നവതിനിറവിൽ ശാരദാമ്മ, ഇ.കെ.നായനാരുടെ ഓർമ്മ പങ്കിട്ട് നേതാക്കൾ

മുൻമുഖ്യമന്ത്രി ഇ.കെ. നായനാരുടെ പത്നി ശാരദ ടീച്ചറിന്റെ നവതി ആഘോഷത്തിന്റെ ഭാഗമായി കേക്ക് മുറിക്കുന്ന ടീച്ചർക്കൊപ്പം കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കും സി.പി.എം. കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.. ജയരാജനൃം ചേർന്നപ്പോൾ.. സമീപം സ്പീക്കർ എ. എൻ. ഷംസീർ, മുൻമന്ത്രി എം.വിജയകുമാർ, ബി.ജെ.പി. നേതാവ് സി.കെ. പത്മനാഭൻ, മുൻമന്ത്രി ഷിബു ബേബി ജോൺ, മുന്‍ എം.എൽ.എ. ടി.വി. രാജേഷ്, ശാരദ ടീച്ചറുടെ കുടുംബാംഗങ്ങള്‍ സമീപം.

കണ്ണൂർ: രാഷ്ട്രീയഭേദമില്ലാതെ ചുറ്റും കൂടിയവരുടെ സ്‌നേഹം ശാരദ ടീച്ചർക്ക് പിറന്നാൾ കേക്കിന്റെ നിറമധുരമായി. എല്ലാവരെയും സ്നേഹിക്കുകയും ചിരിപ്പിക്കുകയും ചെയ്ത ഇ.കെ. നായനാരുടെ ധർമ്മപത്‌നി ശാരദയ്ക്ക് നവതി ആഘോഷമായിരുന്നു ഇന്നലെ. നമ്മുടെ മുഖ്യമന്ത്രിയായിരുന്ന നായനാരുടെ ഓർമ്മകളുമായി കുടുംബത്തിലെ നാലു തലമുറകൾ ചടങ്ങിൽ സന്നിഹിതരായിരുന്നു.

കണ്ണൂർ ധർമ്മശാലയിലെ പാർത്ഥാസ് കൺവെൻഷൻ സെന്ററിലാണ് വിപുലമായ ആഘോഷം നടന്നത്. കേന്ദ്രമന്ത്രി സുരേഷ് ഗോപി, സ്പീക്കർ എ.എൻ. ഷംസീർ, മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, സി.പി.എം കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇ.പി. ജയരാജൻ, പി.കെ. ശ്രീമതി, കോൺഗ്രസ് നേതാക്കളായ വി.എം. സുധീരൻ, അഡ്വ. മാർട്ടിൻ ജോർജ്, മുൻമന്ത്രി എം.വിജയകുമാർ,ബി.ജെ.പി നേതാവ് സി.കെ. പത്മനാഭൻ, ആർ.എസ്.പി നേതാവ് ഷിബു ബേബി ജോൺ, കെ.പി. മോഹനൻ എം.എൽ.എ,​ സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ, എം.വി. നികേഷ് കുമാർ തുടങ്ങിയവർ ആശംസകളറിയിച്ചു. നായനാർക്കും ശാരദ ടീച്ചർക്കുമൊപ്പമുള്ള പഴയകാല ഓർമ്മകൾ നേതാക്കൾ പങ്കുവച്ചു. എല്ലാവരെയും രാഷ്ട്രീയ ഭേദമെന്യേ സ്‌നേഹിക്കുന്ന വ്യക്തിയാണെന്നും നായനാരുടെ ഓർമ്മകൾ നിലനിറുത്തിക്കൊണ്ട് മക്കളും കൊച്ചുമക്കളും ജീവിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും ശാരദ ടീച്ചർ പറഞ്ഞു. സുരേഷ് ഗോപി വന്നതിലൊന്നും ആരും രാഷ്ട്രീയം കാണരുതെന്നും ടീച്ചർ കൂട്ടിച്ചേർത്തു.

ഞാൻ മൂത്തമകൻ: സുരേഷ് ഗോപി


ലോകത്തുള്ള എല്ലാ മക്കളുടെയും അമ്മരത്‌നമാണ് ശാരദാമ്മയെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു. കുടുംബ സമേതമാണ് സുരേഷ് ഗോപി എത്തിയത്. താൻ ഈ വേദിയിൽ നില്‍ക്കുന്നത് രാഷ്ട്രീയ പ്രവർത്തകനോ, മന്ത്രിയോ, സിനിമാനടനോ ആയിട്ടല്ല, ശാരദാമ്മയുടെ മൂത്ത മകനായിട്ടാണെന്ന് സുരേഷ് ഗോപി പറഞ്ഞു.
എന്റെ അച്ഛനാണ് എനിക്ക് ഏറ്റവും പരിചയമുള്ള അച്ഛൻ. അച്ഛൻ എങ്ങനെ ആയിരുന്നവോ, അതുപോലെയായിരുന്നു സഖാവ് നായനാർ. “ഒരുപാട് പേരുടെ, സ്വന്തവും ബന്ധവും അല്ലാത്ത നിരവധിപേരുടെ അമ്മയായി വർത്തിച്ചുവെന്നതാണ് ഈ അമ്മയുടെ സവിശേഷത. അതിന്റെ ഏറ്റവും വലിയ ഉദാഹരണം ഞാൻ തന്നെയാണ്.”
കല്യാശേരിയിലെ വിട്ടീലെത്തിയാൽ ഇതുപോലെ ഒന്നുവാരിപ്പുണർന്ന് അനുഗ്രഹം വാങ്ങുമെന്ന് ശാരദ ടീച്ചറെ ചേർത്തുപിടിച്ച് സുരേഷ് ഗോപി പറഞ്ഞു. ഈ അമ്മയെ ഞാനിങ്ങ് എടുക്കുവാ, എന്നുപറയാതെ എടുത്ത മകനാണ് ഞാൻ. അത് കൃഷ്ണകുമാറും സഹോദരങ്ങളും അംഗീകരിച്ച കാര്യവുമാണെന്നും സുരേഷ് ഗോപി പറഞ്ഞു. കൃഷ്ണകുമാറും സഹോദരങ്ങളായ ഉഷ, സുധ,വിനോദ് എന്നിവരും പേരക്കുട്ടികളടക്കമുള്ള കുടുംബാംഗങ്ങളും നവതി ആഘോഷത്തിന് നേതൃത്വം നല്‍കി.


Source link
Exit mobile version