CINEMA

‘അഭിനയിക്കാന്‍ അറിയില്ലെന്നു പറഞ്ഞ് സെറ്റിൽ നിന്നു പറഞ്ഞുവിട്ട ആള് തന്നെ സംസ്ഥാന അവാര്‍ഡും തന്നു’


സ്വന്തം ശൈലികൊണ്ട് മറ്റുളളവരെ അമ്പരപ്പിക്കുന്ന നടന്‍മാര്‍ ഏറെയുണ്ട്. എന്നാല്‍ സിനിമയിലും വ്യക്തിജീവിതത്തിലും തനത് ശൈലിയുടെ ഗുണം പേറുന്നവര്‍ അധികമില്ല. അക്കൂട്ടത്തിലൊരാളാണ് സലിംകുമാര്‍. പണ്ട് ഒരു വിദ്വാന്‍ സലിമിന്റെ ജാതി അറിയാനായി പഠിച്ച പണി പതിനെട്ടും പയറ്റിനോക്കി. സലിം പിടികൊടുത്തില്ല. ഒടുവില്‍ ടിയാന്‍ തുറന്നങ്ങ് ചോദിച്ചു. സലിമിന്റെ മറുപടി ഇതായിരുന്നു. ‘‘ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്. മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി. ജാതി ചോദിക്കരുത് ചിന്തിക്കരുത് പറയരുത്. ഇപ്പോള്‍ പിടികിട്ടിയോ എന്റെ ജാതി?’’
സലിം ജാതി പറഞ്ഞില്ല. എന്നാല്‍ പറയാതെ പറഞ്ഞു താനും. സൗഹൃദങ്ങള്‍ ഏറെയുണ്ടെങ്കിലും ഗ്രൂപ്പുകളിലൊന്നും സലിമില്ല. വ്യക്തിജീവിതത്തിലും സലിംകുമാര്‍ ഒരു ഒറ്റയാനാണ്. അപ്രിയസത്യങ്ങള്‍ മറയില്ലാതെ വിളിച്ച് പറയാന്‍ ധൈര്യമുളള ഒരാള്‍. സിനിമയില്‍ ഹാസ്യനടനായി തുടങ്ങി അവിടെ നിന്ന് ക്യാരക്ടര്‍ റോളുകളിലേക്കും നായക വേഷങ്ങളിലേക്കുമെല്ലാം വളര്‍ന്ന നടന്‍. സലിംകുമാറിനെ പോലൊരാള്‍ക്ക് ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങള്‍ പുഷ്പം പോലെ കയ്യില്‍ വരുമെന്ന് വാസ്തവത്തില്‍ സലിംകുമാര്‍ പോലും കരുതിയിട്ടുണ്ടാവില്ല. എന്നിട്ടും അത് സംഭവിച്ചു. കഴിവുളളവര്‍ എത്ര എളിയ നിലയില്‍ തുടങ്ങിയാലും ഒടുവില്‍ അംഗീകരിക്കപ്പെടും എന്നതിന് സലിമിന്റെ ജീവിതത്തോളം വലിയ ഉദാഹരണമില്ല. കേവലം അവാര്‍ഡ് നടന്‍ മാത്രമായിരുന്നില്ല സലിം. ഒരു കാലത്ത് മലയാള വാണിജ്യസിനിമയിലെ അവിഭാജ്യഘടകങ്ങളിലൊന്നായിരുന്നു. ഇന്നും പ്രസക്തി നഷ്ടപ്പെടാത്ത നടന്‍. പരന്ന വായനയും മലയാള സാഹിത്യത്തില്‍ ബിരുദവുമുളള സലിംകുമാര്‍ പൊതുവിഷയങ്ങളില്‍ കൃത്യമായ അഭിപ്രായ പ്രകടനത്തിന് മടിക്കാറില്ല.

