കാസർകോട്: കാഞ്ഞങ്ങാട് നഴ്സിംഗ് വിദ്യാർത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ പ്രതിഷേധം തുടരുന്നു. മൻസൂർ ആശുപത്രിയിലെ മൂന്നാം വർഷ നഴ്സിംഗ് വിദ്യാർത്ഥി ചൈതന്യയാണ് കഴിഞ്ഞ ദിവസം രാത്രി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഹോസ്റ്റൽ വാർഡന്റെ മാനസിക പീഡനം മൂലമാണ് പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് വിദ്യാർത്ഥികളുടെ ആരോപണം. വിദ്യാർത്ഥി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
വാർഡനെതിരെ ഗുരുതര ആരോപണങ്ങളാണ് വിദ്യാർത്ഥികൾ ഉന്നയിക്കുന്നത്. ചൈതന്യ സുഖമില്ലാതെയിരുന്നപ്പോൾ ഭക്ഷണം കൊടുക്കാൻ പോലും വാർഡൻ തയ്യാറായില്ല. വയ്യാതിരുന്നിട്ടും മാനസികപീഡനം തുടർന്നു. ഇത് താങ്ങാൻ വയ്യാതെയാണ് ചൈതന്യ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സംഭവം കഴിഞ്ഞ് 24 മണിക്കൂർ കഴിഞ്ഞിട്ടും ചൈതന്യയെ കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല. മാനേജ്മെന്റ് വിവരങ്ങൾ അറിയിച്ചിട്ടില്ല. ഫോൺ സംവിധാനം ഇവിടെയില്ല. രക്തസമ്മർദ്ദം കുറയുന്ന ഉൾപ്പടെ അസുഖമുള്ള ചൈതന്യയെ വാർഡൻ മാനസികമായി പീഡിപ്പിക്കുന്നത് തുടരുകയായിരുന്നുവെന്നും സുഹൃത്തുക്കൾ പറയുന്നു. അതേസമയം, പരീക്ഷാസമ്മർദ്ദം കാരണമാണ് ചൈതന്യ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന ആരോപണം തെറ്റാണെന്നും വിദ്യാർത്ഥികൾ പറയുന്നു.
Source link