KERALAM

അഭിമാനചാരുതയിൽ കർദ്ദിനാളായി മാർ ജോർജ് കൂവക്കാട്ട്

കോട്ടയം: രാജ്യത്തിനാകെ ആനന്ദം, അഭിമാനം, ഭാരത സഭയ്ക്കുള്ള ആദരം. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ നടന്ന പ്രാർത്ഥനാനിർഭരമായ ചടങ്ങിൽ ആർച്ച് ബിഷപ്പ് മാർ ജോർജ് ജേക്കബ് കൂവക്കാട്ട് കർദ്ദിനാളായി അഭിഷിക്തനായി. ചങ്ങനാശേരി അതിരൂപതാംഗമായ മാർ ജോർജ് കൂവക്കാട്ടുൾപ്പെടെ 21 പേരെയാണ് മാർപാപ്പ കർദ്ദിനാൾ പദവിയിലേക്ക് ഉയർത്തിയത്. വിവിധ രാജ്യങ്ങളിൽനിന്നുള്ള കർദ്ദിനാൾമാർ, ആർച്ച് ബിഷപ്പുമാർ, ബിഷപ്പുമാർ, വൈദികർ, സന്യസ്തർ തുടങ്ങി ആയിരക്കണക്കിന് വിശ്വാസസമൂഹത്തിന്റെ സാന്നിദ്ധ്യത്തിലായിരുന്നു ശുശ്രൂഷാചടങ്ങുകൾ.

ഇന്നലെ രാത്രി ഇന്ത്യൻ സമയം 8.30ഓടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്. കൺസിസ്റ്ററി എന്ന പേരിലുള്ള ഒന്നരമണിക്കൂർ നീണ്ട ചടങ്ങ് തുടങ്ങിയത് പ്രദക്ഷിണത്തിനു ശേഷം മാർപാപ്പയുടെ അഭിവാദനത്തോടെയാണ്. നന്ദി സന്ദേശവും പ്രാർത്ഥനയും സുവിശേഷ പ്രഘോഷണവും കഴിഞ്ഞ് കർദ്ദിനാൾമാരുടെ സത്യപ്രതിജ്ഞയ്ക്കുശേഷം മാർപാപ്പ സ്ഥാനികചിഹ്നങ്ങൾ നൽകി വാഴിച്ചു. ചുവന്ന തൊപ്പിയും അതിനോടുചേർന്ന് അർത്ഥഗോളാകൃതിയിലുള്ള മറ്റൊരു ചെറിയ തൊപ്പിയും വിരലിൽ മോതിരവും അണിയിച്ചു. ഓരോ കർദ്ദിനാളിനുമുള്ള സ്ഥാനികദേവാലയത്തിന്റെ നിയമനപത്രവും നൽകി. അവരെല്ലാം മാർപാപ്പയുടെ ആശ്ളേഷവും ഏറ്റുവാങ്ങിയതോടെ ചരിത്രനിമിഷത്തിന് സമാപനമായി.

തിരുകർമ്മങ്ങൾക്ക് അവസാനം നവകർദ്ദിനാൾമാർ മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി. ഇന്നു രാവിലെ വത്തിക്കാൻ സമയം 9.30 ന് മാതാവിന്റെ അമലോദ്ഭവ തിരുനാളിന്റെ ഭാഗമായ ദിവ്യബലിക്ക് മാർപാപ്പയോടൊപ്പം നവകർദ്ദിനാൾമാരും സിറോമലബാർ സഭയിൽ നിന്ന് പ്രത്യേക ക്ഷണം ലഭിച്ച വൈദികരും സഹകാർമ്മികരാകും. വൈകിട്ട് സാന്ത അനസ് താസിയ സിറോമലബാർ ബസിലിക്കയിൽ കർദ്ദിനാൾ ജോർജ് കൂവാക്കാട്ടിന്റെ കാർമികത്വത്തിൽ മലയാളത്തിൽ കൃതജ്ഞതാ ബലിയർപ്പണവും തുടർന്ന് സ്വീകരണ സമ്മേളനവും നടക്കും.

 ചരിത്രനിമിഷത്തിൽ മാതാപിതാക്കളും

ചരിത്രനിമിഷത്തിന് സാക്ഷിയാകാൻ കർദ്ദിനാൾ ജോർജ് കൂവക്കാട്ടിന്റെ മാതാപിതാക്കളായ ജേക്കബ് – ലീലാമ്മ,​ സഹോദരൻ ആന്റണി, കുടുംബാംഗങ്ങൾ എന്നിവർ എത്തിയിരുന്നു. കേന്ദ്രസർക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രി ജോർജ് കുര്യന്റെ നേതൃത്വത്തിലുള്ള ഏഴംഗസംഘവും ശുശ്രൂഷകളിൽ പങ്കെടുത്തു. സിറോമലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ, കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി, ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ, ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം, മാർ തോമസ് പാടിയത്ത്, മാർ സ്റ്റീഫൻ ചിറപ്പണത്ത് ഉൾപ്പെടെയുള്ളവർ തിരുക്കർമ്മങ്ങളിൽ സന്നിഹിതരായിരുന്നു. മാർ കൂവക്കാട്ടിന്റെ ജന്മസ്ഥലമായ ചങ്ങനാശേരി മാമ്മൂട്ടിൽ മധുരംവിതരണം ചെയ്ത് വിശ്വാസികൾ ആഘോഷമാക്കി. വലിയ എൽ.ഇ.ഡി സ്ക്രീനിൽ സ്ഥാനാരോഹണച്ചടങ്ങുകളും പ്രദർശിപ്പിച്ചു.


Source link

Related Articles

Back to top button