മലയാളികളുടെ കാപട്യങ്ങളെ കണക്കറ്റ് പരിഹസിക്കാനും തിരുത്താനും സദാ സജ്ജമാണ് സലിമിന്റെ നാവ്. സമീപകാലത്ത് അനുവദിച്ച ഒരു അഭിമുഖത്തിലെ അദ്ദേഹത്തിന്റെ നിരീക്ഷണങ്ങളില്‍ നിന്ന്…

പലകുറി കൊല്ലപ്പെട്ട ഞാന്‍…
സോഷ്യല്‍ മീഡിയ കാലത്ത് മലയാളിക്ക് മരണം ഒരു കൗതുകമോ തമാശയോ ആയി മാറിയിട്ടുണ്ട്. അച്ചടി മാധ്യമങ്ങളില്‍ ഒരു വ്യാജ വാര്‍ത്ത വന്നാല്‍ അത് പരിശോധിക്കാനും നിജസ്ഥിതി ഉറപ്പു വരുത്താനും എഡിറ്റര്‍മാരുണ്ട്. സോഷ്യല്‍ വാളെടുത്തവരെല്ലാം വെളിച്ചപ്പാടുമാരാണ്.എന്നെ അവര്‍ ഒന്നല്ല പല തവണയാണ് കൊന്നത്. സലിംകുമാര്‍ അന്തരിച്ചു എന്ന് വാര്‍ത്ത കൊടുക്കും. എന്നിട്ട് എന്നെ വിളിച്ച് ചോദിക്കും. സത്യത്തില്‍ സലിമേട്ടന്‍ മരിച്ചോ? ഇല്ലല്ലോ എന്ന് പറയുമ്പോള്‍ അവര്‍ ചിരിക്കും. നിങ്ങള്‍ക്ക് എവിടെ നിന്ന് കിട്ടി ഈ വാര്‍ത്തയെന്ന് ചോദിച്ചാല്‍ ഒരാള്‍ പറഞ്ഞതാണെന്ന് പറയും. ആരെങ്കിലും ഒരാള്‍ എവിടെയോ ഇരുന്ന് നമ്മുടെ മരണം തീരുമാനിക്കുകയാണ്. വന്നു വന്ന് കാലന്റെ റോള്‍ പോലും ഇവര്‍ ഏറ്റെടുത്ത് കഴിഞ്ഞു.

ചിരിയില്‍ നെയ്ത ജീവിതം

ഹാസ്യനടനോട് എല്ലാവര്‍ക്കും വാത്സല്യമുണ്ടെങ്കിലും ചില സന്ദര്‍ഭങ്ങളില്‍ അതൊരു ബാധ്യതയാണ്. മരണവീട് അടക്കം ഏത് ചടങ്ങില്‍ പങ്കെടുത്താലും പൊതുവേദികളില്‍ വന്നാലും രണ്ട് തമാശ പറയാന്‍ ആളുകള്‍ ആവശ്യപ്പെടും. ആക്‌ഷന്‍ഹീറോയോട് രണ്ട് ചവിട്ടു തരാന്‍ ആരും പറയില്ല. കണ്ണീര്‍നായികയോട് ഒന്ന് കരയിപ്പിച്ച് തരാന്‍ പറയില്ല. എന്തിന് വില്ലനായി അഭിനയിക്കുന്ന നടനോട് ഒന്ന് റേപ്പ് ചെയ്യാനും പറയില്ല. പക്ഷേ സലിംകുമാര്‍ ഏത് സമയത്തും ആളുകളെ ചിരിപ്പിച്ചേ പറ്റൂ. ചിരിയെ ഒരു അനുഗ്രഹമായി തന്നെ കാണുന്നു. കാരണം ചിരി കൊണ്ട് ജീവിക്കുന്ന ഒരാളാണ് ഞാന്‍. ജീവിതത്തില്‍ രണ്ടു പേരോട് മാത്രമാണ് എനിക്ക് നന്ദിയും കടപ്പാടുമുളളത്. ഒന്ന് എന്റെ അമ്മയോട്. മറ്റൊന്ന് ചിരിയോട്. ഹാസ്യനടന്‍ എന്ന ലേബലിലുടെയാണ് സിനിമയില്‍ എനിക്ക് മാര്‍ക്കറ്റുണ്ടായത്. ഉയര്‍ന്ന പ്രതിഫലം കിട്ടിത്തുടങ്ങിയത്. വീട് വച്ചതും ജീവിതം കരുപ്പിടിപ്പിച്ചതും. അതുകൊണ്ടു വീടു വച്ചപ്പോള്‍ ലാഫിങ് വില്ല എന്ന് പേരിട്ടു. ചിരിപ്പിച്ച് കിട്ടിയ കാശുകൊണ്ടാണ് വീടിന്റെ ഓരോ മണല്‍ത്തരികളും വാങ്ങിയത്. 

