വയനാട്: വയനാട് ദുരന്തത്തിൽ ഉറ്റവരെയും പിന്നീട് കാറപകടത്തിൽ പ്രതിശ്രുത വരനെയും നഷ്‌ടപ്പെട്ട ശ്രുതി സർക്കാർ ജോലിയിൽ പ്രവേശിച്ചു. ശ്രുതിയുടെ ആവശ്യപ്രകാരം വയനാട് കളക്‌ടറേറ്റിൽ റവന്യു വകുപ്പിൽ ക്ലർക്കായാണ് നിയമനം.
ശ്രുതി ഇപ്പോൾ താമസിക്കുന്ന അംബലേരിയിലെ വീട്ടിൽ നിന്നും ഏറ്റവും അടുത്തുള്ള സർക്കാർ ഓഫീസാണിത്. എഡിഎമ്മിന്റെ ഓഫീസിലാണ് ശ്രുതി എത്തിയത്. നിലവിൽ ശ്രുതിക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ട്. സിപിഎം, സിപിഐ നേതാക്കൾ ശ്രുതിയ്‌ക്കൊപ്പമുണ്ടായിരുന്നു. ഇന്ന് രാവിലെ റവന്യു മന്ത്രി കെ രാജൻ ശ്രുതിയെ വിളിച്ച് അഭിനന്ദനം അറിയിച്ചിരുന്നു. നേരത്തേ കോഴിക്കോട്ടുള്ള ഒരു സ്വകാര്യ ആശുപത്രിയിലാണ് ശ്രുതി ജോലി ചെയ്‌തിരുന്നത്.
ജീവിതത്തിലെ ഏറ്റവും വലിയ തിരിച്ചുവരവിന് ഒപ്പം നിൽക്കുന്ന എല്ലാവർക്കും ശ്രുതി നന്ദി അറിയിച്ചു. മുന്നോട്ടുള്ള ജീവിതത്തിന് കൈത്താങ്ങാണിത്. എല്ലാവരോടും നന്ദി പറയുന്നു. റെസ്റ്റ് പറഞ്ഞിട്ടുണ്ട്. ഒരുപാട് നടക്കാൻ പാടില്ല. എന്തായാലും ജോലിക്ക് വരുമെന്നും ശ്രുതി പറഞ്ഞു.
മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടലിൽ ശ്രുതിക്ക് അച്ഛനെയും അമ്മയെയും സഹോദരിയെയും നഷ്‌ടപ്പെട്ടിരുന്നു. പിന്നീട് ശ്രുതിയുടെ ഉത്തരവാദിത്തം പ്രതിശ്രുത വരനായ ജെൻസണും കുടുംബവും ഏറ്റെടുത്തിരുന്നു. എന്നാൽ, പിന്നീടുണ്ടായ ഒരു വാഹനാപകടത്തിൽ ജെൻസൺ മരിച്ചു. ഒപ്പമുണ്ടായിരുന്ന ശ്രുതി ഗുരുതര പരിക്കുകളോടെ ആശുപത്രിയിലായിരുന്നു. കാലിൽ ശസ്ത്രക്രിയ ഉൾപ്പെടെ നടത്തി. ഇപ്പോൾ ബന്ധുവിന്റെ വീട്ടിലാണ് താമസിക്കുന്നത്. ശ്രുതിക്ക് വീട് വയ്‌ക്കുന്നതിനായി ബോബി ചെമ്മണ്ണൂർ നേരത്തേ പണം കൈമാറിയിരുന്നു.
Source link