‘നിനക്കൊരു മറുക് വയ്ക്കാമായിരുന്നില്ലേ'? മമ്മൂട്ടിയെ അനുകരിച്ച അജുവിനെ ട്രോളി പിഷാരടിയും കൂട്ടുകാരും

‘നിനക്കൊരു മറുക് വയ്ക്കാമായിരുന്നില്ലേ’? മമ്മൂട്ടിയെ അനുകരിച്ച അജു വർഗീസിനെ ട്രോളി സുഹൃത്തുക്കൾ | Aju Varghese Funny Video | 14 Years of Acting

‘നിനക്കൊരു മറുക് വയ്ക്കാമായിരുന്നില്ലേ’? മമ്മൂട്ടിയെ അനുകരിച്ച അജുവിനെ ട്രോളി പിഷാരടിയും കൂട്ടുകാരും

മനോരമ ലേഖിക

Published: December 09 , 2024 12:28 PM IST

1 minute Read

മമ്മൂട്ടി അനശ്വരമാക്കിയ സീൻ നോക്കി അഭിനയം പരിശീലിക്കാൻ ശ്രമിക്കുന്ന അജു വർഗീസിനെ ട്രോളി സുഹൃത്തുക്കൾ. അഭിനയജീവിതത്തിൽ 14 വർഷം പൂർത്തിയാക്കുന്ന അജുവിന് ആശംസകൾ അറിയിച്ചുകൊണ്ടാണ് രസകരമായ വിഡിയോ സംവിധായകനും തിരക്കഥാകൃത്തുമായ അരുൺ ചന്തു പങ്കുവച്ചത്.  ‘നമ്മൾ ചെയുമ്പോൾ മാത്രം എന്താ ഡാ ശരി ആവാത്തെ?’ എന്ന അടിക്കുറിപ്പിനൊപ്പമായിരുന്നു വിഡിയോ. 
‘കണ്ടു കൊണ്ടേൻ കണ്ടു കൊണ്ടേൻ’ എന്ന സിനിമയിൽ മമ്മൂട്ടിയും ഐശ്വര്യ റായ് ബച്ചനും ഗംഭീരമാക്കിയ സീനാണ് അജു വർഗീസ് പുനഃരാവിഷ്കരിക്കാൻ ശ്രമിച്ചത്. മൊബൈലിൽ നോക്കി മമ്മൂട്ടിയുടെ അഭിനയം അതുപോലെ അനുകരിക്കാൻ ശ്രമിക്കുന്ന അജുവിനെ വിഡിയോയിൽ കാണാം. ഗൗരവത്തോടെ അഭിനയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന അജുവിനെ കണ്ട് ചിരി നിയന്ത്രിക്കാൻ പാടു പെടുകയാണ് സുഹൃത്തുക്കൾ. വായിൽ തുണി തിരുകി ചിരിയുടെ ശബ്ദം പുറത്തു കേൾപ്പിക്കാതെ ഈ രംഗം ചിത്രീകരിക്കുന്നത് നടൻ ഭഗത് മാനുവലാണ്. 

വിഡിയോ പങ്കുവച്ചു കൊണ്ട് അരുൺ ചന്തു കുറിച്ചതിങ്ങനെ: ‘നമ്മൾ ചെയുമ്പോ മാത്രം എന്താഡാ ശെരി ആവാത്തെ?’യുടെ 14 വർഷങ്ങൾ! ഞങ്ങളുടെ ചില പാതിരാ പരിശീലനരംഗങ്ങളിൽ നിന്നുള്ളതാണിത്. മമ്മൂക്കയുടെ ആവർത്തിക്കപ്പെടുന്ന അനശ്വര അഭിനയ മുഹൂർത്തങ്ങൾ നോക്കി അദ്ദേഹത്തിന്റെ മികവിന്റെ ഒരു ശതമാനമെങ്കിലും പിടിച്ചെടുക്കാൻ കഠിനമായി ശ്രമിക്കുകയാണ്. ഓരോ തവണയും കടുത്ത പരാജയത്തിലാണ് അത് അവസാനിക്കാറുള്ളത്. പക്ഷേ, അങ്ങനെയൊരു പരിശ്രമം നടത്തുന്നതിനെയാണല്ലോ വിലമതിക്കേണ്ടത്. പരിശ്രമിക്കുന്നതിലെ സന്തോഷവും പൊട്ടിച്ചിരികളും! ഇതാണ് അജു വർഗീസിന്റെ 14 വർഷങ്ങൾ!. 

വിഡിയോയുടെ കമന്റ് ബോക്സ് നിറയെ അജുവിന്റെ സുഹൃത്തുക്കളുടെയും ആരാധകരുടെയും രസകരമായ പ്രതികരണങ്ങളാണ്. ‘നിനക്കൊരു മറുക് വയ്ക്കാമായിരുന്നില്ലേ’ എന്നാണ് രമേശ് പിഷാരടിയുടെ ‘ആത്മാർഥമായ’ ചോദ്യം. ‘ഒരു ഇമോഷനൽ രംഗത്തെ എങ്ങനെ കോമഡിയാക്കാം എന്ന് തെളിയിച്ച മഹാനെ’ എന്നാണ് ഒരു ആരാധകന്റെ പ്രതികരണം. 

മറ്റൊരു രസകരമായ കമന്റ് ഇങ്ങനെ: “വിരൽ കടിച്ചത് മാറിപ്പോയപ്പോൾ ഉടൻ മറ്റേ കയ്യിലേക്ക് ഫോൺ മാറ്റിപ്പിടിച്ചു അടുത്ത വിരൽ പട്ടി കടിക്കുന്ന പോലെ കടിച്ച ആ സീൻ… ഹൌ… കിഡ്നി ടച്ചിങ്‌ സീൻ ആയിരുന്നു.” 
ചുരുങ്ങിയ സമയം കൊണ്ട് അരുൺ ചന്തുവിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. ഇത്രയും ഹൃദയസ്പർശിയായ സീൻ കണ്ട് ചിരിക്കാൻ അവസരം തന്ന അജുവിനെ അഭിനന്ദിക്കാനും ചിലർ‍ മറന്നില്ല. 

English Summary:
A hilarious video of Aju Varghese attempting to recreate an iconic Mammootty scene from “Kandukondain Kandukondain” has gone viral, leaving fans in stitches

7rmhshc601rd4u1rlqhkve1umi-list 6isr3714dddqfa2bvtb9kska7g mo-entertainment-movie-ajuvarghese mo-entertainment-common-malayalammovienews mo-entertainment-movie-rameshpisharody mo-entertainment-movie-mammootty f3uk329jlig71d4nk9o6qq7b4-list mo-entertainment-common-viralvideo


Source link
Exit mobile version