ഇന്നത്തെ അമ്മാവന്‍ അന്നത്തെ ന്യൂജന്‍
ന്യൂജനറേഷന്‍ എന്ന പദപ്രയോഗത്തോട് യോജിപ്പില്ല. ഓരോ കാലത്തെയും യുവത്വത്തെ വേണമെങ്കില്‍ ന്യുജന്‍ എന്ന് വിശേഷിപ്പിക്കാം. എന്റെ യൗവ്വനത്തില്‍ ഞാനടങ്ങുന്ന തലമുറയായിരിക്കാം ന്യുജന്‍. പക്ഷേ ഏത് ന്യൂജന്‍ വന്നാലും പാരമ്പര്യാര്‍ജ്ജിതമായ സംഭാവനകളെ നിരാകരിക്കാന്‍ സാധിക്കില്ല. ഇന്നത്തെ കാര്യങ്ങള്‍ ശരിയല്ലെന്ന് പറയുന്ന  അമ്മാവന്‍, തന്ത വൈബ് എന്നൊക്കെയാണ് വിളിക്കുന്നത്. 2 കെ ചില്‍ഡ്രന്‍സ് എന്ന് അവകാശപ്പെടുന്നവര്‍ എന്താണ് കണ്ടുപിടിച്ചിട്ടുളളത്? പുതിയ തലമുറ എല്ലാ കാര്യങ്ങളും ചെയ്യുന്നത് മൊബൈല്‍ ഫോണും കംപ്യൂട്ടറും ഉപയോഗിച്ചാണ്. ഇതൊക്കെ ഈ തലമുറയുടെ സംഭാവനയാണോ. അല്ല. എന്റെ തലമുറ കണ്ടുപിടിച്ച ഡിവൈസുകള്‍ ഉപയോഗിച്ച് ഇവര്‍ ജീവിതം കരുപ്പിടിപ്പിക്കുകയാണ്. അപ്പോള്‍ പിന്‍തലമുറയോട് അവര്‍ കടപ്പെട്ടിരിക്കുന്നു. എന്നാല്‍ പലരും പുര്‍വീകരെ അമ്മാവന്‍ വൈബായി കണ്ട് തളളിക്കളയുന്നു എന്നതാണ് സങ്കടകരം.
വിമര്‍ശിച്ചോളു..നോ പ്രോബ്ലം

വിമര്‍ശനങ്ങളോട് അസഹിഷ്ണുതയില്ല. ഞാന്‍ പലരെയും വിമര്‍ശിക്കുകയും കളിയാക്കുകയും ചെയ്യാറുണ്ട്. തിരിച്ച് ഞാനും ഇത്തരം കാര്യങ്ങള്‍ കേള്‍ക്കാന്‍ ബാധ്യസ്ഥനാണെന്ന ബോധവുമുണ്ട്. അല്ലാതെ വിമര്‍ശിക്കുന്നവരെ ഫോണില്‍ വിളിച്ച് തെറി പറയാറില്ല. നീ വരുവോളം എന്ന സിനിമയില്‍ അഭിനയിക്കാന്‍ ചെന്നപ്പോള്‍ എന്റെ ടൈമിങ് ശരിയല്ലെന്ന് പറഞ്ഞ് തിരിച്ചയച്ച ഒരു നടനുണ്ട്. ഞാന്‍ പുസ്തകമെഴുതിയപ്പോള്‍ എന്നെ ഏറ്റവും സ്വാധീനിച്ച അഭിനേതാക്കളിലൊരാളായി അദ്ദേഹത്തിന്റെ പേരും ചേര്‍ത്തിട്ടുണ്ട്. വ്യക്തിപരമായി അദ്ദേഹം എന്നെ വേദനിപ്പിച്ചു എന്നതൊന്നും അവിടെ കണക്കിലെടുക്കാറില്ല. അദ്ദേഹത്തിന്റെ കഴിവുകളെ ആദരിക്കുകയാണ് വേണ്ടത്. 

