പ്രൊബേഷൻ സമയത്ത് ചെയ്തു കൊടുത്തില്ല, പിന്നെയാണോ ചീഫ് സെക്രട്ടറി ആയാൽ
പ്രൊബേഷൻ കാലത്ത് ട്രെയിനി ആയി വരുന്നത് ഡോ. ജയതിലക് കോഴിക്കോട് കളക്ടർ ആയിരിക്കുന്ന സമയത്തായിരുന്നെന്ന് അദ്ദേഹത്തെ വിമർശിച്ചതിന്റെ പേരിൽ സസ്പെൻഷൻ നേരിടുന്ന എൻ. പ്രശാന്ത് ഐഎഎസ്. ആ സമയത്ത് ഒരുപാട് അനുഭവ സമ്പത്ത് കിട്ടിയിരുന്നു. അതിന് കാരണങ്ങൾ പലതുണ്ട്. അതിൽ നിന്നും ഡോ. ജയതിലക് കുറേ മാറിയിട്ടുണ്ട്, കുറേയൊക്കെ മാറിയിട്ടുമില്ലെന്നും പ്രശാന്ത് പറയുന്നു.
”അന്ന് എനിക്ക് ബുദ്ധിമുട്ടുണ്ടാകുന്ന രീതിയിൽ നേർക്കുനേർ വന്നിട്ടില്ല. പിന്നീട് ഒരുമിച്ച് ജോലി ചെയ്തിട്ടില്ലാത്തതു കൊണ്ടാകാം. പിന്നീട് എസ്സി എസ്ടി ഡിപ്പാർട്ടുമെന്റിൽ പോയി. മന്ത്രി കെ. രാധാകൃഷ്ണൻ ഇലക്ഷന് പോകുന്ന ഗ്യാപ്പിലാണ് അവസ്ഥ കുറച്ച് മോശമായത്. അന്ന് ജയതിലക് സാറിനോട് എന്താണ് പ്രശ്നമെന്ന് നേരിട്ട് ചെന്ന് ഞാൻ ചോദിച്ചിരുന്നു. പ്രൊഫഷണൽ ഈഗോ പേഴ്സണൽ സ്പേസിലേക്ക് കയറുന്നതാണ് പ്രശ്നം. നമ്മുടെ വർക്ക് അറ്റ്മോസ്ഫിയർ മോശമാക്കുന്ന രീതിയിലേക്ക് പോയപ്പോഴാണ് ഞാൻ പ്രതികരിച്ചത്. പിന്നീട് കൃഷി വകുപ്പിലേക്ക് മാറയിപ്പോഴും പിറകെ വന്ന് ഉപദ്രവിക്കാൻ ശ്രമിക്കുകയാണ് ഉണ്ടായത്”. ഒരു വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രശാന്തിന്റെ പ്രതികരണം.
അടുത്ത ചീഫ് സെക്രട്ടറി ഡോ. ജയതിലക് ആകാനാണ് സാദ്ധ്യത. അതിൽ ആശങ്കയുണ്ടോയെന്ന് അവതാരകൻ ചോദിച്ചപ്പോൾ പ്രശാന്തിന്റെ മറുപടി ഇങ്ങനെയായിരുന്നു. ”അങ്ങനൊക്കെ വിചാരിച്ചിരുന്നെങ്കിൽ ഞാൻ മറ്റുള്ളവരെ പോലെ മിണ്ടാതിരിക്കില്ലേ? പണ്ട് പ്രൊബേഷൻ സമയത്ത് ഡോ. ജയതിലക് എന്നോട് ഒരു റിപ്പോർട്ട് ചോദിച്ചിരുന്നു. നെഗറ്റീവ് റിപ്പോർട്ട് കൊടുക്കണമെന്നായിരുന്നു ആവശ്യം. എന്റെ പ്രൊബേഷൻ ഡിക്ളയർ ചെയ്യേണ്ട അദ്ദേഹത്തിന്റെ ആവശ്യം ഞാൻ നിരസിച്ചിരുന്നു. അന്നുപോലും ചെയ്തുകൊടുത്തിട്ടില്ല. അന്ന് ഇല്ലാത്ത പേടി ഇന്ന് വന്നിട്ടില്ല”.
Source link