ന്യൂഡൽഹിയുടെ ബജറ്റ് 30 ലക്ഷം; തമിഴ്നാട്ടിൽ നിന്നു മാത്രം 10 ലക്ഷം ലാഭം; മമ്മൂട്ടിയെ തിരിച്ചു തന്ന ‘ന്യൂഡൽഹി’


ഡൽഹി യാത്ര കഴിഞ്ഞു തിരിച്ചെത്തി ഏതാനും ദിവസം കഴിഞ്ഞപ്പോൾ ഡെന്നിസ് ജോസഫ് ഒരു സിനിമയുടെ ത്രെഡ് പറഞ്ഞു.  ഒരു പത്രപ്രവർത്തകൻ തന്റെ എതിരാളികളെ വകവരുത്തി വാർത്ത സൃഷ്ടിക്കുന്നതായിരുന്നു കഥാതന്തു. ആശയം എല്ലാവർക്കും ഇഷ്ടപ്പെട്ടതോടെ  ഡെന്നിസിനെയും ഗാനരചയിതാവ് ഷിബു ചക്രവർത്തിയേയും കൂടി തിരുവനന്തപുരത്ത് കോവളത്തെ സമുദ്ര ഹോട്ടലിൽ താമസിപ്പിച്ചു തിരക്കഥ എഴുതാനുള്ള ഏർപ്പാട് ചെയ്തു. 
നായകനായി മമ്മൂട്ടിയെ അഭിനയിപ്പിക്കാം എന്നായിരുന്നു എന്റെ അഭിപ്രായം. മമ്മൂട്ടി ആ സമയത്ത് തുടരെ പരാജയം ഏറ്റുവാങ്ങി മോശം അവസ്ഥയിലായിരുന്നു.  അടുത്തടുത്ത് റിലീസായ സിനിമകൾ പരാജയപ്പെട്ടപ്പോൾ സിനിമ ഉപേക്ഷിച്ചു പോകുകയാണെന്നുവരെ മമ്മൂട്ടി തീരുമാനിച്ചിരുന്നു. മമ്മൂട്ടിയുടെ ഈ അവസ്ഥയെക്കുറിച്ചു ഞാനും ജോഷിയും ഡെന്നിസും കൂടി സംസാരിക്കുന്നുണ്ടായിരുന്നു. മമ്മൂട്ടി സിനിമകളുടെ വിജയത്തിലൂടെയാണ് എന്റെ ജീവിതത്തിലും ഉയർച്ചകളുണ്ടായിട്ടുളളത്. മമ്മൂട്ടിക്കൊരു വിഷമഘട്ടം വന്നപ്പോൾ ഇട്ടെറിഞ്ഞു പോകുന്നതു ശരിയല്ലെന്ന് എനിക്കു തോന്നി. അതു കൊണ്ട് ഈ അവസ്ഥയാണെങ്കിൽപ്പോലും മമ്മൂട്ടിയെ വച്ച് ഈ ഒരു സിനിമ കൂടി നിർമിക്കാം എന്നു തന്നെ ഞാൻ തീരുമാനിച്ചു. അങ്ങനെ ന്യൂഡൽഹി എന്ന ചിത്രം തുടങ്ങി. 

1987 ജനുവരിയിലാണ് ഞങ്ങൾ ഷൂട്ടിങ്ങിനായി ഡൽഹിയിലെത്തുന്നത്. രാജീവ് ഗാന്ധിയാണ് അന്നു പ്രധാനമന്ത്രി. ഖലിസ്ഥാൻ വിഘടനവാദികളുടെ ഭീഷണി ഉള്ളതിനാൽ ഡൽഹിയിൽ എല്ലായിടത്തും കനത്ത സുരക്ഷയും പരിശോധനയും ഉണ്ടായിരുന്നു. പാർലമെന്ററികാര്യ മന്ത്രിയായിരുന്ന  എം.എം.ജേക്കബ് സാർ വഴിയാണ് ഷൂട്ടിങ്ങിനുള്ള കുറെ അനുമതികൾ നേടിയെടുത്തത്. രാജീവ് ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറി ആയിരുന്ന വി.ജോർജും നന്നായി സഹായിച്ചു. പലയിടത്തും ഷൂട്ട് ചെയ്തെങ്കിലും തിഹാർ ജയിലിൽ ഷൂട്ട് ചെയ്യാനുളള അനുമതി കിട്ടിയില്ല. തിഹാർ ജയിലിന്റെ പുറം ഭാഗമായി ചിത്രീകരിച്ചത് ഒരു ശവകുടീരത്തിന്റെ മുൻവശമാണ്. മമ്മൂട്ടി ജയിലിൽനിന്ന് ഇറങ്ങുന്ന സീനുകളും മറ്റും ചിത്രീകരിച്ചത് അവിടെയാണ്. അകം ഭാഗങ്ങൾ ചിത്രീകരിച്ചത് പൂജപ്പുര സെൻട്രൽ ജയിലിൽ വച്ചാണ്. 