വിനയായ ചിരി അനുഗ്രഹവുമായി
തുടക്കകാലത്തെ ഒരു അനുഭവമാണ്. മായാജാലം എന്ന പടത്തിലേക്ക് വിളിക്കുന്നു. കലാഭവന്‍ മണി ചെയ്യാനിരുന്ന വേഷമാണ്. തിരക്ക് കാരണം അവന് വരാന്‍ പറ്റിയില്ല. പകരക്കാരനായി ഞാന്‍ ചെല്ലുമ്പോള്‍ അതേ റോളിന് തന്നെ മൂന്നു പേര്‍ വന്ന് കാത്തിരിപ്പുണ്ട്. സംവിധായകന്‍ കഥയൊന്ന് കേള്‍ക്കാന്‍ പറഞ്ഞു. ഞാന്‍ തിരക്കഥാകൃത്തുക്കളായ സിബി-ഉദയന്റെ അടുത്തേക്ക് ചെന്നു. അവര്‍ കഥ പറഞ്ഞുകേട്ടപ്പോള്‍ ഞാന്‍ പലകുറി ചിരിച്ചു. പക്ഷേ എനിക്ക് ആ വേഷം കിട്ടിയില്ല. പകരം കലാഭവന്‍ നവാസ് ചെയ്തു. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയില്‍ സജീവമായ ശേഷം ഈ തിരക്കഥാകൃത്തുക്കളും ഞാനും അടുത്ത സുഹൃത്തുക്കളായി. അപ്പോഴാണ് അവര്‍ പറയുന്നത്. അന്ന് തങ്ങള്‍ കഥ പറഞ്ഞപ്പോള്‍ സലിമിന്റെ ചിരി ഒരു ആക്കിച്ചിരിയാണെന്ന് കരുതി അവർ തന്നെയാണ് പറഞ്ഞത് അവന് റോള് കൊടുക്കണ്ടാന്ന്. പിന്നീട് പല പടങ്ങളിലും ആ ചിരി ഒന്നിടാന്‍ ഇതേ തിരക്കഥാകൃത്തുക്കള്‍ തന്നെ ഇങ്ങോട്ട് പറയുന്ന സാഹചര്യമുണ്ടായി. 

