സബ് ഇൻസ്‌പെക്ടർ അടക്കം 47 തസ്തികയിലേക്ക് വിജ്ഞാപനം
തിരുവനന്തപുരം: പൊലീസ് (കേരള സിവിൽ പൊലീസ്) വകുപ്പിൽ സബ് ഇൻസ്‌പെക്ടർ ഒഫ് പൊലീസ് (ട്രെയിനി),പൊലീസ് (ആംഡ് പൊലീസ് ബറ്റാലിയൻ) വകുപ്പിൽ ആംഡ് പൊലീസ് സബ് ഇൻസ്‌പെക്ടർ (ട്രെയിനി), കാർഷിക വികസന കർഷകക്ഷേമ വകുപ്പിൽ അഗ്രികൾച്ചറൽ ഓഫീസർ, ഭാരതീയ ചികിത്സാ വകുപ്പിൽ മെഡിക്കൽ ഓഫീസർ (നേത്ര), വിവിധ ജില്ലകളിൽ സിവിൽ സപ്ലൈസ് കോർപ്പറേഷനിൽ അസിസ്റ്റന്റ് സെയിൽസ്മാൻ, വനം വന്യജീവി വകുപ്പിൽ ഫോറസ്റ്റ് ഡ്രൈവർ തുടങ്ങി സംസ്ഥാന, ജില്ലാ തലങ്ങളിലേക്ക് ജനറൽ, സ്‌പെഷ്യൽ റിക്രൂട്ട്മെന്റ്, എൻ.സി.എ വിഭാഗങ്ങളിലായി 47 കാറ്റഗറികളിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ ഇന്നലെ ചേർന്ന പി.എസ്.സി യോഗം തീരുമാനിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 29 .
സാദ്ധ്യതാ പട്ടിക
വിവിധ ജില്ലകളിൽ സാമൂഹ്യനീതി/വനിത ശിശു വികസന വകുപ്പിൽ മേട്രൺ ഗ്രേഡ് 1 (കാറ്റഗറി നമ്പർ 722/2022), കൊല്ലം ജില്ലയിൽ പട്ടികവർഗ്ഗവികസന വകുപ്പിൽ കുക്ക് (ധീവര, എൽ.സി./എ.ഐ., മുസ്ലീം) (കാറ്റഗറി നമ്പർ 621/2023, 622/2023, 623/2023) തസ്തികയിലേക്ക് സാദ്ധ്യതാ പട്ടിക പ്രസിദ്ധീകരിക്കും.
ചുരുക്കപ്പട്ടിക
കേരള പബ്ലിക് സർവീസ് കമ്മിഷനിൽ പ്രോഗ്രാമർ (എൽ.സി./എ.ഐ.) (കാറ്റഗറി നമ്പർ 725/2023), മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ റെസ്പിറേറ്ററി ടെക്നിഷ്യൻ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 693/2022),കേരള പൊലീസ് സർവീസിൽ (ഫോറൻസിക് സയൻസ് ലബോറട്ടറി) സയന്റിഫിക് ഓഫീസർ (ഫിസിക്സ്) (കാറ്റഗറി നമ്പർ 636/2023),കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷനിൽ അസിസ്റ്റന്റ് മാനേജർ (ഇന്റേണൽ ഓഡിറ്റ്) (കാറ്റഗറി നമ്പർ 243/2023) തസ്തികയിലേക്ക് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും.
വർഷം തീരാൻ ഇനി ദിവസങ്ങൾ,
കെ.എ.എസ്രണ്ടാം വിജ്ഞാപനമിറങ്ങിയില്ല
സുജിലാൽ.കെ.എസ്
തിരുവനന്തപുരം: മലയാളിയുടെ സിവിൽ സർവീസ് എന്നപേരിൽ ആഘോഷപൂർവം നടപ്പാക്കിയ കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിന്റെ (കെ.എ.എസ് ) ആദ്യവിജ്ഞാപനത്തിനുശേഷം അഞ്ചുവർഷമായിട്ടും രണ്ടാം വിജ്ഞാപനമില്ല. സാമ്പത്തിക പ്രതിസന്ധിയാണ് അടിസ്ഥാനകാരണമെന്നാണ് വിവരം.ഇതോടെ, ഓരോ വർഷവും നൂറിലധികം പേർക്ക് നിയമനം നൽകുമെന്ന വാഗ്ദാനം ജലരേഖയായി.
രണ്ടുവർഷത്തിലൊരിക്കൽ വിജ്ഞാപനം പ്രസിദ്ധീകരിക്കുമെന്നായിരുന്നു കെ.എ.എസ് പ്രഖ്യാപനവേളയിലെ വാഗ്ദാനം. 2019 നവംബർ ഒന്നിനായിരുന്നു ആദ്യ വിജ്ഞാപനം. ആദ്യഘട്ടത്തിൽ 105 പേർക്കല്ലാതെ ഒരാൾക്കുപോലും പിന്നീട് നിയമനം ലഭിച്ചിട്ടില്ല.
കെ.എ.എസ് രണ്ടാം വിജ്ഞാപനം 2023 നവംബറിൽ നടത്തുമെന്നായിരുന്നു ഒടുവിലത്തെ അറിയിപ്പ് .ഇതിനായി മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്ന് ചീഫ് സെക്രട്ടറിതല സമിതിയെ ചുമതലപ്പെടുത്തുകയും ചെയ്തു. എന്നാൽ നടപടികൾ ഒരിടത്തുമെത്തിയില്ല. സർക്കാർ വകുപ്പുകളിൽനിന്ന് ഒഴിവുകൾ കണ്ടെത്താൻ ശ്രമിച്ചിരുന്നെങ്കിലും ജീവനക്കാരുടെ പ്രതിഷേധത്തെ തുടർന്ന് നടന്നില്ല. പൊതുമേഖലാസ്ഥാപനങ്ങളിലെ തസ്തികകൾ കെ.എ.എസ് ഡെപ്യൂട്ടേഷന് പരിഗണിച്ച് ഒഴിവുകൾ കണ്ടെത്താനും സർക്കാർ പരിശ്രമിച്ചിരുന്നു.
Source link