KERALAM

സംസ്ഥാന സ്കൂൾകലോത്സവം ലോഗോ പ്രകാശനം ചെയ്തു

തിരുവനന്തപുരം: ജനുവരി നാലു മുതൽ എട്ടു വരെ തിരുവനന്തപുരത്ത് നടക്കുന്ന അറുപത്തിമൂന്നാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ ലോഗോ മന്ത്രി വി.ശിവൻകുട്ടി സംഘാടകസമിതി ചെയർമാൻ മന്ത്രി ജി.ആർ. അനിലിന് നൽകി പ്രകാശനം ചെയ്തു. തിരൂർ മീനടത്തൂർ ആഷിയാനയിൽ അസ്‌ലം തിരൂർ രൂപകൽപന ചെയ്ത ലോഗോയാണ് തിരഞ്ഞെടുത്തത്.

25 വേദികളിലായി 249 ഇനങ്ങളിൽ മത്സരങ്ങൾ അരങ്ങേറും. പ്രധാനവേദി സെൻട്രൽ സ്റ്റേഡിയം ആയിരിക്കും. ഭക്ഷണവിതരണം പുത്തരിക്കണ്ടം മൈതാനത്താണ്.
ഭക്ഷണം ഉൾപ്പെടെയുള്ള ടെൻഡർ നടപടികൾ 18 ന് മുൻപ് പൂർത്തിയാക്കും. നഗരത്തിലെ 25 സ്‌കൂളുകളിലായി പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേകം താമസസൗകര്യം ഒരുക്കും. കനകക്കുന്ന് മുതൽ കിഴക്കേകോട്ട വരെയുള്ള നഗരവീഥിയിൽ ദീപാലങ്കാരമൊരുക്കുന്നതിനെക്കുറിച്ചും ആലോചനയുണ്ട്. കുട്ടികളെ വേദികളിലെത്താൻ സഹായിക്കുന്നതിനായി ക്യൂ ആർ കോഡ് സംവിധാനം ഒരുക്കും. സെൻട്രൽ റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ ഹെൽപ് ഡെസ്‌കുകൾ സ്ഥാപിക്കും. സ്വർണ്ണക്കപ്പ് എല്ലാ ജില്ലകളിൽനിന്നും സ്വീകരണം ഏറ്റുവാങ്ങി തലസ്ഥാനത്ത് എത്തുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്‌തതായി മന്ത്രി ശിവൻകുട്ടി അറിയിച്ചു.

ലോഗോ പ്രകാശനച്ചടങ്ങിൽ പൊതുവിദ്യാഭ്യാസവകുപ്പ് ഡയറക്ടർ എസ്. ഷാനവാസ്, മേയർ ആര്യ രാജേന്ദ്രൻ, വി.കെ. പ്രശാന്ത് എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്‌കുമാർ തുടങ്ങിയവർ പങ്കെടുത്തു.


Source link

Related Articles

Back to top button