കാലത്തിന്റെ കളി

പച്ചക്കുതിരയുടെ ഷൂട്ടിങ് നടക്കുന്ന സമയം. സംസ്ഥാന അവാര്‍ഡ് പ്രഖ്യാപിക്കാന്‍ പോവുകയാണ് . ദിലീപിന് അവാര്‍ഡ് ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് സംവിധായകന്‍ കമല്‍ സര്‍ പറഞ്ഞു. ഞങ്ങളെല്ലാവരും കൂടി ഹോട്ടലിലെ ടിവിക്ക് മുന്നില്‍ നിരന്നിരുന്ന് വാര്‍ത്ത കേള്‍ക്കാന്‍ തുടങ്ങി. പ്രഖ്യാപനം തുടങ്ങി. മോഹന്‍ലാലാണ് മികച്ച നടന്‍. ദിലീപിന് അവാര്‍ഡില്ല എന്നറിഞ്ഞതോടെ എല്ലാവര്‍ക്കും വിഷമമായി. കാരണം ദിലീപും ടിവിക്ക് മുന്നിലിരിപ്പുണ്ട്. അടുത്തത് രണ്ടാമത്തെ മികച്ച നടനാണ്. അത് സലിം കുമാറാണെന്ന് വാര്‍ത്ത വന്നപ്പോള്‍ ചിരിയും കയ്യടിയുമായി. എനിക്ക് സത്യത്തില്‍ അമ്പരപ്പാണുണ്ടായത്. കാരണം നീ വരുവോളം എന്ന പടത്തിന്റെ സെറ്റില്‍ വച്ച് എനിക്ക് അഭിനയിക്കാനറിയില്ലെന്ന് പറഞ്ഞ് തിരിച്ചയച്ച സിബി മലയിലാണ് ജൂറി ചെയര്‍മാന്‍. കാലത്തിന്റെ കളി എത്ര വലുതാണെന്ന് എന്നെ ബോധ്യപ്പെടുത്തിയ നിമിഷമായിരുന്നു അത്. നമ്മള്‍ ഒന്നിലും നിരാശപ്പെടരുത് എന്ന വലിയ പാഠം കൂടി പഠിപ്പിച്ചു തന്നു. ജീവിതമുളള കാലം വരെ പോസിറ്റീവ് ചിന്തകളുമായി മുന്നോട്ട് പോയാല്‍ ഏതെങ്കിലും ഒരു സമയത്ത് അതിന്റെ ഫലം കിട്ടുക തന്നെ ചെയ്യും. അതിന്റെ ഏറ്റവും വലിയ ഉദാഹരണമല്ലേ ഞാന്‍…’ഹ…ഹ..ഹ…ഹ.. ( ആ സൂപ്പര്‍ഹിറ്റ് ചിരി) ‘
അസ്തമയം നെഗറ്റീവല്ല
55 -ാം വയസ്സില്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച പോസ്റ്റില്‍ അസ്തമയത്തെക്കുറിച്ചുളള സൂചനകളുണ്ട്. അത് വേണ്ടിയിരുന്നോ എന്ന് പലരും ചോദിച്ചു. അതൊരു സത്യമാണെന്നിരിക്കെ മറച്ചു വയ്ക്കുന്നതെന്തിന് എന്നാണ് എനിക്ക് തോന്നിയത്. നമ്മളെല്ലാം ഒരു തോണിയില്‍ സഞ്ചരിക്കുന്ന ആളുകളാണ്. ഒരിക്കല്‍  ഒരു ചുഴിയില്‍ നമ്മള്‍ അകപ്പെടും. നമുക്ക് മുന്‍പ് സഞ്ചരിച്ചവരൊക്കെ അകപ്പെട്ടിട്ടുണ്ട്.അത് മനസിലുണ്ടെങ്കില്‍ നാം അന്യരെ ദ്രോഹിക്കില്ല. ആ ചിന്ത ഇല്ലാത്തവര്‍ക്കാണ് എനിക്ക് അവരെ ശരിപ്പെടുത്തി കളയാമെന്ന് തോന്നുന്നത്. ഞാന്‍ ഒരു ഉറുമ്പിനെ പോലും നോവിക്കാറില്ല. കാരണം  അസ്തമയത്തെക്കുറിച്ചുളള ചിന്ത മനസിലുണ്ട്. ഭൂമിയില്‍ നിന്ന് വിട പറഞ്ഞ് പോകേണ്ടവന്‍ മറ്റൊരു ജീവനെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതില്‍ എന്താണ് അര്‍ത്ഥം? അങ്ങനെ നോക്കുമ്പോള്‍ അസ്തമയത്തെക്കുറിച്ചുളള ചിന്തയും പോസിറ്റീവല്ലേ? പക്ഷെ ആളുകള്‍ പറയുന്നത് അത് നെഗറ്റീവാണെന്നാണ്. നെഗറ്റീവും പോസിറ്റീവും തമ്മില്‍ തിരിച്ചറിയാത്തവരാണ് നമ്മുടെ നാട്ടില്‍ കൂടുതലും. (വീണ്ടും ചിരി)

