KERALAM

‘ജീവിതത്തിൽ ഇന്നുവരെ നവീൻ ബാബുവിനോട് സംസാരിച്ചിട്ടില്ല’; പി വി അൻവറിന്റെ ആരോപണം തള്ളി പി ശശി

തിരുവനന്തപുരം: കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ നിലമ്പൂർ എംഎൽഎ പി വി അൻവർ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി. വസ്തുതയുമായി യാതൊരു ബന്ധവുമില്ലാത്ത, നുണകള്‍ പറഞ്ഞുമാത്രം നിലനില്‍ക്കേണ്ട ഗതികേടില്‍ നിലമ്പൂര്‍ എംഎല്‍എ അന്‍വര്‍ ചെന്നെത്തിയിരിക്കുന്നു എന്നതിന്റെ തെളിവാണ് ഇന്നത്തെ പ്രസ്താവന എന്നാണ് പി ശശി ഫേസ്‌ബുക്കിലൂടെ വിമർശിച്ചത്.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം

വസ്തുതയുമായി യാതൊരു ബന്ധവുമില്ലാത്ത, നുണകള്‍ പറഞ്ഞുമാത്രം നിലനില്‍ക്കേണ്ട ഗതികേടില്‍ നിലമ്പൂര്‍ എംഎല്‍എ അന്‍വര്‍ ചെന്നെത്തിയിരിക്കുന്നു എന്നതിന്റെ തെളിവാണ് ഇന്നത്തെ പ്രസ്താവന.

കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവുമായി ജീവിതത്തില്‍ ഇന്നേവരെ എന്തെങ്കിലും കാര്യത്തിന് ബന്ധപ്പെടാനോ സംസാരിക്കാനോ ഉള്ള സാഹചര്യം എനിക്ക് ഉണ്ടായിട്ടില്ല. ഒരു തരത്തിലും എനിക്ക് ഒരു ബന്ധവുമില്ലാത്ത നവീന്‍ ബാബുവുമായി ബന്ധപ്പെടുത്തി എംഎല്‍എ പറഞ്ഞത് നുണകളും ദുരാരോപണങ്ങളുമാണ്. പൊതുസമൂഹത്തില്‍ അപമാനിക്കുവാന്‍ ശ്രമിച്ചതിന് ഇദ്ദേഹത്തിനെതിരെ നിയമനടപടി സ്വീകരിക്കും. ഇതിനകം നടത്തിയ അപമാനകരമായ നുണപ്രചാരണങ്ങള്‍ക്കെതിരെ രണ്ട് കേസുകള്‍ കോടതിയില്‍ ഫയല്‍ ചെയ്തിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയുടെ ദുരൂഹ ഇടപാടുകൾ കണ്ണൂർ എഡിഎം നവീൻ ബാബുവിന് അറിയാമായിരുന്നു എന്നാണ് ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പി വി അൻവർ ആരോപിച്ചത്. പി ശശിയുടെ സമ്മർദ്ദത്തെക്കുറിച്ച് നവീൻ കുടുംബത്തെ അറിയിച്ചിരുന്നു. ശശിയുടെ ഇടപെടൽ കാരണം ജോലി ചെയ്യാൻ നവീൻ ബാബുവിന് ബുദ്ധിമുട്ടുണ്ടായിരുന്നു. ഹൈക്കോടതിയിലെ കേസിൽ കക്ഷി ചേരും. ശശിയുടെ പങ്ക് അന്വേഷിക്കണമെന്ന് കോടതിയോട് ആവശ്യപ്പെടുമെന്നും വാർത്താസമ്മേളനത്തിൽ പി വി അൻവർ വ്യക്തമാക്കിയിരുന്നു.


Source link

Related Articles

Back to top button