ഐ.എ.എസ് മത ഗ്രൂപ്പ്: കെ.ഗോപാലകൃഷ്ണനെതിരേ കേസെടുക്കാൻ പ്രയാസം
തിരുവനന്തപുരം: ഹിന്ദു, മുസ്ലിം ഐ.എ.എസ് ഉദ്യോഗസ്ഥരുടെ വാട്സാപ്പ് ഗ്രൂപ്പ് രൂപീകരിച്ച സംഭവത്തിൽ സസ്പെൻഷനിലായ വ്യവസായ വകുപ്പ് ഡയറക്ടർ കെ. ഗോപാലകൃഷ്ണനെതിരേ കേസെടുത്തേക്കില്ല. കൊല്ലം ഡി.സി.
സി ജനറൽ സെക്രട്ടറി ഫൈസൽ കുളപ്പാടത്തിന്റെ പരാതിയിൽ സിറ്റി പൊലീസ് കമ്മിഷണർ ജി.സ്പർജ്ജൻകുമാർ പ്രോസിക്യൂഷൻ ഡെപ്യൂട്ടി ഡയറക്ടറോട് നിയമോപദേശം തേടിയിരുന്നു. വാട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചതല്ലാതെ സന്ദേശങ്ങൾ കൈമാറിയിട്ടില്ല. ഗ്രൂപ്പ് രൂപീകരിച്ചതിന്റെ ഉദ്ദേശ്യവും വ്യക്തമല്ല. അതിനാൽ കേസെടുക്കാനാവില്ലെന്നാണ് പൊലീസ് നിലപാട്. നിയമോപദേശം ലഭിച്ചശേഷം അന്തിമതീരുമാനമുണ്ടാവും. ഐ.എ.എസ് ഉദ്യോഗസ്ഥർക്കിടയിൽ ഗോപാലകൃഷ്ണൻ വേർതിരിവ് ഉണ്ടാക്കാനും ഐക്യം തകർക്കാനും ലക്ഷ്യമിട്ടാണ് ഗ്രൂപ്പുണ്ടാക്കിയതെന്ന് സസ്പെൻഷൻ ഉത്തരവിലുണ്ട്. ഇത് വകുപ്പുതല നടപടിയുടെ ഭാഗം മാത്രമാണെന്നാണ് പൊലീസ് വിലയിരുത്തുന്നത്. വാട്സ്ആപ് ഗ്രൂപ്പിൽ ഉൾപ്പെട്ടവരോ സർക്കാരോ പരാതി നൽകിയിട്ടില്ല. മുസ്ലിം ഉദ്യോഗസ്ഥരുടെ വാട്സ്ആപ് ഗ്രൂപ്പിൽ തന്നെ ചേർത്തതായി കൃഷിവകുപ്പ് ഡയറക്ടർ അദീല അബ്ദുള്ള പൊലീസിനെ അറിയിച്ചിരുന്നെങ്കിലും ഇതൊരു പരാതിയല്ലെന്ന് അദീല വ്യക്തമാക്കിയിരുന്നു.
എന്നാൽ, തന്റെ ഫോൺ ഹാക്ക് ചെയ്താണ് ഗ്രൂപ്പുണ്ടാക്കിയതെന്ന ഗോപാലകൃഷ്ണന്റെ പരാതി വ്യാജമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.പൊലീസിനു വ്യാജപരാതി നൽകുന്നത് 6 മാസം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. അതിന്മേൽ കേസെടുക്കാവുന്നതുമാണ്. ഫോണിലെ വിവരങ്ങൾ ഫോർമാറ്റ് ചെയ്ത് നീക്കിയതിനാൽ ഗ്രൂപ്പുണ്ടാക്കിയത് ഗോപാലകൃഷ്ണനാണോയെന്ന് തെളിയിക്കാൻ പ്രയാസമാണെന്നും പൊലീസ് പറയുന്നു.
Source link