ്പോൾ പറഞ്ഞു ‘‘ഇങ്ങനെ പഴം വിഴുങ്ങിയ പോലെ നിന്നാൽ മതിയോ?’’.  പിന്നെ വഴക്കൊന്നും പറഞ്ഞിട്ടില്ല.  

പ്രസന്ന മാസ്റ്റർ ആയിരുന്നു ആദ്യത്തെ ഡാൻസ് മാസ്റ്റർ. മണിക്കുട്ടൻ ആണെങ്കിൽ എല്ലാം തികഞ്ഞിട്ടുള്ള ഒരു ഹീറോ ആയിരുന്നു. ഡാൻസ്, ഫൈറ്റ് എല്ലാത്തിലും പുള്ളി പെർഫെക്റ്റാണ്‌. എനിക്കാണെങ്കിൽ ഒരു കാലു മുന്നോട്ട് എടുത്തു വയ്ക്കാൻ പറഞ്ഞാൽ പോലും അറിയില്ല.  മാസ്റ്ററിന്റെ അസിസ്റ്റന്റ് ഒരുപാട് വഴക്ക് പറഞ്ഞിട്ടുണ്ട്. ഞാൻ കുറച്ച് ക്ലാസ്സിക്കൽ ഡാൻസ് പഠിച്ചിട്ടുണ്ട്. ഇത് ഫാസ്റ്റ് നമ്പർ ആയിരുന്നു. അന്ന് വീട്ടുകാരുടെ നിർബന്ധത്തിലാണ് പോയി ഭരതനാട്യം പഠിച്ചത്. പക്ഷേ ഇപ്പോൾ എനിക്ക് ആഗ്രഹമുണ്ട് നന്നായി പഠിച്ച് എവിടെയെങ്കിലും ഡാൻസ് പെർഫോമൻസ് ചെയ്യണം എന്ന്.’’– ഹണി റോസ് പറയുന്നു.

English Summary:
From Schoolgirl to Star: Honey Rose Reveals How Vinayan Launched Her Acting Career

7rmhshc601rd4u1rlqhkve1umi-list 6807t7i55555d4nfmg2mbiqr69 mo-entertainment-common-malayalammovienews f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie mo-entertainment-movie-honey-rose mo-entertainment-movie-vinayan


Source link
Exit mobile version