പുഷ്പ 2 റിലീസ് തിരക്കിനിടെയുണ്ടായ മരണവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പൊലീസ് അറസ്റ്റു ചെയ്തു മനോരമ ഓൺലൈൻ ന്യൂസ് – Pushpa 2 | Pushpa 2 Arrest | India News | Latest News | Manorama Online
അല്ലു എത്തുമെന്ന് അറിഞ്ഞിട്ടും പൊലീസിനെ അറിയിച്ചില്ല; പുഷ്പ 2 റിലീസിനിടെയുണ്ടായ അപകടത്തിൽ അറസ്റ്റ്
ഓൺലൈൻ ഡെസ്ക്
Published: December 09 , 2024 09:26 AM IST
1 minute Read
അല്ലു അർജുനും ഭാര്യ സ്നേഹ റെഡ്ഡിയും രശ്മിക മന്ദാനയും സന്ധ്യ തിയറ്ററിൽ, തിയറ്ററിന്റെ ഉള്ളിൽ നിന്നുള്ള ദൃശ്യം
ഹൈദരാബാദ്∙ പുഷ്പ 2 റിലീസ് തിരക്കിനിടെയുണ്ടായ മരണവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പൊലീസ് അറസ്റ്റു ചെയ്തു. സന്ധ്യ തിയറ്റർ സ്ഥാപന പങ്കാളി എം.സന്ദീപ്, മാനേജർ എം.നാഗരാജു, ജി. വിജയ് ചന്ദർ എന്നിവരെയാണ് അറസ്റ്റു ചെയ്തത്. സംഭവത്തിൽ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് നടൻ അല്ലു അർജുനെതിരെ കേസെടുത്തിരുന്നു. ഭാരതീയ ന്യായസംഹിതയിലെ കരുതിക്കൂട്ടി ദേഹോപദ്രവമേൽപ്പിച്ചെന്ന വകുപ്പും ചുമത്തി.
നടൻ തിയറ്ററിലെത്തുമെന്ന് തിയറ്റർ മാനേജ്മെന്റിന് അറിയാമായിരുന്നിട്ടും ഇക്കാര്യം പൊലീസിനെ അറിയിച്ചില്ല, ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനു സുരക്ഷാ സംവിധാനങ്ങളോ, നടനും സംഘത്തിനും അകത്ത് പ്രവേശിക്കുന്നതിനും പുറത്തിറങ്ങുന്നതിനും പ്രത്യേകം വഴിയോ തിയറ്റർ മാനേജ്മെന്റ് ഒരുക്കിയിരുന്നില്ലെന്നും പൊലീസ് പറഞ്ഞു.
സിനിമയുടെ റിലീസിന്റെ ഭാഗമായി ആരാധകരുടെ വലിയ നിര ബുധനാഴ്ച രാത്രി തിയറ്ററിനു മുന്നിൽ തടിച്ചുകൂടിയിരുന്നു. അവർക്കിടയിലേക്ക് അപ്രതീക്ഷിതമായാണ് അല്ലു എത്തിയത്. സംവിധായകൻ സുകുമാറും ഒപ്പമുണ്ടായിരുന്നു. തുറന്ന ജീപ്പിൽ ആരാധകരെ അഭിവാദ്യം ചെയ്താണ് താരം എത്തിയത്. താരത്തെ കണ്ടതും ആരാധകരുടെ ആവേശം അതിരുകടന്നു. തുടർന്ന് അല്ലു അർജുന്റെ സുരക്ഷാ ജീവനക്കാർ ജനങ്ങളെ നിയന്ത്രിക്കാൻ ശ്രമിച്ചതോടെ അത് ഉന്തിലും തള്ളിലും കലാശിക്കുകയായിരുന്നു.
പൊലീസിനും ജനക്കൂട്ടത്തെ നിയന്ത്രിക്കാനായില്ല. ഇതോടെ പൊലീസ് ലാത്തി വീശി. തുടർന്നുണ്ടായ സംഘർഷത്തിലായിരുന്നു അപകടം. ദിൽസുഖ്നഗറിലെ രേവതി എന്ന യുവതിയാണ് മരിച്ചത്. ഭർത്താവ് ഭാസ്കറിനും മക്കൾക്കുമൊപ്പം സിനിമ കാണാൻ എത്തിയതായിരുന്നു. പരുക്കേറ്റ ഇവരുടെ മകൻ ശ്രീതേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
രേവതിയുടെ മരണത്തെ തുടർന്ന് ഭർത്താവ് ഭാസ്കർ തിയറ്റർ മാനേജ്മെന്റിനെതിരെയും അല്ലു അർജുന്റെ സുരക്ഷാ സംഘത്തിനെതിരെയും പൊലീസിൽ പരാതി നൽകിയിരുന്നു. സംഭവത്തിൽ സിനിമ നിർമാതാക്കാളായ മൈത്രി മൂവി മേക്കേഴ്സ് ഖേദം പ്രകടിപ്പിച്ചു. തിക്കിലും തിരക്കിലും പെട്ട രേവതിയുടെ കുടുംബത്തിന് സാധ്യമായ പിന്തുണ നൽകുമെന്നും മൈത്രി മൂവീസ് അറിയിച്ചിട്ടുണ്ട്.
English Summary:
Pushpa 2 Release : Tragedy strikes Pushpa 2 release as a fan dies in a stampede during Allu Arjun’s surprise appearance in Hyderabad. Police arrest three, investigate security lapses.
mo-news-common-latestnews mo-news-national-states-andhrapradesh-hyderabad mo-movie-pushpa-2 5us8tqa2nb7vtrak5adp6dt14p-list 39c6auaakr7l4lpvkhghcatj3t 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews
Source link