KERALAM

ഹിന്ദു വാട്‌സാപ്പ് ഗ്രൂപ്പ് ; കെ ഗോപാലകൃഷ്ണനെതിരെ പ്രാഥമിക അന്വേഷണം നടത്താൻ പൊലീസ്

തിരുവനന്തപുരം: ഹിന്ദു, മുസ്ലിം ഐ.എ.എസ് ഉദ്യോഗസ്ഥരുടെ വാട്സാപ്പ് ഗ്രൂപ്പ് രൂപീകരിച്ച സംഭവത്തിൽ സസ്‌പെൻഷനിലായ വ്യവസായ വകുപ്പ് ഡയറക്ടർ കെ. ഗോപാലകൃഷ്ണനെതിരേ പൊലീസ് അന്വേഷണം. തിരുവനന്തപുരം സിറ്റി നാർകോട്ടിക് സെൽ അസി.കമ്മിഷണർ അജി ചന്ദ്രനാണ് പ്രാഥമിക അന്വേഷണം നടത്തുക. രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണം. ഇതിന്റെ അടിസ്ഥാനത്തിലാവും കേസെടുക്കുക.

ഗോപാലകൃഷ്ണനെതിരെ കേസെടുക്കാമെന്ന് പൊലീസിനു നിയമോപദേശം ലഭിച്ചിരുന്നു. ഐഎഎസ് ഉദ്യോഗസ്ഥരെ മതാടിസ്ഥാനത്തിൽ വേർതിരിച്ചുണ്ടാക്കിയ വാട്സാപ് ഗ്രൂപ്പ് ഭിന്നിപ്പുണ്ടാക്കാനും ഐക്യം തകർക്കാനും മതസ്പർദ്ധ വളർത്താനും വഴിയൊരുക്കുന്നതാണെന്നു ജില്ലാ ഗവ.പ്ലീഡർ നിയമോപദേശത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. കൊല്ലം ഡി.സി.സി ജനറൽ സെക്രട്ടറി ഫൈസൽ കുളപ്പാടത്തിന്റെ പരാതിയിലാണ് സിറ്റി പൊലീസ് കമ്മിഷണർ ജി.സ്പർജ്ജൻകുമാർ നിയമോപദേശം തേടിയത്. എന്നാൽ കേസെടുക്കുന്നതിനെ ഐ.എ.എസ് ഉദ്യോഗസ്ഥർ എതിർക്കുന്നതിനാലാണ് പ്രാഥമിക അന്വേഷണത്തിന് തീരുമാനിച്ചത്.


വാട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചതല്ലാതെ സന്ദേശങ്ങൾ കൈമാറിയിട്ടില്ല. ഗ്രൂപ്പ് രൂപീകരിച്ചതിന്റെ ഉദ്ദേശ്യവും വ്യക്തമല്ല. അതിനാൽ കേസെടുക്കാനാവില്ലെന്നാണ് ഐ.എ.എസുകാരുടെ നിലപാട്. ഐ.എ.എസ് ഉദ്യോഗസ്ഥർക്കിടയിൽ ഗോപാലകൃഷ്ണൻ വേർതിരിവ് ഉണ്ടാക്കാനും ഐക്യം തകർക്കാനും ലക്ഷ്യമിട്ടാണ് ഗ്രൂപ്പുണ്ടാക്കിയതെന്ന് ചീഫ്‌സെക്രട്ടറിയുടെ സസ്‌പെൻഷൻ ഉത്തരവിലുണ്ടായിരുന്നു. തന്റെ ഫോൺ ഹാക്ക് ചെയ്താണ് ഗ്രൂപ്പുണ്ടാക്കിയതെന്ന ഗോപാലകൃഷ്ണന്റെ പരാതി വ്യാജമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.


Source link

Related Articles

Back to top button