മമ്മൂട്ടിയും സുമലതയും ‘ന്യൂഡൽഹി’ സിനിമയിൽ

ന്യൂഡൽഹിയുടെ കഥ ആദ്യം ചർച്ച ചെയ്യുമ്പോൾ നായികാ വേഷത്തിനു വലിയ പ്രാധാന്യമില്ലായിരുന്നു. പിന്നീടാണു സുമലത ചെയ്ത മരിയ ഫെർണാണ്ടസ് എന്ന കഥാപാത്രം വരുന്നത്. ആ കഥാപാത്രത്തിന്റെ വരവ് വളരെ നന്നായി. കാരണം ക്ലൈമാക്സിൽ മരിയാ ഫെർണാണ്ടസാണ് ശങ്കർ എന്ന വില്ലനെ വെടിവച്ചു കൊല്ലുന്നത്.  ജി.കെ പിടിക്കപ്പെട്ടല്ലോ എന്ന ടെൻഷനിൽ പ്രേക്ഷകർ ആകാംക്ഷയുടെ മുൾമുനയിൽ നിൽക്കുമ്പോഴാണ് അപ്രതീക്ഷിതമായി വെടിയുതിരുന്നത്. ആ ഒറ്റ ഷോട്ടിൽ ആളുകൾ എഴുന്നേറ്റു നിന്നാണ് കൈ അടിച്ചത്. 

ന്യൂഡൽഹിക്കും സെൻസർ ബോർഡിൽ നിന്നും പ്രതിസന്ധിയുണ്ടായിരുന്നു. സിനിമയിൽ ക്രൂരത കൂടുന്നു എന്നായിരുന്നു അവരുടെ അഭിപ്രായം. മമ്മൂട്ടിയുടെ കാൽ തല്ലിയൊടിക്കുന്ന രംഗങ്ങളൊക്കെ കണ്ടാൽ ജനങ്ങൾ ബോധം കെട്ടുവീഴുമെന്നാണ് അന്ന് സെൻസർ ബോർഡിലുള്ളവർ പറഞ്ഞത്. ഞങ്ങൾ സിനിമ റിവൈസിങ് കമ്മിറ്റിക്ക് അയയ്ക്കാൻ തീരുമാനിച്ചു. ബോംബെയിലാണ് റിവൈസിങ് കമ്മിറ്റിയുടെ ഓഫിസ്. പി.ഭാസ്കരൻ മാഷായിരുന്നു ചെയർമാൻ. സിനിമ കണ്ടു മാഷിനു വളരെ ഇഷ്ടപ്പെട്ടു റിലീസ് ചെയ്യാൻ അനുമതി നൽകി. 

ജോഷി

അങ്ങനെ 1987 ജൂലൈ 17ന്  സിനിമ റിലീസ് ചെയ്തു. 

