കർദിനാൾ മാർ ജോർജ് കൂവക്കാടിനെ ആദരിച്ചു
തിരുവനന്തപുരം: ഫ്രാൻസിസ് മാർപാപ്പയിൽ നിന്ന് കർദിനാൾ പദവി സ്വീകരിച്ച ആർച്ച് ബിഷപ് മാർ ജോർജ് കൂവക്കാടിനെ സർവ്വമത പാർലമെന്റ് സംഘാടക സമിതി ആദരിച്ചു.
വത്തിക്കാനിൽ നടന്ന ചടങ്ങിൽ ശിവഗിരി ഉപദേശക സമിതി അംഗം കെ.ജി.ബാബുരാജ്, സ്വാമി വീരേശ്വരാനന്ദ, എം.എൽ.എമാരായ ചാണ്ടി ഉമ്മൻ, സജീവ് ജോസഫ് എന്നിവരടങ്ങിയ സംഘമാണ് ആദരിച്ചത്. സർവ്വമത ചിഹ്നങ്ങളായ ഓങ്കാരം, കുരിശ്, ചന്ദ്രക്കലയും നക്ഷത്രവും തുടങ്ങിയവ അടങ്ങിയ ആറര പവൻ സ്വർണ്ണമാലയും ലോക്കറ്റുകളും ഉപഹാരമായി സമർപ്പിച്ചു.
ശിവഗിരി മഠത്തിന്റെ ആഭിമുഖ്യത്തിൽ നവംബർ 29, 30, ഡിസംബർ 1 തീയതികളിൽ വത്തിക്കാനിൽ നടന്ന ലോകമത പാർലമെന്റ് ചരിത്ര സംഭവമാക്കാൻ സഹായിച്ചതിനാണ് പ്രത്യേക ആദരവ് നൽകിയത്.
ലോകമത പാർലമെന്റ് പ്രതിനിധി സംഘം സ്വാമി വീരേശ്വരാനന്ദ, കെ.ജി.ബാബുരാജ്, ചാണ്ടി ഉമ്മൻ എം.എൽ.എ എന്നിവർ മാർ ജോർജ് കൂവക്കാടുമായി ആലോചിച്ച് നടത്തിയ പ്രവർത്തനങ്ങൾക്ക് അദ്ദേഹം എല്ലാ സഹായങ്ങളും ഒരുക്കിത്തന്നിരുന്നു. വൈദിക പദവിയിൽ നിന്ന് നേരിട്ട് കർദിനാളാകാൻ നിയോഗമുണ്ടായത് ശ്രീനാരായണ ഗുരുദേവന്റെ കൂടി അനുഗ്രഹമാണെന്ന് തന്നെ അറിയാവുന്നവർ വിശ്വസിക്കുന്നതായി അദ്ദേഹം അറിയിച്ചു.
കർദിനാൾ കൂവക്കാടിന് ആശംസ അറിയിച്ച് മോദി
മാർ ജോർജ് ജേക്കബ് കൂവക്കാടിന്റെ കർദിനാൾ സ്ഥാനലബ്ധിയിൽ ആഹ്ലാദം പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറെ സന്തോഷവും അഭിമാനവും പകരുന്നതാണിത്. താനും സന്തോഷിക്കുന്നു. കർത്താവായ യേശു ക്രിസ്തുവിന്റെ പാതയിലെ അനുയായി എന്ന നിലയിൽ മനുഷ്യരാശിയുടെ സേവനത്തിനായി ജീവിതം ഉഴിഞ്ഞുവച്ചിട്ടുള്ള വ്യക്തിയാണു കർദിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാട്. അദ്ദേഹത്തിന്റെ ഭാവി ഉദ്യമങ്ങൾക്ക് ആശംസകളെന്നും മോദി ഔദ്യോഗിക എക്സ് അക്കൗണ്ടിൽ കുറിച്ചു.
Source link