തൂക്കിലേറ്റപ്പെട്ടത് പതിനായിരങ്ങള്‍; അസദ് വീണതോടെ ‘അറവുശാലകളില്‍’ നിന്ന് തടവുകാര്‍ക്ക് മോചനമായി
ദമാസ്കസ്: അസദ് ഭരണത്തിനെതിരേ പതിമ്മൂന്ന് കൊല്ലം മുമ്പാരംഭിച്ച പ്രതിഷേധത്തിന് പരിസമാപ്തിയായിരിക്കുന്നുവെന്ന് പറയാം. രണ്ട് പതിറ്റാണ്ടിലേറെയായി ഏകാധിപത്യഭരണം തുടര്‍ന്നുവന്നിരുന്ന പ്രസിഡന്റ് ബഷര്‍ അല്‍ അസദ് കൊട്ടാരവും ഭരണവും ഉപേക്ഷിച്ച് രാജ്യം വിട്ടതിന് പിന്നാലെ രാജ്യമെങ്ങും ആഘോഷപ്രകടനങ്ങള്‍ നടക്കുകയാണ്. അസദ് ഭരണത്തിന് അന്ത്യം കുറിച്ച വിമതര്‍ ആദ്യം ചെയ്തത് സര്‍ക്കാര്‍ ജയിലുകളില്‍ കഴിയുന്ന തടവുകാരെ മോചിപ്പിക്കുകയായിരുന്നു. ദമാസ്കസ്, ഹമ, ആലെപ്പൊ എന്നിവടങ്ങളിലെ ജയിലുകളില്‍ വര്‍ഷങ്ങളായി തടങ്കലില്‍ കഴിയുന്നവരെല്ലാം മോചിതരായി എന്നാണ് റിപ്പോര്‍ട്ട്. ഈ ജയിലുകളില്‍ ദമാസ്കസിലെ സെയ്ദ്നയ ജയില്‍ ഏറെ കുപ്രസിദ്ധമാണ്. ‘മനുഷ്യ അറവുശാല’ എന്ന അപരനാമത്തിലാണ് ദമാസ്കസ് ജയില്‍ അറിയപ്പെടുന്നതുതന്നെ. യു.കെ. ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിറിയന്‍ ഒബ്സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് 2021ല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം സിറിയന്‍ ഭരണകൂടത്തിന്‍കീഴില്‍ ജയിലുകളില്‍ ഒരുലക്ഷത്തിലധികം പേര്‍ക്ക് ജീവഹാനിയുണ്ടായി. വധശിക്ഷയ്ക്ക് വിധേയരാകുകയോ മറ്റേതെങ്കിലും വിധത്തില്‍ മരിക്കുകയോ ചെയ്തവരുടെ കണക്കാണിത്. ഇതില്‍ 30,000 ത്തിലധികം പേര് ദമാസ്കസിലെ ജയിലില്‍ മാത്രം മരിച്ചു. സിറിയയില്‍ മനുഷ്യാവകാശലംഘനങ്ങള്‍ നടക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനെ തുടര്‍ന്നാണ് 2006 ല്‍ സിറിയന്‍ ഒബ്സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് സ്ഥാപിതമായത്. മനുഷ്യവകാശവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്രസ്ഥാപനമായ ആംനെസ്റ്റി ഇന്റര്‍നാഷണല്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത് 2011 മുതല്‍ ദമാസ്കസിലെ ജയിലില്‍ കൊലപാതകം, പീഡനം, നിര്‍ബന്ധിത പലായനം, തെളിവുപോലും അവശേഷിപ്പിക്കാതെയുള്ള അപ്രത്യക്ഷമാകല്‍ എന്നിവയെല്ലാം നടന്നുവരുന്നുവെന്നാണ്. പൊതുജനത്തിന് നേര്‍ക്കുള്ള ഇത്തരം അതിക്രമങ്ങള്‍ ഭരണകൂടത്തിന്റെ നയമാണെന്നും കണ്ടെത്തിയിരുന്നു. ദമാസ്കസ് ജയിലിലെ ക്രൂരതകള്‍ മനുഷ്യത്വത്തിനെതിരേയുള്ള കുറ്റകൃത്യങ്ങളാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു.
Source link