അഭിനയം മതിയാക്കി സിനിമാ രംഗം വിടാനിരുന്ന മമ്മൂട്ടിയെ തിരിച്ചു കൊണ്ടു വന്നത് ഈ സിനിമയാണ്. ന്യൂഡൽഹി എന്ന സിനിമ, എല്ലായിടത്തും വലിയ ചർച്ചയായി മാറി. അന്നത്തെ കാലത്ത് പതിനഞ്ചോ, പതിനാറോ ലക്ഷം രൂപ കൊണ്ട് ഒരു സിനിമ തീരുമായിരുന്നെങ്കിൽ ന്യൂഡൽഹിക്കു മുപ്പത് ലക്ഷം രൂപയിലധികം ചിലവായിട്ടുണ്ട്. തമിഴ്നാട്ടിൽ നിന്നു തന്നെ പത്തുലക്ഷം രൂപയുടെ ലാഭം കിട്ടിയിരുന്നു. ചെന്നൈയിലെ സഫയർ തിയറ്ററിൽ മാത്രം 125 ദിവസം ചിത്രം പ്രദർശിപ്പിച്ചു. 
കല്യാണി ഫിലിംസിന്റെ ഉടമയായ സുധാകര റെഡ്ഡിക്കായിരുന്നു ന്യൂഡൽഹിയുടെ തെലുങ്ക്, കന്നഡ, ഹിന്ദി റൈറ്റ്സ് കൊടുത്തത്. അദ്ദേഹം അതു മൂന്നു ഭാഷകളിലും റീമേക്ക് ചെയ്തു. കന്നഡയിൽ അംബരീഷും, തെലുങ്കിൽ കൃഷ്ണം രാജുവും ഹിന്ദിയിൽ ജിതേന്ദ്രയുമാണ് നായകവേഷം ചെയ്തത്. കേരളത്തിൽ കിട്ടിയതു പോലെ ഒരു വിജയം ഈ മൂന്നു ഭാഷകളിലും കിട്ടിയിരുന്നില്ല. അതിനൊരു പ്രധാന കാരണം  മമ്മൂട്ടിയുടെ അഭിനയ മികവാണ്. നിറക്കൂട്ടും, ന്യൂഡൽഹിയുമൊക്കെ റീമേക്ക് ചെയ്തപ്പോൾ കന്നഡയിലെയും തെലുങ്കിലെയും,  നായകന്മരായ വിഷ്ണുവർദ്ധനും, കൃഷ്ണം രാജുവുമൊക്കെ എന്നോടു മനസ്സു തുറന്നു പറഞ്ഞിട്ടുണ്ട്, നിങ്ങളുടെ മമ്മൂട്ടിയെപ്പോലെ അഭിനയിക്കാൻ കഴിയില്ലെന്ന്. 

രജനികാന്തിന്റെ ആഗ്രഹം 
അന്നെനിക്കു രജനികാന്തുമായി നല്ല പരിചയവും, അടുപ്പവും ഉണ്ടായിരുന്നു. ന്യൂഡൽഹി കണ്ട  രജനികാന്ത് ഹിന്ദിയിൽ അതു റീമേക്ക് ചെയ്തു അഭിനയിക്കാമെന്നു ഇങ്ങോട്ടു പറഞ്ഞു. തമിഴിൽ ചെയ്യാനായിരുന്നു എനിക്ക് താൽപര്യം. തമിഴിൽ തനിക്കു  പറ്റിയ സബ്ജക്ട് അല്ല അതെന്നായിരുന്നു രജനിയുടെ പക്ഷം.  ഇവിടെയുളള ആളുകൾക്ക് എല്ലാം ഞാൻ തന്നെ ചെയ്യണം. ഞാൻ തന്നെ പോയി ഇടിച്ചും, അടിച്ചും കാര്യങ്ങൾ നേരെയാക്കി കൊണ്ടുവരണം. ന്യൂഡൽഹിയിൽ മമ്മൂട്ടി ആളുകളെ വിട്ട് ചെയ്യിക്കുന്നതാണ്. അതു തന്റെ ആരാധകർക്ക് ഇഷ്ടപ്പെടില്ലെന്നാണ് രജനി പറഞ്ഞത്.  ഞാൻ ഇക്കാര്യം നവോദയ അപ്പച്ചനോട് പറഞ്ഞു. മൈ ഡിയർ കുട്ടിച്ചാത്തൻ എന്ന ത്രീഡി സിനിമ ഹിന്ദിയിലെടുത്ത പരിചയമൊക്കെ അപ്പച്ചനുണ്ടായിരുന്നതു കൊണ്ടാണ് അങ്ങനെ ചെയ്തത്. വേണ്ടാത്ത പണിക്കൊന്നും പോകേണ്ടന്നായിരുന്നു അപ്പച്ചൻ പറഞ്ഞത്. ഹിന്ദി റീമേക്കിന് റൈറ്റ്സ് കൊടുത്ത് ഉളള കാശ് വാങ്ങിയാൽ അതായിരിക്കും നല്ലതെന്നും അപ്പച്ചൻ പറഞ്ഞപ്പോൾ ആ വക പൊല്ലാപ്പിനൊന്നും പോകേണ്ടതില്ലെന്നു ഞാനും കരുതി. 

