മലപ്പുറം: താത്കാലിക നിയമനങ്ങളും പുറംകരാർ ജോലികളും തകൃതിയാക്കി സ്ഥിര നിയമനങ്ങൾക്ക് സ്റ്റോപ്പിട്ട് കെ.എസ്.ഇ.ബി. ബോർഡ് പുനഃസംഘടനയെ പ്രതികൂലമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി,ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യുന്നത് നിറുത്തിവയ്ക്കാനുള്ള 2022ലെ കെ.എസ്.ഇ.ബി ചെയർമാന്റെ ഉത്തരവാണ് ഉദ്യോഗാർത്ഥികൾക്ക് ഇരുട്ടടിയായിരിക്കുന്നത്. കമ്പ്യൂട്ടർവത്കരണത്തിന്റെയും സാങ്കേതിക വിദ്യകളുടെയും ഫലമായി ജീവനക്കാരുടെ എണ്ണവും ചെലവും കുറയ്ക്കാനും അധികമായി കണ്ടെത്തുന്നവരെ പുനർവിന്യസിക്കാനും റെഗുലേറ്ററി കമ്മിഷൻ കെ.എസ്.ഇ.ബിക്ക് നിർദ്ദേശം നൽകിയിരുന്നു. തുടർന്ന് മൂന്ന് വർഷം മുമ്പ് തുടക്കമിട്ട ബോർഡ് പുനഃസംഘടനാ നടപടികൾ പൂർത്തിയാക്കി റിപ്പോർട്ട് ഒരുമാസം മുമ്പ് സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്.
നേരത്തെ റെഗുലേറ്ററി കമ്മിഷൻ അംഗീകരിച്ചതിൽ കൂടുതലായിരുന്നു ജീവനക്കാരെങ്കിൽ ഇപ്പോൾ കുറവാണ്. 30,321 ജീവനക്കാരുടെ ശമ്പളച്ചെലവിന് റെഗുലേറ്ററി കമ്മിഷൻ അംഗീകാരം നൽകിയിട്ടുണ്ടെങ്കിലും ഇപ്പോൾ 26,822 ജീവനക്കാരെയുള്ളൂ. ഇതുപ്രകാരമുള്ള 3,499 ഒഴിവുകൾക്കൊപ്പം ഈ വർഷം വിരമിക്കുന്ന 3,000ത്തോളം പേരുടെ ഒഴിവുകൾ ഉൾപ്പെടെ ഏഴായിരത്തോളം അവസരങ്ങളാണ് ഉദ്യോഗാർത്ഥികൾക്ക് നഷ്ടമാകുന്നത്.
ഫീൽഡിൽ ആളില്ല
വർക്കർ,ലൈൻമാൻ,ഓവർസിയർ,സബ് എൻജിനിയർ എന്നീ ഫീൽഡ് തസ്തികകളിൽ 5,194 ജീവനക്കാരുടെ കുറവാണുള്ളത്. 9,635 ലൈൻമാൻമാർ വേണ്ടയിടത്ത് 7,647പേർ മാത്രം. 1,988 പേരുടെ കുറവ്. വർക്കർ വിഭാഗത്തിൽ 5,311 പേർ വേണ്ടയിടത്ത് 3,409 പേരാണുള്ളത്. 1,902 പേരുടെ കുറവ്. 2017നുശേഷം വർക്കർ തസ്തികയിലുള്ള ഒഴിവുകൾ ഇതുവരെ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്തിട്ടില്ല. പകരം കരാർ നിയമനങ്ങളാണ് നൽകുന്നത്. ഓവർസിയർ -740,സബ് എൻജിനിയർ – 564 എന്നീ ഒഴിവുകൾ നികത്താനുണ്ട്. ജീവനക്കാരുടെ സംഘടനകളുടെ പ്രതിഷേധത്തെ തുടർന്ന് അസിസ്റ്റന്റ് എൻജിനിയർ (ഇലക്ട്രിക്കൽ) ഒഴിവുകൾ പി.എസ്.സിക്ക് വിടാമെന്ന് കെ.എസ്.ഇ.ബി അറിയിച്ചിട്ടുണ്ടെങ്കിലും നടപടികൾക്കും വേഗമില്ലാതിരിക്കുകയാണ്.
5,194
ഫീൽഡ് തസ്തികകളിലുള്ള ജീവനക്കാരുടെ കുറവ്
Source link