ശില്പ നിർമ്മാണം ഷാജഹാന് ജീവിതം

തിരുവനന്തപുരം: ശില്പകലയോട് പതിമൂന്ന് വയസിൽ തുടങ്ങിയ അഭിനിവേശം 68-ാം വയസിലും കെടാതെ സൂക്ഷിക്കുകയാണ് ഷാജഹാൻ. ചന്ദനമടക്കം വിവിധയിനം തടികളിൽ ചെറുതും വലുതുമായ മൂവായിരത്തിലധികം ശില്പങ്ങൾ കൊത്തിയെടുത്തു. ഒൻപത് വർഷം മുൻപ് രക്താദിസമ്മർദ്ദം കാരണം ശരീരത്തിന് സ്വാധീനക്കുറവുണ്ടായെങ്കിലും തന്റെ ജീവനായ കൈത്തൊഴിൽ അദ്ദേഹം ഉപേക്ഷിച്ചില്ല. കേന്ദ്ര സർക്കാരിന്റെ മികച്ച ശില്‌പിക്കുള്ള ദേശീയ അവാർഡ് അടക്കം രണ്ടു പുരസ്‌കാരങ്ങൾ നേടി. കൈകൾ നന്നായി വഴങ്ങുന്നില്ലെങ്കിലും ധ്യാന നിമഗ്നനായ ശ്രീനാരായണ ഗുരുദേവന്റെ മൂന്ന് ശില്പങ്ങൾ അടുത്തിടെ നിർമ്മിച്ചു. അതിലൊരെണ്ണം ശിവഗിരിക്ക് നൽകി.

പേട്ട സ്വദേശിയായ ഷാജഹാൻ വീട്ടിലെ ബുദ്ധിമുട്ടുകൾ കാരണം ആറാം ക്‌ളാസിൽ പഠനം ഉപേക്ഷിച്ച് ജോലി അന്വേഷിക്കുമ്പോഴാണ് ശിൽപനിർമാണ വിദ്യയെപ്പറ്രി പറഞ്ഞറിഞ്ഞത്. ചന്ദനത്തടിയിലും ആനക്കൊമ്പിലും ശില്പങ്ങൾ നിർമ്മിച്ചിരുന്ന ഗുരുക്കന്മാരിൽ നിന്നും ശില്പവിദ്യ പഠിച്ചെടുത്തു. മൂന്ന് മാസം പരിശീലിച്ചപ്പോഴാണ് ആദ്യമായി 50 പൈസ കൂലിയായി ലഭിച്ചത്. പിന്നീട് സ്വന്തമായി ശില്പനിർമ്മാണ രംഗത്തെത്തി. ഷാജഹാൻ നിർമ്മിച്ചതിലേറെയും ശ്രീകൃഷ്ണ ശില്പങ്ങളാണ്. നാല് കൈകളുള്ള ശ്രീകൃഷ്ണന്റെ അഞ്ചടി പൊക്കമുള്ള ശില്പത്തിനാണ് ദേശീയ അവാർഡ് ലഭിച്ചത്. 2013ൽ അന്നത്തെ രാഷ്ട്രപതി പ്രണബ് മുഖർജിയിൽ നിന്നാണ് ഈ അവാർഡ് ഏറ്റുവാങ്ങിയത്. 22 ലക്ഷം രൂപയ്ക്കാണ് ഈ ശില്പം വിറ്റുപോയത്. തമിഴ്നാട് സർക്കാരിന്റെ പുരസ്കാരവും ലഭിച്ചു.

രാഷ്ട്രപതിയുടെ ശില്പഗുരു അവാർഡിനായി സമർപ്പിച്ച ‘ഗീതോപദേശം” പ്രമേയമായ ശില്പവും ഏറെ കൗതുകമുള്ളതാണ്. മൂന്നുവർഷം കൊണ്ടാണ് ഈ ശില്പം പൂർത്തിയാക്കിയത്. ഈട്ടിയും തേക്കുമുപയോഗിച്ചാണ് നിർമ്മിച്ചത്. നാലടി നീളവും മൂന്നടി ഉയരവുമുള്ള ശില്പത്തിൽ നൂറിലധികം മനുഷ്യ, മൃഗ രൂപങ്ങളാണ് കൊത്തിയിട്ടുള്ളത്. മണക്കാട് തോട്ടത്ത് താമസിക്കുന്ന ഷാജഹാന് കൈത്താങ്ങായി ഭാര്യ രമണിയും മകൾ രേവതിയും ഒപ്പമുണ്ട്.


Source link
Exit mobile version