ന്യൂഡൽഹി എന്ന സിനിമ വലിയ ഹിറ്റായി മാറിയപ്പോൾ അതിനു ശേഷമെടുക്കുന്ന സിനിമ ഏതായിരിക്കണം, എന്തായിരിക്കണം എന്ന കാര്യത്തിൽ ഓരാശങ്കയുണ്ടായിരുന്നു.  താരങ്ങൾ, സംവിധായകൻ, നല്ല കഥ… എല്ലാം ഒത്തു വരണം… ഒരു നല്ല കൂട്ടായ്മയിൽ വേണം അടുത്ത സിനിമയും നിർമിക്കാനെന്നു ഞാൻ തീരുമാനിച്ചിരുന്നു. ഡെന്നിസ് ജോസഫിനെ സംവിധായകനായി അവതരിപ്പിക്കാനും തീരുമാനിച്ചു. 
അങ്ങിനെ ഡെന്നിസ് പുതിയ ഒരു കഥ കൂടി എഴുതി. ഒരു സിനിമാനടി  നായികയായി വരുന്ന കഥ. നായികയായി സുമലതയേയും നായകനായി മമ്മൂട്ടിയേയും തീരുമാനിച്ചു. ഒരു ഫൊട്ടോഗ്രഫറും നടിയും തമ്മിലുളള ബന്ധം, അവരുടെ പ്രണയം… ആ പ്രണയത്തിനിടയിലുണ്ടാകുന്ന ചില പ്രശ്നങ്ങൾ കാരണം ഇരുവരും തെറ്റിപ്പിരിയുന്നു. വെൺമേഘ ഹംസങ്ങൾ എന്ന് സിനിമയ്ക്ക് പേരുമിട്ടു. ക്ലൈമാക്സിൽ ഒരു സിനിമാനടൻ വരുന്നുണ്ട്. ആ നടനാണ് നായകനെയും നായികയേയും ഒടുവിൽ ഒരുമിപ്പിക്കുന്നത്. അഞ്ചോ, ആറോ സീനുകളിൽ വരുന്ന ആ നടൻ ആരായിരിക്കണമെന്ന് ഞങ്ങൾ ആലോചിച്ചപ്പോൾ രജനികാന്തിനെ വിളിക്കാം എന്നു തോന്നി.  രജനിയുമായി ചർച്ച ചെയ്തപ്പോൾ അദ്ദേഹത്തിനും സമ്മതം.
അങ്ങനെ ഷൂട്ടിങ് തുടങ്ങി. നാലു ദിവസം ഷൂട്ട് ചെയ്തു കഴിഞ്ഞപ്പോൾ മൊത്തത്തിൽ എന്തോ ഒരു നെഗറ്റീവ് ചിന്ത തോന്നിത്തുടങ്ങി. മമ്മൂട്ടിയും, സുമലതയും ഒരുമിച്ചുളള കുറച്ചു സീനുകൾ ഷൂട്ട് ചെയ്തിരുന്നു. വിദേശത്തും ഷൂട്ട് ചെയ്യാനുണ്ട്. അതിനു വേണ്ടി ദുബായിലൊക്കെ പോയി ഞങ്ങൾ ലൊക്കേഷൻ കാണുകയുമുണ്ടായി. പക്ഷേ ഈ സിനിമയുമായി മുന്നോട്ടു പോകാൻ ഡെന്നിസ് ജോസഫിനും എന്തോ പന്തികേട് തോന്നി. ഈ സിനിമ നമുക്ക് ഇവിടെ വച്ച് നിർത്തിയാലോയെന്നു ഡെന്നിസ് എന്നോട് ഒരു ദിവസം ചോദിച്ചു. ഞാനും അതിന് തയാറാകുകയായിരുന്നു. എന്തായാലും നാലുദിവസത്തെ ഷൂട്ടിങ് കഴിഞ്ഞപ്പോൾ വെൺമേഘ ഹംസങ്ങൾ നിർത്തിവച്ചു. ആ സിനിമ പിന്നെ പൂർണമായും ഉപേക്ഷിച്ചു. 
അവസാനിച്ചു


Source link
Exit mobile version