വെഞ്ഞാറമൂട്: മഞ്ഞുമാസം തുടങ്ങി, ഒപ്പം ഓറഞ്ചുകളുടെ കാലവും. കിലോയ്ക്ക് 100 രൂപവരെയായിരുന്ന ഓറഞ്ച് സീസൺ തുടങ്ങിയതോടെ 100 രൂപയ്ക്ക് മൂന്ന് കിലോ വരെ കിട്ടും. മദ്ധ്യപ്രദേശ്, ഹിമാചൽ, ഊട്ടി എന്നിവിടങ്ങളിൽ നിന്നും മധുരമുള്ള ഓറഞ്ചുകളാണ് വിപണിയിൽ എത്തുന്നത്.
ഇതോടെ വഴിയോരങ്ങളും കടകളിലും ഓറഞ്ചുകളുടെ വൻ നിരതന്നെ കാണാം. ഇവിടെ മൂന്നാറിലും, നെല്ലിയാമ്പതിയിലും ഓറഞ്ച് ഉത്പാദിപ്പിക്കുന്നുണ്ടങ്കിലും രുചിയിൽ വ്യത്യാസമുണ്ട്. ഉത്പാദന സ്ഥലങ്ങളിൽ സീസൺ ആയതോടെ കിലോയ്ക്ക് 10 രൂപ മുതൽ പതിനഞ്ച് രൂപ വരെയാണ് വില. നേന്ത്രപ്പഴം ഉൾപ്പെടെ എല്ലാ പഴവർഗങ്ങൾക്കും വില കൂടിനിൽക്കുന്ന സാഹചര്യത്തിൽ ഓറഞ്ചിന് വിലകുറഞ്ഞത് സാധാരണക്കാർക്ക് ആശ്വാസമാണ്.
ഓറഞ്ച് ആള് കേമനാണ്
വഴിയോരങ്ങളിൽ യാത്രക്കാരുടെ ദാഹമകറ്റാൻ ഓറഞ്ച് ജ്യൂസും ഇപ്പോൾ സുലഭമാണ്. അത്യാവശ്യം ദാഹം മാറ്റാൻ കഴിവുള്ള ഈ വീരൻ ശരീരത്തിന് ആവശ്യമായ വിറ്റാമിൻ സി ഏറെ അടങ്ങിയിട്ടുണ്ട്. നാരുകൾ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ ഓറഞ്ചിന് കൊളസ്‌ട്രോൾ നിയന്ത്രിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനുമുള്ള കഴിവുണ്ട്. പ്രതിരോധശക്തി മെച്ചപ്പെടുത്താനും വിളർച്ച തടയാനും മികച്ചതാണ് ഓറഞ്ച്.
Source link