മുണ്ടക്കയം : കുത്തിറക്കം, കൊടുവളവ്…കണ്ണൊന്ന് തെറ്റിയാൽ വാഹനം താഴേക്ക് പതിക്കും. ജീവൻ തിരിച്ചുകിട്ടിയാൽ ഭാഗ്യം. മുണ്ടക്കയം-കോരുത്തോട്-കുഴിമാവ് ശബരിമല പാതയിൽ അപകടങ്ങൾ പതിവാകുമ്പോഴും സുരക്ഷാസംവിധാനം അകലെയാണ്. ഇന്നലെ പുലർച്ചെ കോസടിയിൽ തീർത്ഥാടക വാഹനം മറിഞ്ഞ് അപകടമുണ്ടായി. കഴിഞ്ഞ വ്യാഴാഴ്ച പനക്കച്ചിറ പഴയ പാലത്തിന് സമീപവും അപകടമുണ്ടായി. ചെന്നൈ സ്വദേശികളായ അഞ്ച് ഭക്തർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വണ്ടൻപതാൽ തേക്കിൻകൂപ്പ് ഭാഗം കഴിഞ്ഞുള്ള പഴയ പനക്കച്ചിറ പാലം ഭാഗത്ത് റോഡിൽ കുത്തിറക്കവും പിന്നീട് വലിയ കയറ്റവുമാണുള്ളത്. അമിതവേഗത്തിൽ വാഹനം ഇറക്കമിറങ്ങിവന്ന് കയറ്റം കയറാൻ തുടങ്ങുമ്പോഴാണ് അപകടം സംഭവിക്കുന്നത്.
റോഡിന്റെ വശങ്ങളിൽ ആവശ്യത്തിന് ക്രാഷ് ബാരിയറില്ലാത്തതാണ് അപകടസാദ്ധ്യത വർദ്ധിപ്പിക്കുന്നത്. മടുക്ക മുതൽ കോസടി വരെയാണ് കൂടുതൽ അപകടഭീഷണി. നിരവധി ജീവനുകളാണ് ഇവിടെ പൊലിഞ്ഞിരിക്കുന്നത്. രാത്രികാലങ്ങളിലും, പുലർച്ചെയുമാണ് അപകടങ്ങളിലേറെയും നടക്കുന്നത്. എന്നിട്ടും മുന്നറിയിപ്പ് ബോർഡ് പോലും സ്ഥാപിക്കാൻ അധികൃതർ തയ്യാറാകുന്നില്ല. കഴിഞ്ഞ വർഷങ്ങളിൽ ഇറക്കം തുടങ്ങുന്ന ഭാഗത്ത് വാഹനങ്ങൾ നിയന്ത്രിക്കാൻ പൊലീസിനെ നിയോഗിച്ചിരുന്നു. ഇക്കുറി അതുമില്ല.
ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന മിനി ബസ് കോസടി ഇറക്കത്തിൽ നിയന്ത്രണം വിട്ട് കൊട്ടാരംകട റോഡിലേക്ക് മറിഞ്ഞ് 15 പേർക്ക് പരിക്കേറ്റു. ദർശനത്തിനായി പോയ തമിഴ്നാട് ഈറോഡ് മാവിട്ടം സ്വദേശികളായിരുന്നു വാഹനത്തിൽ. വാഹനത്തിൽ 17 പേരുണ്ടായിരുന്നു. ഗുരുതരമായ പരിക്കേറ്റ മൂന്നുപേരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും, മറ്റുള്ളവരെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
”അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള തീർത്ഥാടക വാഹനങ്ങളാണ് അപകടത്തിൽപ്പെടുന്നത്. വഴിപരിചയമില്ലാത്തതാണ് ഇതിന് കാരണം. കൊടുംവളവിൽ സുരക്ഷാമുൻകരുതലൊരുക്കാൻ അധികൃതർ തയ്യാറാകണം.
രാജീവ്, പ്രദേശവാസി
Source link