അസഭ്യം പറച്ചിലല്ല ഹാസ്യം

ഹാസ്യത്തിന് വേണ്ടി ഏത് അശ്ലീലവും വിളമ്പുന്ന ചില സിനിമാക്കാരുണ്ട്. ഒരു പടത്തില്‍ അഭിനയിക്കുമ്പോള്‍ ഒരു അസഭ്യവാചകം പറയണമെന്ന് അവര്‍ ആവശ്യപ്പെട്ടു. പറ്റില്ലെന്ന് ഞാന്‍ പറഞ്ഞു. ക്യാമറാമാന്‍ തന്നെയാണ് പടത്തിന്റെ തിരക്കഥാകൃത്ത്. അത് പറയണം എന്ന് അദ്ദേഹം കര്‍ശനമായി ആവശ്യപ്പെട്ടു. ഇത് പച്ചത്തെറിയാണെന്നും പറയാന്‍ ബുദ്ധിമുട്ടുണ്ടെന്നും ഞാന്‍ ഡയറക്ടറോട് പറഞ്ഞു. തര്‍ക്കം മൂത്തപ്പോള്‍ ഷൂട്ടിങ് നിര്‍ത്തിവച്ചു. ഡിപ്ലോമറ്റിക്കായ ജഗദീഷേട്ടന്‍ ഇടപെട്ടു. അദ്ദേഹം പറഞ്ഞു. അവര്‍ പറയട്ടെ സലിമേ, എന്നിട്ട് അവരനുഭവിക്കട്ടെ എന്നെല്ലാം പറഞ്ഞ് എന്നെ തണുപ്പിക്കാന്‍ ശ്രമിച്ചു. അപ്പോള്‍ ഞാന്‍ പറഞ്ഞു. ശരി ഈ ഡയലോഗ് ഞാന്‍ പറയാം. പക്ഷേ 25 വര്‍ഷം കഴിഞ്ഞ് ഞാന്‍ ഇതിന്റെ പേരില്‍ അനുഭവിക്കും. അതെന്താണെന്നായി അവര്‍. ഞാന്‍ പറഞ്ഞു. ഈ സിനിമ എന്തായാലും തിയറ്ററില്‍ ഓടാന്‍ സാധ്യതയില്ല. പക്ഷേ 25 വര്‍ഷം കഴിഞ്ഞ് എന്റെ മോന് കല്യാണപ്രായമാകുമ്പോള്‍ ഇത് ടിവിയില്‍ വരും. അവന് പെണ്ണുകാണാന്‍ ചെല്ലുമ്പോള്‍ അവരുടെ മുഖത്ത് നോക്കാന്‍ കഴിയാതെ ഞാന്‍ നാണം കെടും.അത്രയൊക്കെ പറഞ്ഞിട്ടും അവര്‍ എന്നെക്കൊണ്ട് അത് ചെയ്യിച്ചു.
അലുവയും മീന്‍കറിയും
ഏത് മാധ്യമവും ശരിയായ രീതിയില്‍ ഉപയോഗിച്ചാല്‍ നല്ലതാണ്. എന്നാല്‍ അതിനെ ദുരുപയോഗം ചെയ്യുന്നവരാണ് ഏറെയും. വര്‍ഷങ്ങള്‍ ചിലവിട്ട് വൈദ്യശാസ്ത്രപഠനം നടത്തിയവരെ നോക്കുകുത്തികളാക്കി പളളിക്കൂടത്തില്‍ പോകാത്ത പെണ്ണുങ്ങള്‍ സോഷ്യല്‍ മീഡിയില്‍ വന്നിരുന്ന് ഷുഗറിന് മരുന്ന് തരികയാണ്. ആ ഇലയും ഈ ഇലയും ചേര്‍ത്ത് പിഴിഞ്ഞ് കഴിച്ചാല്‍ ഷുഗര്‍ മാറും പോലും. അത് അനുസരിക്കാന്‍ തയ്യാറായി സാക്ഷര കേരളത്തില്‍ കുറെയാളുകളും. നല്ല ഉണ്ടന്‍പൊരിയും ചായയും കിട്ടുന്ന മനോഹരമായ ചായക്കടകളുളള കേരളത്തില്‍ ഫുഡ് വ്‌ളോഗര്‍മാര്‍ വന്നിരുന്ന് പുലമ്പുകയാണ്. ഗയ്‌സ്…നല്ല അല്‍വയും മീന്‍കറിയും കൂട്ടി ഒരു പിടി പിടിച്ചാല്‍ ഗംഭീരമായിരിക്കും ഗയ്‌സ്…എന്തൊരു വൃത്തികെട്ട കോമ്പിനേഷന്‍. ഇതൊക്കെ കിട്ടുന്ന കടയുടെ പേരാണ് രസം. അളിയന്റെ മോന്റെ ചായക്കട അല്ലെങ്കില്‍ കുഞ്ഞുമോന്റെ അപ്പന്റെ ചായക്കട. പണ്ട് ഹോട്ടല്‍ വൃന്ദാവനം. ഹോട്ടല്‍ ഹരേകൃഷ്ണ. എത്ര കാവ്യാത്മകമായ പേരുകളായിരുന്നു. എല്ലാം പോയി. 
എനിക്ക് ജാതിയില്ല
ഞാന്‍ ഒരു ഹിന്ദുവായാണ് ജനിച്ചതെങ്കിലും ഒരു ജാതിസംഘടനയിലും ഞാനും എന്റെ മക്കളും അംഗങ്ങളല്ല. കുട്ടികളെയും മതപരമായല്ല വളര്‍ത്തിയിട്ടുളളളത്. ജാതി ഒരു മനുഷ്യന് ജീവിതത്തിന്റെ ഒരു ഘട്ടത്തിലും ആവശ്യമില്ലാത്ത ഒരു സാധനമാണ്. ആകെ വേണ്ടത് വിവാഹം നടക്കുമ്പോള്‍ ഒരു സമുദായസംഘടനയുടെ പത്രികയില്‍ ഒപ്പ് വയ്ക്കണം. മകള്‍ക്ക് ഇത്ര പവന്റെ സ്വര്‍ണ്ണം കൊടുത്തു എന്ന് അതിലെഴുതി ഒപ്പിടണം. അതൊരു തെളിവാണ്. ഡൈവോഴ്‌സാകുമ്പോള്‍ തിരിച്ചുകൊടുക്കണമല്ലോ? അപ്പോള്‍ ഡൈവോഴ്‌സിനുളള ഒരു മാര്‍ഗമായി മാറുകയാണ് ഇവിടെ ജാതി. മതത്തിന്റെ പേരും പറഞ്ഞ് കുറെയാളുകള്‍ക്ക് ജീവിക്കാന്‍ വേണ്ടിയുളള അഭ്യാസപ്രകടനങ്ങള്‍ മാത്രം.
അമ്മ കണ്‍കണ്ട ദൈവം
എനിക്ക് ഈശ്വരവിശ്വാസം തീരെയില്ല. അച്ഛനും അമ്മയുമാണ് കണ്‍കണ്ട ദൈവങ്ങള്‍. മരിച്ചുപോയ അമ്മയുടെ ആത്മാവ് എന്നെ വിട്ടുപോയിട്ടില്ലെന്ന് ഇപ്പോഴൂം വിശ്വസിക്കുന്നു. വിഷമഘട്ടങ്ങളില്‍ ഞാന്‍ അമ്മയെ വിളിച്ച് പ്രാർഥിക്കാറുണ്ട്. ജീവിതത്തില്‍ രണ്ട് സ്ത്രീകളോട് ഞാന്‍ കടപ്പെട്ടിരിക്കുന്നു. ഒന്ന് എനിക്ക് വേണ്ടി ജീവിച്ച് മരിച്ച എന്റെ അമ്മയോട്. മറ്റൊന്ന് എനിക്കു വേണ്ടി മരിച്ചു ജീവിക്കുന്ന എന്റെ ഭാര്യയോട്. എന്റെ പുസ്തകത്തിന്റെ ആമുഖത്തിലും ഇത് രേഖപ്പെടുത്തിയിട്ടുണ്ട്.


Source link

Related Articles

Back to top button